ദര്‍ശനം നല്‍കി എംജി ഹെക്ടര്‍; അടുത്ത മാസം വിപണിയിലെത്തും

ദര്‍ശനം നല്‍കി എംജി ഹെക്ടര്‍; അടുത്ത മാസം വിപണിയിലെത്തും

പ്രീ-ഓര്‍ഡര്‍ അടുത്ത മാസം ആരംഭിക്കും. ഇതേതുടര്‍ന്ന് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ഇന്ത്യയിലെ എസ്‌യുവി വിപണിയൊന്നാകെ ആകാംക്ഷയോടെ കാത്തിരുന്ന എംജി ഹെക്ടര്‍ അനാവരണം ചെയ്തു. ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‌യുവി. വാഹനത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ നേരത്തെ പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് അനാവരണം ചെയ്യുന്നത്. പ്രീ-ഓര്‍ഡര്‍ അടുത്ത മാസം ആരംഭിക്കും. ഇതേതുടര്‍ന്ന് എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗുജറാത്തിലെ ഹാലോള്‍ പ്ലാന്റിലാണ് എംജി ഹെക്ടര്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ അമ്പത് നഗരങ്ങളിലായി 120 ഔട്ട്‌ലെറ്റുകള്‍ എംജി മോട്ടോര്‍ ഇന്ത്യ തുറന്നുകഴിഞ്ഞു.

4,655 എംഎം നീളവും 1,835 എംഎം വീതിയും 1,760 എംഎം ഉയരവും വരുന്നതാണ് എംജി ഹെക്ടര്‍ എസ്‌യുവി. ബുച്ച് ലുക്കിംഗ് തോന്നിപ്പിക്കുന്ന മുന്‍വശത്ത് കറുത്ത വലിയ മെഷ് ഗ്രില്‍ കാണാം. ഗ്രില്ലിനുചുറ്റും ക്രോം അലങ്കാരം നല്‍കിയിരിക്കുന്നു. ഹെഡ്‌ലാംപുകള്‍ നല്‍കിയിരിക്കുന്നത് ബംപറിലാണ്. അതിനുമുകളിലായി ഹുഡിന് തൊട്ടടുത്താണ് ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍. പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍ക്ക് താഴെയാണ് ഫോഗ് ലാംപുകള്‍. ഫോ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് വലുതാണ്. മധ്യഭാഗത്തെ എയര്‍ഡാം താരതമ്യേന വലുതാണ്. ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. വെള്ളിനിറത്തിലുള്ള റൂഫ് റെയിലുകള്‍ കൂടാതെ, സെഗ്‌മെന്റില്‍ ഇതാദ്യമായി പനോരമിക് സണ്‍റൂഫ് എംജി ഹെക്ടര്‍ എസ്‌യുവിയില്‍ നല്‍കി. റിയര്‍ എസി വെന്റ് പിന്‍സീറ്റുകളിലെ യാത്രക്കാരെ സന്തോഷിപ്പിക്കും.

ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി വരുന്നത്. ഐ-സ്മാര്‍ട്ട് കണക്റ്റിവിറ്റി സംവിധാനം വാഹനത്തില്‍ നല്‍കിയിരിക്കുന്നു. കാബിനില്‍ കുത്തനെ സ്ഥാപിച്ച 10.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേയാണ് ഐ-സ്മാര്‍ട്ട് കണക്റ്റിവിറ്റി സിസ്റ്റത്തിന്റെ കമാന്‍ഡ് സെന്റര്‍. ഇതില്‍ പ്രീ-ലോഡഡ് വിനോദ പരിപാടികള്‍ ഉണ്ടായിരിക്കും. വാഹനത്തെ ഈ കമാന്‍ഡ് സെന്ററിലെ സെറ്റിംഗ്‌സ് വഴി നിയന്ത്രിക്കാം. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ കഴിയുന്നതാണ് വോയ്‌സ് കമാന്‍ഡ് സംവിധാനം.

മുഴുവന്‍ സമയ കണക്റ്റിവിറ്റിക്കായി എംബെഡ്ഡഡ് മെഷീന്‍ ടു മെഷീന്‍ (എം2എം) സിം നല്‍കിയിരിക്കുന്നു. കൂടാതെ, 5ജി റെഡി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വേര്‍ഷന്‍ 6 (ഐപിവി6) എസ്‌യുവിയുടെ സവിശേഷതയാണ്. ആദ്യ ഏതാനും വര്‍ഷങ്ങളില്‍ എംജി ഹെക്ടര്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഡാറ്റ നല്‍കും. റിയല്‍ ടൈം നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിംഗ്, എമര്‍ജന്‍സി റെസ്‌പോണ്‍സ് എന്നിവ ഫീച്ചറുകളാണ്. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ഓവര്‍ ദ എയര്‍ (ഒടിഎ) ഡൗണ്‍ലോഡുകളായി ലഭിക്കും. ടോംടോം ഐക്യു മാപ്‌സ്, ഗാന പ്രീമിയം, അക്യുവെതര്‍ തുടങ്ങിയവ പ്രീ-ലോഡഡ് ആപ്പുകളാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എംജി ഹെക്ടര്‍ എസ്‌യുവി പുറത്തിറക്കുമെന്ന് എംജി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ മോട്ടോര്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 1750 എന്ന താഴ്ന്ന ആര്‍പിഎമ്മിലാണ് ഇത്രയും ടോര്‍ക്ക് ലഭിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കും.

പെട്രോള്‍ ഹൈബ്രിഡ് വകഭേദം കൂടി ഉണ്ടായിരിക്കും. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് നല്‍കുന്നത്. 141 ബിഎച്ച്പി പുറപ്പെടുവിക്കും. 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ഘടിപ്പിക്കും. സെഗ്‌മെന്റില്‍ ഇതാദ്യമായി 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമാണ് ഹൈബ്രിഡ് വേര്‍ഷനില്‍ നല്‍കുന്നത്. 48 വോള്‍ട്ട് ലിഥിയം അയണ്‍ ബാറ്ററിയിലാണ് ഊര്‍ജ്ജം സംഭരിക്കുന്നത്. ആവശ്യംവരുന്ന സന്ദര്‍ഭങ്ങളില്‍ 20 എന്‍എം വരെ അധിക ടോര്‍ക്ക് നല്‍കി സഹായിക്കും. എന്‍ജിന്‍ ഓട്ടോ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, റീജനറേറ്റീവ് ബ്രേക്കിംഗ്, ഇ-ബൂസ്റ്റ് എന്നിവ മികച്ച ഡ്രൈവിംഗ് അനുഭവം സമ്മാനിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ 12 ശതമാനം വരെ കുറയ്ക്കും.

Categories: Auto
Tags: MG Hector