ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: സോഫ്റ്റ്‌വെയര്‍ ടൂളിലൂടെ വാട്‌സ് ആപ്പ് നിയന്ത്രണങ്ങളെ മറികടന്നെന്ന് റിപ്പോര്‍ട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019: സോഫ്റ്റ്‌വെയര്‍ ടൂളിലൂടെ വാട്‌സ് ആപ്പ് നിയന്ത്രണങ്ങളെ മറികടന്നെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ നവമാധ്യമങ്ങള്‍ ഉപയോഗിച്ചവര്‍ ഏകദേശം ആയിരം രൂപ വിലവരുന്ന സോഫ്റ്റ്‌വെയര്‍ ടൂളിലൂടെ വാട്‌സ് ആപ്പ് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും മറികടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം തെറ്റായ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍, വാട്‌സ് ആപ്പ് സന്ദേശം ഫോര്‍വേഡ് ചെയ്യുന്നത് അഞ്ച്് എണ്ണമായി ചുരുക്കിയിരുന്നു. എന്നാല്‍ ഈ നിയന്ത്രണമാണ് ആയിരം രൂപ വില വരുന്ന പ്രത്യേക സോഫ്റ്റ്‌വെയര്‍ ടൂള്‍ ഉപയോഗിച്ചു മറികടന്നത്. ഇതിലൂടെ ആയിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും വരെ സന്ദേശം ഫോര്‍വേഡ് ചെയ്തതായി പ്രചരണത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു. ഇത്തരത്തില്‍ സന്ദേശം അയയ്ക്കാനായി വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്‌തെന്നു വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സും കണ്ടെത്തി. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ്പ്രചാരണത്തിനായി വാട്‌സ് ആപ്പിനെ മൂന്നു രീതിയില്‍ ദുരുപയോഗം ചെയ്തതായിട്ടാണു കണ്ടെത്തിയിരിക്കുന്നത്. ഒന്നാമത്തെ രീതി പ്രകാരം, ഓണ്‍ലൈനില്‍ സൗജന്യമായി ലഭ്യമായ ക്ലോണ്‍ ആപ്പുകള്‍ ( GBWhatsApp, JTWhatsApp) ഉപയോഗിച്ചു നിരവധി പേര്‍ക്കു സന്ദേശം അയച്ചു. രണ്ടാമത്തെ രീതിയെന്നത്, യാന്ത്രികമായി വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഡെലിവറി ചെയ്യാന്‍ യൂസറെ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ ടൂള്‍ ഉപയോഗിച്ചു കൊണ്ടായിരുന്നു. മൂന്നാമതായി, അജ്ഞാതമായ അഥവാ പേരറിയാത്ത നമ്പറില്‍നിന്നും വലിയ അളവില്‍ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുന്ന വെബ്‌സൈറ്റ് ഉപയോഗിച്ചു എന്നതാണ്. ആമസോണിന്റെ വെബ്‌സൈറ്റില്‍ ചുരുങ്ങിയത് മൂന്നു സോഫ്റ്റ്‌വെയര്‍ ടൂളുകളെങ്കിലും ലഭ്യമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയിലെ 900 മില്യനോളം വരുന്ന വോട്ടര്‍മാരെ ലക്ഷ്യമിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ആശ്രയിച്ചത് ഫേസ്ബുക്കിനെയും, ട്വിറ്ററിനെയും, വാട്‌സ് ആപ്പിനെയുമായിരുന്നു.

Comments

comments

Categories: Current Affairs