നാല് ഐടി കമ്പനികളുടെ നിയമനം എട്ട് വര്‍ഷത്തെ ഉയരത്തില്‍

നാല് ഐടി കമ്പനികളുടെ നിയമനം എട്ട് വര്‍ഷത്തെ ഉയരത്തില്‍
  • 78,500 പേരെയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും വിപ്രോയും എച്ച്‌സിഎല്‍ ടെക്‌നോളജീസും ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിക്രൂട്ട് ചെയ്തത്
  • 2017-2018ല്‍ ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ ഐടി മേഖല മതിയായ നൈപുണ്യ ശേഷിയില്ലാത്ത ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെങ്കിലും ശരിയായ രീതിയില്‍ നൈപുണ്യ വൈദഗ്ധ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തിരക്കിലാണ് ഐടി കമ്പനികള്‍. ഇത് ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനികളുടെ നിയമന പ്രവര്‍ത്തനങ്ങളില്‍ കാണാനാകുന്നുണ്ട്.

രാജ്യത്തെ നാല് പ്രമുഖ ഐടി കമ്പനികളിലെ നിയമനങ്ങള്‍ എട്ട് വര്‍ഷത്തെ ഉയരത്തിലെത്തിയതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. 78,500 പേരെയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഇന്‍ഫോസിസും വിപ്രോയും എച്ച്‌സിഎല്‍ ടെക്‌നോളജീസും ചേര്‍ന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിക്രൂട്ട് ചെയ്തത്. ഇതിനുമുന്‍പുള്ള സാമ്പത്തിക വര്‍ഷം ഐടി കമ്പനികളുടെ നിയമനങ്ങളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

2011-2012 സാത്തിക വര്‍ഷത്തിലാണ് ടിസിഎസിന്റെയും ഇന്‍ഫോസിസിന്റെയും വിപ്രോയുടെയും എച്ച്‌സിഎല്ലിന്റെയും നിയമനങ്ങളില്‍ അവസാനമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്. 81,722 ജീവനക്കാരെയാണ് അന്ന് ഈ കമ്പനികള്‍ റിക്രൂട്ട് ചെയ്തത്. 2012-2013 മുതല്‍ 2017-2018 സാമ്പത്തിക വര്‍ഷം വരെയുള്ള ഓരോ വര്‍ഷവും നിയമനങ്ങള്‍ 70,000ല്‍ താഴെയായിരുന്നു.

ഭാവി ആവശ്യകതയില്‍ ഐടി കമ്പനികള്‍ക്കുള്ള ആത്മവിശ്വാസത്തെയാണ് ഈ നിയമന പ്രവണത സൂചിപ്പിക്കുന്നത്. നടപ്പുവര്‍ഷം മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 9.6 ലക്ഷം ജീവനക്കാരാണ് നാല് കമ്പനികള്‍ക്കും മൊത്തമായുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനികളുടെ ജീവനക്കാരുടെ എണ്ണത്തില്‍ 8.9 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

9.6 ലക്ഷം ജീവനക്കാരില്‍ 44 ശതമാനം പങ്കാളിത്തം ടിസിഎസിന്റേതാണ്. ഇന്‍ഫോസിസിന്റേത് 23.7 ശതമാനമാണ്. 14.3 ശതമാനം ജീവനക്കാര്‍ എച്ച്‌സിഎല്‍ ടെക്കിന്റെയും 17.8 ശതമാനം ജീവനക്കാര്‍ വിപ്രോയുടേതുമാണ്. ഇതാദ്യമായാണ് റിക്രൂട്ട്‌മെന്റില്‍ വിപ്രോ എച്ച്‌സിഎല്ലിനെ പിന്നിലാക്കുന്നത്. 8,632 മില്യണ്‍ ഡോളറാണ് എച്ച്‌സിഎല്ലിന്റെ വാര്‍ഷിക വരുമാനം. കമ്പനികളുടെ മൊത്തം വരുമാനത്തില്‍ 17.4 ശതമാനം പങ്കാളിത്തമാണ് എച്ച്‌സിഎല്ലിനുള്ളത്. 8,189 മില്യണ്‍ ഡോളര്‍ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപ്രോ രേഖപ്പെടുത്തിയത്. നാല് കമ്പനികളുടെ മൊത്തം വരുമാനം 49,534 മില്യണ്‍ ഡോളറിലധികമാണ്. ഇതില്‍ 16.5 ശതമാനമാണ് വിപ്രോയുടെ വിഹിതം.

Comments

comments

Categories: Business & Economy
Tags: IT companies