ഇന്ത്യയെ നടുക്കിയ ഫംഗസ്

ഇന്ത്യയെ നടുക്കിയ ഫംഗസ്

2011ല്‍ രാജ്യത്തെ ആശുപത്രികളുടെ തീവ്രപരിചരണവിഭാഗങ്ങളില്‍ നുഴഞ്ഞു കടന്ന കാന്‍ഡിഡ ഓറിസ് പിന്നീട് ലോകത്തിനു മുമ്പില്‍ ഇന്ത്യയെ ഒറ്റപ്പെടുത്തി

രക്തക്കുഴലുകളില്‍ കുമിള്‍ വളര്‍ച്ചയ്ക്കു കാരണമാകുന്ന കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ലോകവ്യാപകമായി ചികില്‍സകരെ വിഷമവൃത്തിലാക്കിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ലോകമെമ്പാടുമുള്ള ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങള്‍ നിഗൂഢമായ ഈ ഫംഗസിന്റെ ഭീഷണി നേരിടുകയാണ്. യഥാര്‍ത്ഥത്തില്‍ ഗുരുതരസാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന ബാക്റ്റീരിയയെ പോലെയാണ് ഈ ഫംഗസ് ഭീതി പടര്‍ത്തിത്. ശക്തിയേറിയ പ്രതിരോധ മരുന്നുകള്‍ പോലും ഇതിനു മുമ്പില്‍ പരാജയപ്പെട്ടു. ഇത് രോഗികളുടെ ചര്‍മ്മത്തിലും രക്തക്കുഴലുകളിലും അണുബാധയ്ക്കു കാരണമാകുകയും, മരണസാധ്യത ഉയര്‍ത്തുകയും ചെയ്തു. പനി, ശരീര തളര്‍ച്ച, മലമൂത്രത്തില്‍ രക്തം, ന്യൂമോണിയ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. മറ്റു രോഗങ്ങള്‍ ഉള്ളവരില്‍ ഫംഗസ് ആക്രമണം മരണകാരണം വരെ ആകാം. അണുബാധയേറ്റ മൂന്നില്‍ ഒരാള്‍ മരിക്കുന്നു. മരുന്നുകളിലൂടെ വിജയകരമായി പ്രതിരോധിക്കാന്‍ സധ്യമല്ലാത്തതിനാല്‍ ജനങ്ങളില്‍ പരിഭ്രാന്തി വളര്‍ത്താതിരിക്കാന്‍ ഫംഗസിന്റെ വിവരം രോഗികളില്‍ നിന്ന് അധികൃതര്‍ മറച്ചു വെക്കാനാണു ശ്രമിച്ചത്. ഇതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് വ്യാപിക്കുന്ന സ്ഥിതിയെത്തി. പത്ത് വര്‍ഷത്തിനുള്ളില്‍ 35 രാജ്യങ്ങളിലേക്കാണിത് വ്യാപിച്ചത്. ഇപ്പോള്‍ അത് ആഗോള പൊതുജനാരോഗ്യ ഭീഷണിയാണ്. ഇന്ത്യയാണ് അതിന്റെ കേന്ദ്രഭാഗത്ത്.

2009 ല്‍ ജപ്പാനില്‍ 70കാരനിലാണ് ഫംഗസ് ബാധ തിരിച്ചറിഞ്ഞത്. രണ്ടു വര്‍ഷത്തിനു ശേഷം ദക്ഷിണ കൊറിയയില്‍ രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗവേഷകര്‍ ഇതിനെ പിന്തുടര്‍ന്ന് വലിയ വിവരശേഖരമുണ്ടാക്കുകയും രാജ്യാന്തരതലത്തില്‍ മുന്നറിയിപ്പു നല്‍കുകയുമുണ്ടായി. 2011 ല്‍ ഇന്ത്യയില്‍ ആദ്യത്തെ അസുഖം റിപ്പോര്‍ട്ട് ചെയ്തതു മുതല്‍, രാജ്യത്തുടനീളം ആശുപത്രികളുടെ തീവ്രപരിചരണ കേന്ദ്രങ്ങളില്‍ ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ബാക്റ്റീരിയ പടര്‍ത്തുന്ന രോഗം പോലെയാണ് കാന്‍ഡിഡ ഓറിസ് ഫംഗസ് രോഗികളില്‍ ദുരിതം വിതയ്ക്കുന്നതെന്ന് രാജ്യത്ത് ഫംഗസ് ബാധ ആദ്യം കണ്ടെത്തിയ ഡെല്‍ഹി വല്ലഭായി പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. അനുരാധ ചൗധരി ചൂണ്ടിക്കാട്ടുന്നു. 2011 നും 2013 നും ഇടയില്‍ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ 12 രോഗികളിലാണ് രോഗബാധ കണ്ടെത്തിയത്. ബാക്റ്റീരിയകളെപ്പോലെ അതിവേഗം പെറ്റുപെരുകുകയും സംക്രമിക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഈ ഫംഗസിനുള്ളത്. ബാക്റ്റീരിയകളെപ്പോലെ വളരെക്കാലം ഭൗമോപരിതലത്തില്‍ മൂടിക്കിടക്കുകയും ശരിയായ സാഹചര്യങ്ങള്‍ ഒത്തു കിട്ടുമ്പോള്‍ രോഗിയുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഐസിയുകളിലെ കിടക്ക, പുതപ്പ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ജനല്‍ കര്‍ട്ടനുകള്‍, ഭിത്തികള്‍, വാതില്‍ കൊളുത്ത്, വസ്ത്രങ്ങള്‍, രോഗിയുടെ ചര്‍മ്മം, ഐവി ട്യൂബ്‌സ്, വെന്റിലേറ്ററുകള്‍ തുടങ്ങി എല്ലായിടത്തും ഫംഗസ് കണ്ടെത്തിയെന്നു ചൗധരി പറഞ്ഞു.

വല്ലഭായി പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രോഗബാധ സ്ഥിരീകരിച്ച് ആറുവര്‍ഷത്തിനിടെ രാജ്യതലസ്ഥാനത്തെ വിവിധ പൊതു- സ്വകാര്യ കെയര്‍ ആശുപത്രികളില്‍ ഫംഗസ് കണ്ടെത്തി. 2011ല്‍ രാജ്യത്തുടനീളമുള്ള 27 ഐസിയുകളില്‍ 19 എണ്ണത്തില്‍ കാന്‍ഡിഡ ഓറിസ് ഫംഗസ് കണ്ടെത്തിയെന്നു പഠനത്തില്‍ തെളിഞ്ഞിരുന്നു. ഏകദേശം 1,400 മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സംക്രമികരോഗികളില്‍ 74 പേരില്‍ അഥവാ 5.3% ന് ഫംഗസ് ബാധയുണ്ടെന്നും കണ്ടെത്തിയിരുന്നു. 2017ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രബന്ധത്തില്‍ വടക്കേഇന്ത്യന്‍ ആശുപത്രികളില്‍ കീമോ തെറാപ്പിക്ക് വിധേയരാക്കിവരില്‍ വലിയൊരു വിഭാഗത്തിനിടയില്‍ ഫംഗസ് ബാധ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധശേഷിയുള്ള ബാക്റ്റീരിയകളുടെ ആക്രമണത്തെ അഭിമുഖീകരിക്കുമ്പോള്‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ പാളുന്നതു പോലെ ഓറിസ് ഫംഗസിലും മരുന്ന് പ്രതിരോധം ഇരട്ടിയായിരുന്നു. ഇത് പൊതുജനാരോഗ്യപരിപാലനമേഖലയെ കാര്യമായി ബാധിച്ചു. പല ആശുപത്രികളുടെയും ഐസിയുകള്‍ നവീകരിക്കുന്നതിനിടെയായിരുന്നു ഫംഗല്‍ ആക്രമണം. 1800-കളുടെ അവസാനം മുതല്‍ മാനവരാശി പുതിയ രാസവസ്തുക്കള്‍ കണ്ടെത്തിയത്, മനുഷ്യനെ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാനും മൃഗങ്ങളെ രോഗങ്ങള്‍ക്കു വിട്ടുകൊടുക്കാതെ പോറ്റുവാനും മരണകാരികളായ അണുബാധകള്‍ക്കെതിരെ പോരാടാനും പ്രാപ്തനാക്കി. എന്നാല്‍ ഇന്ന് പ്രകൃതിയില്‍ കാണപ്പെടുന്ന സൂക്ഷ്മജീവി സഞ്ചയം ദീര്‍ഘകാലമായി മനുഷ്യന്‍ വികസിപ്പിച്ചെടുത്ത സങ്കീര്‍ണതകള്‍ക്കെതിരെ പ്രതിരോധം നേടിയെടുത്തിരിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞ രോഗികളെക്കൊണ്ടു നിറഞ്ഞ ഐസിയുകള്‍ കീടാണുക്കളുടെ യുദ്ധഭൂമിയായി മാറിയിരിക്കുന്നു. കാന്‍ഡിഡ ഓറിസിന്റെ വരവും അമിത രാസവള ഉപയോഗത്താല്‍ ജനിതകവ്യതിയാനം സംഭവിച്ച ഒരു മണ്‍കുമിള്‍ ആകാം.

Comments

comments

Categories: Health
Tags: Fungus