അറബ്‌ടെക് സിഇഒ രാജിവെച്ചു; പീറ്റര്‍ പൊള്ളാര്‍ഡ് പുതിയ സിഇഒ

അറബ്‌ടെക് സിഇഒ രാജിവെച്ചു; പീറ്റര്‍ പൊള്ളാര്‍ഡ് പുതിയ സിഇഒ

ഒന്നാംപാദ ലാഭത്തില്‍ 50 ശതമാനം ഇടിവാണ് അറബ്‌ടെകില്‍ റിപ്പോര്‍ട്ട് ചെയ്തത്

ദുബായ്: ഒന്നാംപാദ ലാഭത്തില്‍ 50 ശതമാനം ഇടിവ് റിപ്പോര്‍ട്ട് ചെയ്ത അറബ്‌ടെക് ഹോള്‍ഡിംഗ് സിഇഒ രാജിവെച്ചു. ഹമിഷ് തെര്‍വിറ്റിന്റെ രാജി സ്വീകരിച്ചതായി കമ്പനി അറിയിച്ചു. കമ്പനി സിഎഫ്ഒ ആയ പീറ്റര്‍ പൊള്ളാര്‍ഡിനെ നിയുക്ത സിഇഒ ആയി നിയമിച്ചതായും കമ്പനി വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരാറ് കമ്പനിയായ അറബ്‌ടെകിന്റെ ആദ്യ മൂന്ന് മാസത്തെ ലാഭം 31.8 മില്യണ്‍ ദിര്‍ഹമായി കുറഞ്ഞതായി കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുന്‍വര്‍ഷത്തെ 63 മില്യണ്‍ ദിര്‍ഹത്തില്‍ നിന്നുമാണ് ലാഭം മൂന്ന് മില്യണിലേക്ക് കൂപ്പ് കുത്തിയത്.കമ്പനി ഓഹരികള്‍ വ്യാപാരം നടത്തുന്ന ദുബായ് ധനകാര്യ വിപണിയില്‍ സമര്‍പ്പിച്ച രേഖയിലാണ് ലാഭം ഇടിഞ്ഞതായി കമ്പനി വെളിപ്പെടുത്തിയത്. ഇതേ കാലയളവില്‍ കമ്പനി വരുമാനത്തിലും 16 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2.4 ബില്യണ്‍ ആയിരുന്ന ലാഭം ഈ വര്‍ഷം 2 ബില്യണ്‍ ആയി കുറഞ്ഞു.

കഴിഞ്ഞ എട്ട് പാദങ്ങളിലും ലാഭത്തില്‍ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്ത അറബ് ടെകില്‍ പാദാടിസ്ഥാനത്തില്‍ ഇതാദ്യമായാണ് ലാഭത്തില്‍ ഇടിവുണ്ടാകുന്നത്. ലാഭത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ബിസിനസ് മുന്‍ഗണനകളിലും നിലവിലുള്ള പ്രധാനപ്പെട്ടതല്ലാത്ത ആസ്തികളിലും പുനര്‍ചിന്തനം നടത്താനാണ് കമ്പനിയുടെ തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.8 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് മാര്‍ച്ച് 31ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഒന്നാം പാദത്തില്‍ ഇടപാടുകളില്‍ നിന്നുള്ള കമ്പനിയുടെ ലാഭത്തില്‍ കുറവ് വന്നിട്ടുണ്ട്. മാന്ദ്യത്തിന്റെ ഫലമായി നിര്‍മാണ മേഖലയില്‍ നിന്നു ലഭിക്കുന്ന കരാറുകളുടെ എണ്ണം കുറഞ്ഞതും പരമ്പരാഗതമായി ലഭിക്കുന്ന ചല പദ്ധതികള്‍ വരുന്ന മാസങ്ങളില്‍ അവസാനിക്കുന്നതും കാരണം വരുമാനത്തിലുണ്ടായ കുറവാണ് ലാഭമിടിവിനും കാരണമായത്. ദുബായിലെ ബുര്‍ജ് ഫലീഫയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഇന്റീരിയര്‍ സൊലൂഷന്‍ കമ്പനിയായ ദേപയില്‍ നടത്തിയ നിക്ഷേപം വഴി 7.8 മില്യണ്‍ ദിര്‍ഹത്തിന്റെ നഷ്ടം സംഭവിച്ചതായും അറബ്‌ടെക് വ്യക്തമാക്കി. അതേസമയം കടബാധ്യതയില്‍ 249 ദിര്‍ഹം കുറയ്ക്കാന്‍ കഴിഞ്ഞ പാദത്തില്‍ കമ്പനിക്ക് സാധിച്ചു.

മുഖ്യ വിപണികളിലെ മികച്ച അവസരങ്ങള്‍ വഴി വരും പാദങ്ങളില്‍ നിര്‍മാണ, വ്യവസായ മേഖലകളില്‍ കമ്പനിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന വിശ്വാസം ഉണ്ടെന്ന് നിയുക്ത സിഇഒ ആയ പൊള്ളാര്‍ഡ് പറഞ്ഞു.യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഈജിപ്ത് തുടങ്ങി നിര്‍മാണ, അടിസ്ഥാന സൗകര്യ, വ്യവസായ മേഖലകളില്‍ ദൃഢമായതും സ്ഥിരതയുള്ളതുമായ അവസരങ്ങള്‍ ഉള്ള രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങളെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

2017ല്‍ അറബ്‌ടെകില്‍ നിയമിതനാകും മുമ്പ് യുഎഇ,ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നിര്‍മാണ, പ്രോപ്പര്‍ട്ടി മേഖലകളില്‍ എക്‌സിക്യുട്ടീവ് പദവികള്‍ അലങ്കരിച്ച ആളാണ് പീറ്റര്‍ പൊള്ളാര്‍ഡ്.

Comments

comments

Categories: Arabia

Related Articles