മൂല്യവര്‍ദ്ധിത നികുതി ഇനിയും വര്‍ധിപ്പിക്കണമെന്ന് സൗദിയോട് അന്താരാഷ്ട്ര നാണ്യനിധി

മൂല്യവര്‍ദ്ധിത നികുതി ഇനിയും വര്‍ധിപ്പിക്കണമെന്ന് സൗദിയോട് അന്താരാഷ്ട്ര നാണ്യനിധി

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ രാജ്യത്ത് പ്രകടമായിത്തുടങ്ങി

റിയാദ്: രാജ്യത്തെ മൂല്യവര്‍ദ്ധിത നികുതി(വാറ്റ്) വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സൗദി അറേബ്യയോട് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്). ജിസിസി രാഷ്ട്രങ്ങളുമായി ആലോചിച്ച് നിലവിലെ അഞ്ച് ശതമാനത്തില്‍ നിന്നും ആഗോള നിലവാരത്തിലേക്ക് വാറ്റ് ഉയര്‍ത്തുന്ന കാര്യം സൗദി ആലോചിക്കണമെന്ന് രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഐഎംഎഫ് നിര്‍ദ്ദേശിച്ചു.

ഇതുവരെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങള്‍ സൗദിയില്‍ കണ്ടുതുടങ്ങിയതായും ഐഎംഎഫ് വ്യക്തമാക്കി. രാജ്യത്തെ എണ്ണേതര മേഖലയില്‍ വളര്‍ച്ച ദൃശ്യമായിത്തുടങ്ങി, തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു, തൊഴിലവസരങ്ങള്‍ വര്‍ധിച്ചു. മൂല്യവര്‍ദ്ധിത നികുതി സംവിധാനം വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചത് എണ്ണേതര മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ ഐഎംഎഫ് ചൂണ്ടിക്കാട്ടി. ഇന്ധന വില പരിഷ്‌കാരങ്ങള്‍ പെട്രോള്‍, വൈദ്യുതി എന്നിവയുടെ ആളോഹരി ഉപഭോഗം കുറയ്ക്കാന്‍ ഇടയാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത് മൂലം ഉണ്ടാകാനിടയുള്ള വിലവര്‍ധനവ് കണക്കിലെടുത്ത് വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെങ്ങും സാമ്പത്തിക സുതാര്യത വര്‍ധിച്ചതായും ഐഎംഎഫ് നിരീക്ഷിച്ചു.

മൂലധന വിപണികള്‍, നിയമവ്യവസ്ഥ, ബിസിനസ് അന്തരീക്ഷം എന്നീ രംഗങ്ങള്‍ പുരോഗതിയുടെ പാതയിലാണെങ്കിലും അവിടെ ഇപ്പോഴും വെല്ലുവിളികള്‍ നിലനില്‍ക്കുന്നതായി ഐഎംഎഫ് അഭിപ്രായപ്പെട്ടു. വളര്‍ച്ച ലക്ഷ്യമാക്കി സര്‍ക്കാരിന്റെ പണം ചിലവഴിക്കല്‍ വര്‍ധിച്ചു. പക്ഷേ എണ്ണവില കുറയ്ക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ മധ്യകാല സാമ്പത്തിക ദൗര്‍ബല്യത്തിന് കാരണമാകുന്നുവെന്നും പ്രവാസി തൊഴിലാളികളും ആശ്രിതരും രാജ്യത്ത് നിന്നും പുറത്തുപോകുന്ന സാഹചര്യം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇത്തരം ദൗര്‍ബല്യങ്ങള്‍ കുറയ്ക്കുന്നതിനായി സാമ്പത്തിക ഏകീകരണം ആവശ്യമാണ്. സമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലയ്ക്കിപ്പോഴും നിര്‍ണായക സ്വാധീനമുണ്ട്. രാജ്യത്തെ തൊഴില്ലായ്മാ നിരക്കും വളരെ അധികമാണ്. സര്‍ക്കാരിന്റെ പരിഷ്‌കാര പദ്ധതിയില്‍ തൊഴില്‍ സൃഷ്ടിക്കലായിരുന്നു പ്രധാന വെല്ലുവിളിയായി വിലയിരുത്തപ്പെട്ടത്. വൈവിധ്യമാര്‍ന്ന, ഉല്‍പാദനക്ഷവും മത്സരാത്മകവുമായ സമ്പദ്‌വ്യവസ്ഥ രാജ്യത്ത് ഉണ്ടാകണമെങ്കില്‍ സ്വകാര്യമേഖലയിലെ തൊഴിലുകള്‍ക്കായി സൗദി പൗരന്മാരെ പാകപ്പെടുത്തിയെടുക്കുന്ന പരിഷ്‌കാരങ്ങള്‍ ഉണ്ടാകണം. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ വളരണം. വളര്‍ച്ചയുടെ പാതയിലുള്ള പുതുതലമുറ കമ്പനികളെ പിന്തുണയ്ക്കുന്ന ധനസഹായങ്ങള്‍ വര്‍ധിക്കണം. ഐഎംഎഫ് നിരീക്ഷിച്ചു.

2018ല്‍ രാജ്യത്തെ സാമ്പത്തിക പരിതസ്ഥിതികള്‍ വളരെ മെച്ചപ്പെട്ടതായും ഐഎംഎഫ് കണ്ടെത്തി. 2017ലെ സാമ്പത്തിക ഞെരുക്കത്തിന് ശേഷം ജിഡിപിയില്‍ 2.2 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ഇന്ധന മേഖലയില്‍ നിന്നുള്ള ജിഡിപിയില്‍ 2.8 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി(2017ല്‍ ഇത് 3.1 ശതമാനം താഴ്ന്നിരുന്നു). എണ്ണേതര മേഖലയില്‍ നിന്നുള്ള ജിഡിപിയില്‍ 2.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. എണ്ണേതര മേഖലയുടെ വളര്‍ച്ച ഈ വര്‍ഷം ഇനിയും മെച്ചപ്പെടുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടല്‍. ഈ മേഖലയില്‍ നിന്നുള്ള ജിഡിപിയില്‍ വരുംമാസങ്ങളില്‍ 2.9 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകും. കഴിഞ്ഞ മാസങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ശുഭ സൂചനകളും ഈ വര്‍ഷം തുടക്കം മുതലുള്ള എണ്ണവില വര്‍ധനവും സൗദിയുടെ സാമ്പത്തിക പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നതാണ്.

2018ല്‍ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം മിച്ച ബജറ്റിനിടയിലും 2019ല്‍ ധനക്കമ്മി ജിഡിപിയുടെ 7 ശതമാനമായി ഉയരാനിടയുണ്ടെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു. ബജറ്റില്‍ പ്രതീക്ഷിക്കുന്നതിനേക്കാളും കുറഞ്ഞ നിലവാരത്തിലേക്ക് ഇന്ധനവില എത്തുന്ന സാഹചര്യമുണ്ടായാല്‍ സാമ്പത്തിക കമ്മി വര്‍ധിക്കും. ഇതൊഴിവാക്കാന്‍ സര്‍ക്കാര്‍ ചിലവിടല്‍ കുറയ്‌ക്കേണ്ടി വരും.

സ്വകാര്യ മേഖലയില്‍ സൗദി പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള തൊഴില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടതും ആവശ്യമാണ്. ഭാവിയില്‍ പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കാനിടയില്ലെന്നും അതിനാല്‍ കുറഞ്ഞ വേതനത്തിലുള്ള സ്വകാര്യമേഖല തൊഴിലുകള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നുമുള്ള സൂചനകള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കണം. വിദ്യാഭ്യാസം, പരിശീലനം, തൊഴില്‍ നൈപുണ്യ വികസന മേഖലകളെ ശക്തിപ്പെടുത്തി സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ക്ക് യോഗ്യതയുള്ളവരായി വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കണം. അതേസമയം വിസ പരിഷ്‌കാരങ്ങളിലൂടെ പ്രവാസികളുടെ സാമ്പത്തിക പങ്കാളിത്തം വര്‍ധിപ്പിക്കുകയും വേണമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയിലെ വനിതാ പ്രാതിനിധ്യത്തിന് യാതൊരു തടസവുമുണ്ടാകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഐഎംഎഫ് നിര്‍ദ്ദേശിച്ചു.

Comments

comments

Categories: Arabia

Related Articles