അസഹിഷ്ണുതയുടെ രാഷ്ട്രീയം ആപത്ത്

അസഹിഷ്ണുതയുടെ രാഷ്ട്രീയം ആപത്ത്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളില്‍ ഉണ്ടായ അതിക്രമങ്ങള്‍ ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. കൂടുതല്‍ പക്വതയോടെ പെരുമാറാന്‍ മമതാ ബാനര്‍ജിക്കും ബിജെപിക്കും ഉത്തരവാദിത്തമുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും ബംഗാളില്‍ നിന്ന് അശുഭവാര്‍ത്തകളാണ് വരുന്നത്. ബംഗാളിലെ പരസ്യ പ്രചാരണം 24 മണിക്കൂര്‍ മുമ്പേ അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിടേണ്ടി വന്നത് തന്നെ സാഹചര്യങ്ങളുടെ തീക്ഷണത വെളിപ്പെടുത്തുന്നു. ഞായറാഴ്ച്ചയാണ് ബംഗാളിലെ അവസാനവട്ട തെരഞ്ഞെടുപ്പ്. ഒമ്പത് മണ്ഡലങ്ങളിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കേണ്ടിയിരുന്നത് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിനാണ്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ റാലിയോട് അനുബന്ധിച്ച് സംഘര്‍ഷമുണ്ടായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ഇന്നലെ രാത്രി പത്ത് മണിയോടെ പ്രചാരണം അവസാനിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. അധികാരത്തിലിരിക്കുന്ന മമത ബാനര്‍ജിയും ബിജെപിയും തമ്മിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇത്തവണ ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍ എന്നതും ശ്രദ്ധേയമാണ്.

ബംഗാളിന്റെ നവോത്ഥാനത്തില്‍ സുപ്രധാന പങ്കുവഹിച്ച ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്ന ഹീനവും സംസ്‌കാരശൂന്യവുമായ സംഭവങ്ങളിലേക്ക് വരെ കാര്യങ്ങളെത്തിയിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കണക്കിലെടുക്കുമ്പോള്‍ മമതാ ബാനര്‍ജിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ അവസാനിപ്പിച്ച് ഭരണം പിടിച്ച മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിയാണ്.

ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ബിജെപിക്ക് സംസ്ഥാനത്ത് ശക്തി കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയും തൃണമൂലും തമ്മിലുള്ള പോര് സകല അതിര്‍ത്തികളും ലംഘിക്കുന്നതാണ് രാജ്യം കണ്ടത്. തുടര്‍ച്ചയായ അക്രമങ്ങളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ തൃണമൂല്‍ കോണ്‍ഗ്രസും കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. നവോത്ഥാന നായകരുടെ വരെ പ്രതിമകള്‍ തല്ലിത്തകര്‍ക്കുന്നതിലൂടെ ഏത് തരത്തിലുള്ള രാഷ്ട്രീയ ബോധമാണ് തങ്ങള്‍ക്കുള്ളതെന്ന് പാര്‍ട്ടികള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാം തടസപ്പെടുത്തുന്നത് ബംഗാളിന്റെ വികസന സാധ്യതകള്‍ കൂടിയാണെന്നതും ഓര്‍ക്കണം.ശ്രീരാമകൃഷ്ണ ദേവനും സ്വാമി വിവേകാനന്ദനും നേതാജി സുഭാഷ് ചന്ദ്രബോസും മഹര്‍ഷി അരവിന്ദനുമെല്ലാം വിഹരിച്ച ഭൂമികയിലാണ് കേവലരാഷ്ട്രീയത്തിന്റെ പേര് പറഞ്ഞുള്ള ഈ അസഹിഷ്ണുതയെന്നത് ബംഗാളിനെ സംബന്ധിച്ചിടത്തോളം ഒട്ടും അലങ്കാരമല്ല. ഭാരതസ്വാതന്ത്ര്യ സമരത്തിന് സമാനതകളില്ലാത്ത ആഹ്വാനം മുഴങ്ങിയ നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും സംഭവിക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വംഗനാട് സംഭാവന ചെയ്ത മഹായശസ്‌കരുടെ പൈതൃകത്തെ പോലും അവഹേളിക്കുന്ന തരത്തിലായിപ്പോകുന്നുണ്ട്.

സ്വച്ഛമായ ആവാസവ്യവസ്ഥ നിലനില്‍ക്കാത്ത ഇടങ്ങളിലേക്ക് നിക്ഷേപമിറക്കാന്‍ ഒരു ബിസിനസ് ഗ്രൂപ്പിനും താല്‍പ്പര്യമുണ്ടാകില്ലെന്നു കൂടി ഓര്‍ക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തികപരിവര്‍ത്തനപ്രക്രിയയെയും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ബാധിക്കും. ക്രിയാത്മകമായ രാഷ്ട്രീയമാണ് രാജ്യത്തെ ഓരോ സംസ്ഥാനവും ആവശ്യപ്പെടുന്നത്. രാഷ്ട്രീയം വിനാശാത്മക സ്വഭാവത്തിലേക്ക് വഴിമാറുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കൂടിയാണ് മങ്ങലേല്‍ക്കുന്നത്.

Categories: Editorial, Slider