റിസര്‍വ് ബാങ്ക് വലിയ നിരക്കിളവിലേക്ക് നീങ്ങണം: എസ്ബിഐ റിപ്പോര്‍ട്ട്

റിസര്‍വ് ബാങ്ക് വലിയ നിരക്കിളവിലേക്ക് നീങ്ങണം: എസ്ബിഐ റിപ്പോര്‍ട്ട്

ജൂണ്‍ 6നാണ് അടുത്ത ധനനയ അവലോകന യോഗം ചേരുന്നത്

ന്യൂഡെല്‍ഹി: അടുത്ത ധന നയ അവലോകന യോഗത്തില്‍ 25 അടിസ്ഥാന പോയ്ന്റുകള്‍ക്ക് മുകളിലുള്ള നിരക്കിളവിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയില്‍ നിലവില്‍ അനുഭവപ്പെടുന്ന മാന്ദ്യ സൂചനകളെ മറികടക്കാന്‍ ഇത്തരമൊരു നടപടി അനിവാര്യമാണെന്നാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ധന നയ അവലോകന യോഗങ്ങളിലും പലിശ നിരക്കില്‍ 25 ബിപിഎസ്(ബേസിസ് പോയ്ന്റുകള്‍) വീതം കുറവു വരുത്താന്‍ ആര്‍ബി ഐ തയാറായിരുന്നു. ജൂണ്‍ 6നാണ് അടുത്ത ധനനയ അവലോകന യോഗം ചേരുന്നത്.

മാന്ദ്യത്തിന്റേതായ ആശങ്കകള്‍ പലയിടത്തും പ്രകടമാകുന്നുണ്ട്. ഇത് മുഖ്യ ഓഹരി സൂചികളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ വിവിധ മേഖലകളുടെ പ്രകടനം സംബന്ധിച്ച് ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ടെലികോം, അടിസ്ഥാന സൗകര്യ സേവനങ്ങള്‍, അഗ്രോ കെമിക്കല്‍സ്, പെട്രോ കെമിക്കല്‍സ്, നിയമനങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇടിവ് പ്രകടമാണ്.
കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പൊതുവില്‍ മോശം റിപ്പോര്‍ട്ടാണ് പുറത്തുവിടുക. 384 ഫാര്‍മ കമ്പനികളില്‍ 330 എണ്ണവും കഴിഞ്ഞ പാദത്തില്‍ വളര്‍ച്ചയില്‍ ഇടിവ് പ്രകടമാക്കിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് ഗ്രാമീണ മേഖലയിലെ വരുമാനത്തെ ബാധിക്കുന്നതിനൊപ്പം എഫ്എംസിജി മേഖലയിലെ ആവശ്യകതയെയും ദുര്‍ബലമാക്കുന്നു.
നിലവിലെ തളര്‍ച്ച താല്‍ക്കാലികം മാത്രമായാണ് കണക്കാക്കുന്നതെന്നും ഉചിതമായ നയസമീപം കൃത്യമായി കൈക്കൊണ്ടാല്‍ നിക്ഷേപങ്ങള്‍ നിലനിര്‍ത്താനാകുന്നതെന്നും എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക തളര്‍ച്ച പൂര്‍ണമായും പരിഹരിക്കാന്‍ നിരക്കിളവിലൂടെ സാധിക്കില്ലെങ്കിലും ചില മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാകും. ബാങ്കുകളുടെ ആസ്തി-ബാധ്യത അനുപാതം ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ കേന്ദ്ര ബാങ്ക് ശ്രദ്ധ നല്‍കേണ്ടതുണ്ട്. നിരക്കിളവില്‍ വരുത്തുന്ന മാറ്റം ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

25 ബിപിഎസ് ആയോ അതിന്റെ ഗുണിതങ്ങളായോ ആണ് വര്‍ഷങ്ങളായി റിസര്‍വ് ബാങ്ക് നിരക്കുകളിലെ മാറ്റം പ്രഖ്യാപിക്കാറ്. ഈ കീഴ്‌വഴക്കം മാറ്റുന്നത് പരിഗണിക്കുന്നതായി ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ധന നയ യോഗത്തില്‍ ഗവര്‍ണര്‍ ശക്തി കാന്ത ദാസ് തന്നെയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ സാഹചര്യങ്ങളോട് കൂടുതല്‍ ഉചിതമായി പ്രതികരിക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Banking
Tags: SBI