ആലിബാബയുടെ വരുമാനത്തില്‍ 51 % വര്‍ധന, ക്ലൗഡ് ബിസിനസില്‍ നിന്ന് നേട്ടം

ആലിബാബയുടെ വരുമാനത്തില്‍ 51 % വര്‍ധന, ക്ലൗഡ് ബിസിനസില്‍ നിന്ന് നേട്ടം

ആലിബാബ പുതുതായി തുടക്കമിട്ട സംരംഭങ്ങളില്‍ ഏറെയും ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്

ബെയ്ജിംഗ്: ചൈനീസ് ഇ- കൊമേഴ്‌സ് വമ്പനായ ആലിബാബ കഴിഞ്ഞ പാദത്തില്‍ നേടിയത് അനലിസ്റ്റുകളുടെ നിഗമനത്തെ കവച്ചുവെക്കുന്ന നേട്ടം. തങ്ങളുടെ മുഖ്യ ബിസിനസില്‍ കരസ്ഥമാക്കിയ വളര്‍ച്ചയ്‌ക്കൊപ്പം ക്ലൗണ്ട് കംപ്യൂട്ടിംഗിലേക്കും മറ്റ് സേവനങ്ങളിലേക്കുമുള്ള വിപുലീകരണവും ഇതിനു പ്രധാന കാരണങ്ങളായി. വാര്‍ഷികാടിസ്ഥാനത്തില്‍ 51 ശതമാനം വര്‍ധനയോടെ ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ആലിബാബയുടെ വരുമാനം 13.6 ബില്യണ്‍ ഡോളറിലെത്തി ( 93.50 ബില്യണ്‍ യ്വാന്‍).91.58 ബില്യണ്‍യ്വാന്‍ വരെ വരുമാന വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നത്.
സംയോജിത ബിസിനസുകള്‍ ഒഴിച്ചുള്ള വില്‍പ്പനയിലെ വരുമാനത്തില്‍ മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇ-കൊമേഴ്‌സിലെ വളര്‍ച്ച ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയതിനു ശേഷം കുറയുകയാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ക്ലൗഡിലേക്കും മറ്റ് മേഖലകളിലേക്കും ആലിബാബ നിക്ഷേപങ്ങള്‍ നടത്തിയത്. ആലിബാബയുടെ പ്രാദേശിക തലത്തിലെ മുഖ്യ എതിരാളികളായ ജെഡി ഡോട്ട് കോം 2014നു ശേഷം ഒരു പാദത്തില്‍ നേടുന്ന ഏറ്റവും കുറഞ്ഞ വരുമാന വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ നേടിയിട്ടുള്ളത്.

2020 മാരച്ചില്‍ അവസാനിക്കുന്ന തങ്ങളുടെ സാമ്പത്തിക വര്‍ഷത്തില്‍ 500 ബില്യണ്‍ യ്വാന്‍ മൂല്യത്തിന് മുകളിലേക്ക് എത്തുന്നതിനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ചൈനയില്‍ 135 സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ആലിബാബ തുടക്കമിട്ടിട്ടുണ്ട്. ക്ലൗഡ് ബിസിനസില്‍ നിന്നുള്ള വരുമാനം നാലാം പാദത്തില്‍ 76 ശതമാനം വര്‍ധിച്ചുവെന്നാണ് സാമ്പത്തിക റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കുന്നത്. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ക്ലൗഡ് സേവനദാതാവാണ് ആലിബാബ. മൈക്രോസോഫ്റ്റ്, ആമസോണ്‍ എന്നീ കമ്പനികളാണ് ആഗോള തലത്തില്‍ ക്ലൗഡ് ബിസിനസില്‍ മുന്നില്‍ നില്‍ക്കുന്നത്.

ആലിബാബ പുതുതായി തുടക്കമിട്ട സംരംഭങ്ങളില്‍ ഏറെയും ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇ-കൊമേഴ്‌സ് വളര്‍ച്ച ചുരുങ്ങുന്ന സാഹചര്യത്തില്‍ ഭാവിയിലെ വളര്‍ച്ചയ്ക്കായി പുതിയ സംരംഭങ്ങളിലെ നിക്ഷേപം ആലിബാബ മുന്നോട്ടു കൊണ്ടുപോകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Business & Economy
Tags: Alibaba