യുഎസ്-ചൈന വ്യാപാര യുദ്ധം സ്റ്റീല്‍ വ്യവസായത്തിന് വിനയാകും

യുഎസ്-ചൈന വ്യാപാര യുദ്ധം സ്റ്റീല്‍ വ്യവസായത്തിന് വിനയാകും

യുഎസ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യക്ക് വിനയാകുമോ എന്ന് ആശങ്ക. ചൈനയില്‍ നിന്നുള്ള 200 ബില്യണ്‍ ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടി യുഎസ് അധിക തീരുവ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കാരണം ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യാന്‍ ചൈന ഉടന്‍ ആരംഭിക്കുമെന്നാണ് ഇന്ത്യയുടെ ആശങ്ക.

ചൈനീസ് ഇറക്കുമതി വര്‍ധിക്കുന്നതില്‍ നിന്നും ആഭ്യന്തര സ്റ്റീല്‍ വ്യവസായികളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രാജ്യത്തെ സ്റ്റീല്‍ കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റീല്‍ ഇറക്കുമതിക്ക് 25 ശതമാനം സംരക്ഷണ നികുതി ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് സംരക്ഷണ നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിക്കേണ്ടത്.

കഴിഞ്ഞ വര്‍ഷം മുതലാണ് ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പരസ്പരം ഇറക്കുമതി നികുതി വര്‍ധിപ്പിച്ചുകൊണ്ട് ഇരു രാഷ്ട്രങ്ങളും ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക വളര്‍ച്ചയെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

ചൈന ആഭ്യന്തര ആവശ്യകതയേക്കാള്‍ അധികമായി സ്റ്റീല്‍ ഉല്‍പ്പാദനം നടത്തുന്നുണ്ട്. യുഎസ് സ്റ്റീല്‍ ഇറക്കുമതിക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതിനാല്‍ വിയറ്റ്‌നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് സ്റ്റീല്‍ കയറ്റി അയക്കാന്‍ ചൈന ശ്രമം നടത്തുമോ എന്നാണ് ആശങ്കയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തര സ്റ്റീല്‍ നിര്‍മാണ രംഗത്ത് അനിശ്ചിതത്വം നേരിടുന്നതായും ഇവര്‍ വ്യക്തമാക്കി.

സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ മുന്നിലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്റ്റീലിന്റെ അറ്റ ഇറക്കുമതിക്കാരായി രാജ്യം മാറിയിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ള സ്റ്റീല്‍ ഉല്‍പ്പാദന ശേഷിയുടെ കാര്യത്തില്‍ രാജ്യം അഭാവം നേരിടുന്നതും ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലയില്‍ സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നതിനാല്‍ ചില ക്ലൈന്റുകളെ ഇന്തക്ക് നഷ്ടമായതുമാണ് ഇതിന് കാരണം.

യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് സ്റ്റീല്‍ എത്തിക്കുന്ന പ്രധാന കയറ്റുമതി രാഷ്ട്രങ്ങളാണ് ചൈനയും ജപ്പാനും കൊറിയയും. യുഎസിന്റെ വ്യാപാര നടപടി കാരണം ഈ രാജ്യങ്ങളും ഇന്ത്യയിലേക്ക് സ്റ്റീല്‍ അമിതമായി കയറ്റി അയക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ലിമിറ്റഡില്‍ നിന്നുള്ള ജോയിന്റ് മാനേജിംഗ് ഡയറക്റ്റര്‍ ശേഷാഗിരി റാവു പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കഴിയുന്നതിലും വേഗത്തില്‍ സംരക്ഷണ നികുതി ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള നിരവധി നികുതി ഇപ്പോഴുണ്ടെന്നും റാവും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ജെഎസ്ഡബ്ല്യു സ്റ്റീലും സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറും ടാറ്റ സ്റ്റീലും ചേര്‍ന്ന് സംരക്ഷണ നികുതി ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇന്ത്യയുടെ മൊത്തം സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ 45 ശതമാനം പങ്കാളിത്തമാണ് ഈ കമ്പനികള്‍ക്കുള്ളത്.

Comments

comments

Categories: FK News