വരുന്നൂ… ഇലക്ട്രിക് കാറുകള്‍

വരുന്നൂ… ഇലക്ട്രിക് കാറുകള്‍

2020 ഓടെ ഇന്ത്യയിലെത്തുന്ന ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍

ടാറ്റ മോട്ടോഴ്‌സിന്റെ ടിഗോര്‍ ഇവി ഇന്ത്യയില്‍ സ്വകാര്യ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. മഹീന്ദ്ര ഇ2ഒ പ്ലസ് നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ ഇന്ത്യയില്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഒരേയൊരു ഓള്‍ ഇലക്ട്രിക് കാര്‍ മഹീന്ദ്ര ഇ-വെരിറ്റോ മാത്രമാണ്. എന്നാല്‍ കഥ മാറുകയാണ്. ഒരു ഡസനിലധികം ഓള്‍ ഇലക്ട്രിക് കാറുകളും ഏതാനും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും ഇന്ത്യന്‍ നിരത്തുകളില്‍ എത്താന്‍ പോവുകയാണ്. അവ ഏതെല്ലാമെന്ന് അറിയാം.

നിസാന്‍ ലീഫ്

ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്ന ഇലക്ട്രിക് കാറാണ് നിസാന്‍ ലീഫ്. അധികം വൈകാതെ ഇന്ത്യയിലുമെത്തും. രണ്ട് വേരിയന്റുകളില്‍ ബേസ് വേരിയന്റ് ആയിരിക്കും ഇന്ത്യയിലെത്തുന്നത്. 40 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കുന്ന ഈ വേരിയന്റ് 241 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് സമ്മാനിക്കും. 150 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. നാല്‍പ്പത് ലക്ഷം രൂപയായിരിക്കും വില.

ഔഡി ഇ-ട്രോണ്‍

രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ഇ-ട്രോണ്‍ ഉപയോഗിക്കുന്നത്. ആകെ 408 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 95 കിലോവാട്ട് അവര്‍ ബാറ്ററി 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം സവിശേഷതയാണ്. ഇന്ത്യയില്‍ ഏകദേശം ഒന്നര കോടി രൂപ വില പ്രതീക്ഷിക്കാം.

മഹീന്ദ്ര കെയുവി 100 ഇലക്ട്രിക്

മഹീന്ദ്ര ഇ2ഒ പ്ലസ് വിപണി വിടുന്നതോടെ കെയുവി 100 മോഡലിന്റെ ഇലക്ട്രിക് വേര്‍ഷനായിരിക്കും മഹീന്ദ്രയുടെ അടുത്ത ഇലക്ട്രിക് ഹാച്ച്ബാക്ക്. 2020 ന്റെ തുടക്കത്തില്‍ ഇലക്ട്രിക് കെയുവി 100 വിപണിയിലെത്തും. 40 കിലോവാട്ട് മോട്ടോറാണ് ഉപയോഗിക്കുന്നത്. 15.9 കിലോവാട്ട് അവര്‍ ബാറ്ററി 120 കിലോമീറ്റര്‍ റേഞ്ച് നല്‍കും. പ്രായോഗികമായ ഫാമിലി ഇലക്ട്രിക് കാറായിരിക്കും കെയുവി 100 ഇലക്ട്രിക് എന്ന് മഹീന്ദ്ര ഉറപ്പുതരുന്നു.

ജാഗ്വാര്‍ ഐ-പേസ്

ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ കാറാണ് ജാഗ്വാര്‍ ഐ-പേസ്. അവാര്‍ഡ് തിളക്കവുമായി കാര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തും. 90 കിലോവാട്ട് അവര്‍ ബാറ്ററിയാണ് ജാഗ്വാര്‍ ഐ-പേസിന് കരുത്തേകുന്നത്. 480 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ആകെ 400 എച്ച്പി കരുത്തും 696 എന്‍എം ടോര്‍ക്കുമാണ് രണ്ട് മോട്ടോറുകളും ചേര്‍ന്ന് പുറപ്പെടുവിക്കുന്നത്.

റെനോ സിറ്റി കെ-ഇസഡ്ഇ

റെനോ സിറ്റി കെ-ഇസഡ്ഇ ഈ വര്‍ഷം ചൈനയില്‍ വില്‍പ്പന ആരംഭിക്കും. ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. റെനോയുടെ ഇലക്ട്രിക് വാഹന നിരയില്‍ സോഇ ഇലക്ട്രിക് കാറിന് താഴെയായിരിക്കും കെ-ഇസഡ്ഇ വൈദ്യുത വാഹനത്തിന് സ്ഥാനം. റെനോ ക്വിഡ് ഉപയോഗിച്ച സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലാണ് റെനോ സിറ്റി കെ-ഇസഡ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. 250 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് റെനോ അവകാശപ്പെടുന്നു.

മാരുതി സുസുകി വാഗണ്‍ ആര്‍ ഇവി

മാരുതി സുസുകി വാഗണ്‍ ആര്‍ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷം വിപണിയിലെത്തും. ആകര്‍ഷകമായ വില നിശ്ചയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇലക്ട്രിക് വാഗണ്‍ ആര്‍ ഇന്ത്യയിലായിരിക്കും നിര്‍മ്മിക്കുന്നത്. ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. ഇലക്ട്രിക് വാഗണ്‍ ആര്‍ കാറുകളുടെ പരീക്ഷണ ഓട്ടം മാരുതി സുസുകി ഇതിനകം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വാഗണ്‍ ആര്‍ എന്ന പേര് നല്‍കാന്‍ സാധ്യതയില്ല.

ബിഎംഡബ്ല്യു ഐ8 റോഡ്‌സ്റ്റര്‍

ബിഎംഡബ്ല്യു ഐ8 സ്‌പോര്‍ട്‌സ് കാറിന്റെ ഓപ്പണ്‍ ടോപ്പ് വേര്‍ഷന്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കും. 2.8 കോടി രൂപയായിരിക്കും വില. 143 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 231 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് ബിഎംഡബ്ല്യു ഐ8 ഉപയോഗിക്കുന്നത്.

 

ഫോഡ് ആസ്പയര്‍ ഇവി

ഫോഡ് ആസ്പയര്‍ ഇലക്ട്രിക് കാറായി അവതരിക്കുകയാണ്. മഹീന്ദ്രയും ഫോഡും അവരുടേതായ വേര്‍ഷന്‍ വില്‍ക്കും. രണ്ട് മോഡലുകളും തമ്മില്‍ ചെറിയ ചില മാറ്റങ്ങള്‍ കണ്ടേക്കും. നിലവില്‍ കയറ്റുമതി ചെയ്യുന്ന ഫോഡ് ആസ്പയര്‍ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ട്രിക് പതിപ്പ് നിര്‍മ്മിക്കുന്നത്. കുറേക്കൂടി വലിയ ബൂട്ട് കയറ്റുമതി മോഡലിന്റെ പ്രത്യേകതയാണ്. 25 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കുന്ന ഫോഡ് ആസ്പയര്‍ ഇലക്ട്രിക് വാഹനത്തിലെ മോട്ടോര്‍ 82 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 150 കിലോമീറ്ററായിരിക്കും ഡ്രൈവിംഗ് റേഞ്ച്.

റെനോ സോഇ

2012 ലാണ് റെനോ സോഇ ഇലക്ട്രിക് കാര്‍ വിപണിയില്‍ അവതരിപ്പിച്ചത്. അതിനുശേഷം ചില പരിഷ്‌കാരങ്ങള്‍ വരുത്തി. 400 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് ഇപ്പോള്‍ വാഗ്ദാനം. ഇന്ത്യയില്‍ കാറിന്റെ പരീക്ഷണ ഓട്ടം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും നിര്‍മ്മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.

 

വോള്‍വോ എക്‌സ്‌സി60

എക്‌സ്‌സി90 പ്ലഗ്-ഇന്‍ ഹൈബ്രിഡ് കൊണ്ടുവന്നതുപോലെ എക്‌സ്‌സി60 മോഡലിന്റെ പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേര്‍ഷനും വോള്‍വോ അവതരിപ്പിക്കും. മൂത്ത സഹോദരനെപ്പോലെ, 40 കിലോമീറ്റര്‍ ഓള്‍ ഇലക്ട്രിക് റേഞ്ച് ആയിരിക്കും വോള്‍വോ എക്‌സ്‌സി60 കാഴ്ച്ചവെയ്ക്കുന്നത്. ഇതേതുടര്‍ന്ന് എസ്90 സെഡാന്റെയും എക്‌സ്‌സി40 എസ്‌യുവിയുടെയും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും വോള്‍വോ കൊണ്ടുവരും. മൂന്ന് വാഹനങ്ങളും അടുത്ത വര്‍ഷം വിപണിയിലെത്തിക്കും.

ടാറ്റ ആള്‍ട്രോസ് ഇവി

ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ ആള്‍ട്രോസ് ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്. എന്നാല്‍ ടാറ്റ ആള്‍ട്രോസ് ഇവി ഷോറൂമുകളിലെത്താന്‍ സമയമെടുത്തേക്കും. ഇലക്ട്രിക് വാഹനത്തെ സംബന്ധിച്ച മുഴുവന്‍ വിശദാംശങ്ങളും ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിവേഗ ചാര്‍ജിംഗ് വാഹനത്തിന്റെ സവിശേഷതയായിരിക്കും. ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യപ്പെടും.

ഹ്യുണ്ടായ് കോന ഇവി

കോന ഇവി ആയിരിക്കും ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് വാഹനം. ഹ്യുണ്ടായ് കോന ഇവി ഇന്ത്യയില്‍ അസംബിള്‍ ചെയ്യും. ഈ വരുന്ന ജൂലൈയില്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 25 ലക്ഷം രൂപയായിരിക്കും എസ്‌യുവിയുടെ വില. 40 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കും. 136 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോര്‍ മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും.

എംജി ഇ-ഇസഡ്എസ്

എംജി ഹെക്ടര്‍ എസ്‌യുവിയുടെ പാത പിന്തുടര്‍ന്ന് എംജി ഇ-ഇസഡ്എസ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിലെത്തും. 148 എച്ച്പി കരുത്തായിരിക്കും ഇലക്ട്രിക് മോട്ടോര്‍ പുറപ്പെടുവിക്കുന്നത്. മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും. 45 കിലോവാട്ട് അവര്‍ ബാറ്ററി ഉപയോഗിക്കും. 25 ലക്ഷം രൂപയായിരിക്കും ഇലക്ട്രിക് എസ്‌യുവിയുടെ വില. ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയില്‍ പുറത്തിറക്കും.

Comments

comments

Categories: Auto