ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 7% വളര്‍ച്ച: ഐഡിസി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 7% വളര്‍ച്ച: ഐഡിസി

32.1 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയാണ് ആദ്യ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മൊത്തം 32.1 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കമാണ് ആദ്യ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ പുതിയ ഇ-കൊമേഴ്‌സ് നയം അവതരിപ്പിച്ചെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ 19.6 ശതമാനം വാര്‍ഷിക വളര്‍ച്ച ആദ്യ പാദത്തില്‍ കൈവരിച്ചിട്ടുണ്ട്. ഷഓമി വിപണിയില്‍ നേതൃസ്ഥാനം നിലിനിര്‍ത്തി. 8.1 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഷഓമിയുടെ വില്‍പ്പനയില്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഉണ്ടായത്. സാംസംഗ് ആണ് വിപണിയില്‍ രണ്ടാം സ്ഥാനത്ത്. കമ്പനിയുടെ വില്‍പ്പനയില്‍ 4.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ചരക്ക് നീക്കത്തില്‍ ഇരട്ടിയോളം വര്‍ധന രേഖപ്പെടുത്തിയ വിവോ വിപണിയില്‍ മൂന്നാം സ്ഥാനം പിടിച്ചെടുത്തു. 9.7 ശതമാനം വില്‍പ്പന നേട്ടവുമായി ഒപ്പോ നാലാം സ്ഥാനം തിരിച്ചുപിടിച്ചിട്ടുണ്ട്. ഷഓമി, റിയല്‍മി, സാംസംഗ്, ഹാവെയ് തുടങ്ങിയ കമ്പനികള്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയതും ആകര്‍ഷകമായ ഓഫറുകളും ഓണ്‍ലൈന്‍ വില്‍പ്പന പ്രോത്സാഹിപ്പിച്ചതായി ഐഡിസി ഇന്ത്യ അസോസിയേറ്റ് റിസര്‍ച്ച് മാനേജര്‍ ഉപാസന ജോഷി പറഞ്ഞു.

ആദ്യ പാദത്തിലെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 40.2 ശതമാനം വില്‍പ്പനയും നടന്നിട്ടുള്ളത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ്. സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില്‍പ്പന വില 3.3 ശതമാനം വര്‍ധിച്ച് 161 ഡോളറായി. 300-500 ഡോളര്‍ വിഭാഗത്തിലെ വളര്‍ച്ചയാണ് ഇതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ആറ് ശതമാനം പങ്കാളിത്തമാണ് ഈ വില വിഭാഗത്തിനുള്ളത്.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ആപ്പിളിനെ പിന്നിലാക്കി സാംസംഗ് നേതൃസ്ഥാനത്തെത്തി. പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 36 ശതമാനം വിഹിതമാണ് സാംസംഗ് നേടിയത്. സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലക്‌സി എസ്10 ആണ് പ്രീമിയം വിഭാഗത്തില്‍ ആപ്പിളിനെ മറികടക്കാന്‍ കമ്പനിയെ സഹായിച്ചത്. ഗാലക്‌സി എസ് 10ന് വന്‍ മാര്‍ക്കറ്റിംഗ് പ്രചരണങ്ങളാണ് സാംസംഗ് നടത്തിയത്.

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് വണ്‍ പ്ലസ് ആണ്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഫോണ്‍ വണ്‍പ്ലസ് 6ടിയാണ്. രാജ്യത്തെ മൊത്തം മൊബീല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇപ്പോഴും പകുതിയിലധികം പങ്കാളിത്തം വഹിക്കുന്നത് ഫീച്ചര്‍ ഫോണുകളാണ്. 32.3 മില്യണ്‍ യൂണിറ്റ് വില്‍പ്പനയാണ് ആദ്യ പാദത്തില്‍ ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിലുണ്ടായത്. 2018 ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫീച്ചര്‍ ഫോണുകളുടെ വില്‍പ്പനയില്‍ 42.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: smartphone