ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു

ഡബ്ല്യുപിഐ പണപ്പെരുപ്പം കുറഞ്ഞു
  • മാര്‍ച്ചിലെ 3.18 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ 3.07 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്
  • കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3.62 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം

ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഏപ്രിലില്‍ 3.07 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 3.18 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3.62 ശതമാനമായിരുന്നു ഇന്ത്യയുടെ ഡബ്ല്യുപിഐ പണപ്പെരുപ്പം.

ഇന്ധനത്തിന്റെയും മാനുഫാക്ച്ചറിംഗ് ഉല്‍പ്പന്നങ്ങളുടെയും വില ഏപ്രിലില്‍ കുറഞ്ഞ് നിന്നതാണ് പ്രധാനമായും ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയാന്‍ ഇടയാക്കിയതെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ വലിയ തോതിലുള്ള വളര്‍ച്ചയാണ് ഏപ്രിലില്‍ നിരീക്ഷിച്ചതെന്നും വാണിജ്യ മന്ത്രാലയം പറയുന്നു.

ഭക്ഷ്യ സാധനങ്ങളുടെ വിലയില്‍ 7.37 ശതമാനം വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. മാര്‍ച്ചില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് 5.68 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. പച്ചക്കറികളുടെ വിലക്കയറ്റമാണ് ഭക്ഷ്യ വിഭാഗത്തിലെ പണപ്പെരുപ്പത്തില്‍ പ്രധാനമായും പ്രതിഫലിച്ചത്. 40.65 ശതമാനം വര്‍ധനയാണ് പച്ചക്കറി വിലയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ പച്ചക്കറികള്‍ക്ക് 28.13 ശതമാനം വിലക്കയറ്റമാണ് അനുഭവപ്പെട്ടിരുന്നു.

ഇന്ധന, ഊര്‍ജ വിഭാഗത്തില്‍ വിലക്കയറ്റം മയപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ ഈ വിഭാഗത്തില്‍ 5.41 ശതമാനം വിലക്കയറ്റം ഉണ്ടായിരുന്നു. ഏപ്രിലിത് 3.84 ശതമാനമായി കുറഞ്ഞു. മാനുഫാക്ച്ചറിംഗ് ഉല്‍പ്പന്നങ്ങള്‍ക്കും കഴിഞ്ഞ മാസം വിലക്കുറവുണ്ടായി. മാനുഫാക്ച്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം മാര്‍ച്ചിലെ 2.16 ശതമാനത്തില്‍ നിന്നും 1.72 യസതമാനമായി ചുരുങ്ങി. വരും മാസങ്ങളില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം ഉയരുമെന്നാണ് കെയര്‍ റേറ്റിംഗ് പറയുന്നത്. ഭക്ഷ്യ സാധനങ്ങളുടെയും ഇന്ധനത്തിന്റെ വിലക്കയറ്റമാണ് ഇത്‌ന് കാരണമായി റേറ്റിംഗ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ മാസം ഭക്ഷ്യ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനയാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കിയത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചിലെ 2.86 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ 2.92 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

എന്നാല്‍, ധനനയ പ്രഖ്യാപനത്തില്‍ കേന്ദ്ര ബാങ്ക് പരിഗണിക്കുന്ന മുഖ്യ ഘടകമായ റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരുന്നത് സര്‍ക്കാരിന് ആശ്വാസം നല്‍കുന്നുണ്ട്. ജൂണ്‍ ആറിന് നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് വിവിധ മേഖലയില്‍ നിന്നുള്ളവരുടെ നിരീക്ഷണം.

അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില ബാരലിന് 71 ഡോളറിനടുത്ത് തുടരുന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഭ്യന്തര ഭക്ഷ്യ വിലക്കയറ്റവും കണക്കിലെടുത്ത് വളര്‍ച്ചാ-വിലക്കയറ്റ പ്രവണതകളെ വിലയിരുത്തുന്നതിനായി ജൂണിലെ നയപ്രഖ്യാപനം വരെ ആര്‍ബിഐ കാത്തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ സമീര്‍ നരാംഗ് പറഞ്ഞു. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു.

ഡബ്ല്യുപിഐ പണപ്പെരുപ്പം 2018-2019

ഏപ്രില്‍ 3.62%

മേയ് 4.43%

ജൂണ്‍ 5.68%

ജൂലൈ 5.27%

ഓഗസ്റ്റ് 4.62%

സെപ്റ്റംബര്‍ 5.22%

ഒക്‌റ്റോബര്‍ 5.28%

നവംബര്‍ 4.47%

ഡിസംബര്‍ 3.46%

ജനുവരി 2.76%

ഫെബ്രുവരി 2.93%

മാര്‍ച്ച് 3.18%

ഏപ്രില്‍ 3.07%

Comments

comments

Categories: Business & Economy