5ജി പരീക്ഷണങ്ങള്‍ക്കൊരുങ്ങി ടെലികോം മന്ത്രാലയം

5ജി പരീക്ഷണങ്ങള്‍ക്കൊരുങ്ങി ടെലികോം മന്ത്രാലയം

പുതിയ സര്‍ക്കാരിനെ കാത്ത് 100 ദിന കര്‍മ പദ്ധതി തയാര്‍

ന്യൂഡെല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതിയായ 5ജി സ്‌പെക്ട്രം നടപ്പാക്കലിനെ ഉള്‍പ്പെടുത്തി കേന്ദ്ര ടെലികോം മന്ത്രാലയം. 5ജി സാങ്കേതിക വിദ്യയുടെ ട്രയല്‍, ലൈസന്‍സിംഗ് എന്നിവയ്ക്കായി 100 ദിവസത്തെ കര്‍മ പദ്ധതിയാണ് ടെലികോം മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ജൂണില്‍ ചുമതലയേല്‍ക്കുന്നതോടെ അതേ മാസത്തില്‍ തന്നെ 5ജി യ്ക്കുള്ള പരീക്ഷണ അനുമതികള്‍ നല്‍കാനാണ് പദ്ധതി. ഇതിന് മുന്‍പ് തന്നെ നെറ്റ്‌വര്‍ക്ക് ട്രയല്‍ ലൈസന്‍സും നല്‍കും.

5ജി ടെക്‌നോളജി ട്രയലുകള്‍, സാങ്കേതിക വിദ്യകള്‍ക്കുള്ള പരീക്ഷണ ട്രയല്‍ സ്‌പെക്ട്രം, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, അന്താരാഷ്ട്ര നിലവാരത്തിലെ പങ്കാളിത്ത നയം, റഗുലേറ്ററി പോളിസി, ആപ്ലിക്കേഷന്‍, ഉപയോഗം തുടങ്ങിയവ ഉള്‍പ്പെടുത്തിയതാണ് 100 ദിവസത്തെ പ്രവര്‍ത്തന പദ്ധതി. നിലവില്‍ മൂന്ന് മാസം വരെയാണ് ട്രയലിന് അനുമതി നല്‍കിയിരിക്കുന്നത്. ഇത് 6 മാസം മുതല്‍ 12 മാസം വരെ നീട്ടണമെന്ന് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

എയര്‍ടെല്‍ വോഡഫോണ്‍, ഐഡിയ, റിലയന്‍സ്, ജിയോ എന്നീ കമ്പനികള്‍ക്കാണ് ട്രയലിനായി അനുമതി ലഭിച്ചിരിക്കുന്നത്. ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ സാംസംഗ്, നോക്കിയ, എറിക്‌സണ്‍ എന്നീ കമ്പനികള്‍ക്കാണ് പാനല്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. 2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ 5ജി സേവനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ വ്യാപനത്തിനായി 3, 4 വര്‍ഷമെടുത്തേക്കും.

Comments

comments

Categories: FK News, Slider
Tags: 5G, telecom