ചിറക് വിരിക്കാനാകാതെ ജെറ്റ്; പുതിയ രക്ഷകനെത്തുമോ?

ചിറക് വിരിക്കാനാകാതെ ജെറ്റ്; പുതിയ രക്ഷകനെത്തുമോ?

സ്ഥാപകന്‍ നരേഷ് ഗോയല്‍ കഴിഞ്ഞ മാസം പുറത്തുപോയി. ഇപ്പോള്‍ സിഇഒയും സിഎഫ്ഒയും പടിയിറങ്ങി. ഇനി ചിറക് വിരിക്കില്ല ജെറ്റ് എയര്‍വേസെന്ന വിലയിരുത്തലുകളാണ് എവിടെയും കാണുന്നത്. അതിനിടയില്‍ യുകെയിലെ അതിസമ്പന്ന ബിസിനസ് കുടുംബമായ ഹിന്ദുജ ഗ്രൂപ്പ് ജെറ്റില്‍ ഓഹരിയെടുത്തേക്കുമെന്നും ഇന്നലെ റിപ്പോര്‍ട്ട് വന്നു. പ്രതീക്ഷയുടെ കിരണമാണോ അത്? ജീവനക്കാരുടെ ദുരിതം എന്നുതീരും?

 • 1993ലാണ് നരേഷ് ഗോയല്‍ ജെറ്റ് എയര്‍വേസിന് തുടക്കമിടുന്നത്
 • വായ്പാബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായതോടെയാണ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയത്
 • 20,000ത്തിലധികം ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ല
 • മേയ് 10 ആയിരുന്നു ജെറ്റില്‍ ഓഹരിയെടുക്കാനായി ബിഡ് സമര്‍പ്പിക്കേണ്ട അവസാന തിയതി
 • അബുദാബി വിമാനകമ്പനിയായ ഇത്തിഹാദ് മാത്രമാണ് ബിഡ് സമര്‍പ്പിച്ചത്, അതും നിബന്ധനകളോടെ

ഒരു കാലത്ത് രാജ്യത്തെ മുന്‍നിര വിമാനകമ്പനിയായിരുന്ന ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട് ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുന്ന വാര്‍ത്തകളൊന്നും തന്നെ ശുഭമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് നിലത്തിറങ്ങിയിട്ട് ഏകദേശം ഒരു മാസം ആകാറാകുന്നു. വിമാന കമ്പനി വീണ്ടും ചിറക് വിരിക്കില്ലെന്ന സൂചന നല്‍കുന്നതാണ് ജെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്നും വിനയ് ദുബെ രാജിവെച്ച വാര്‍ത്ത. ജെറ്റ് എയര്‍വേസിന്റെ ഉപസിഇഒയും ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന അമിത് അഗര്‍വാള്‍ രാജിവെച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ദുബെയും കമ്പനിയില്‍ നിന്ന് ഉടന്‍ പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ജെറ്റിന്റെ കമ്പനി സെക്രട്ടറി കുല്‍ദീപ് ശര്‍മയും രാജിവെച്ചിരുന്നു. വിമാനകമ്പനിയുടെ ചീഫ് പീപ്പിള്‍സ് ഓഫീസര്‍ തസ്തികയിലുണ്ടായിരുന്ന രാഹുല്‍ തനേജയും രാജിവെച്ചതായാണ് വിവരം.

വിമാനകമ്പനിയുടെ ഭാഗമായ 20,000ത്തോളം ജീവനക്കാര്‍ക്ക് കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. സ്ഥാപകന്‍ നരേഷ് ഗോയല്‍ പുറത്തുപോയതോടെ കമ്പനിയുടെ നിലവിലെ ഉടമസ്ഥര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന ബാങ്കിംഗ് കണ്‍സോര്‍ഷ്യമാണ്. വിമാനകമ്പനിക്കായി പുതിയൊരു നിക്ഷേപകനെയോ ബയറെയോ കണ്ടെത്താന്‍ ഇവര്‍ക്കിതുവരെ സാധിച്ചിട്ടുമില്ല.

ജീവനക്കാര്‍ ദുരിതത്തില്‍

കമ്പനിയുടെ നേതൃസ്ഥാനത്തുള്ളവര്‍ പോലും രാജിവെച്ച് പുറത്തുപോയതോടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഔദ്യോഗികമായി സംസാരിക്കാന്‍ പോലും ജീവനക്കാര്‍ക്ക് ആരുമില്ലാത്ത സ്ഥിതിയാണ്. ഉന്നത തലങ്ങളിലിരിക്കുന്നവര്‍ക്ക് പെട്ടെന്ന് ഇറങ്ങിപ്പോകാന്‍ നല്ല എളുപ്പമാണ്. ഞങ്ങള്‍ ജീവനക്കാരാണ് ഇപ്പോള്‍ ദുരിതമനുഭവിക്കുന്നത്-ജെറ്റിലെ ഒരു ജീവനക്കാരന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

മോശം വര്‍ഷം

2019 ജെറ്റ് എയര്‍വേസിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും മോശം വര്‍ഷം തന്നെയെന്നത് നിസ്തര്‍ക്കമാണ്. ഫെബ്രുവരി ഏഴിനായിരുന്നു ബാധ്യത തീര്‍ക്കാത്തതിന്റെ പേരില്‍ നാല് വിമാനങ്ങളെ ജെറ്റിന് നിലത്തിറക്കേണ്ടി വന്നത്. നില്‍ക്കള്ളിയില്ലാതെ ബോര്‍ഡിന് ബാങ്കുകളുടെ പരിഹാര പദ്ധതി തൊട്ടടുത്തയാഴ്ച്ച തന്നെ അംഗീകരിക്കേണ്ടിയും വന്നു. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതാണ് കണ്ടത്.

ഫെബ്രുവരി 23 മുതല്‍ 28 വരെയുള്ള കാലയളവില്‍ 15 വിമാനങ്ങള്‍ പണമില്ലാത്തതിന്റെ പേരില്‍ നിലത്തിറക്കേണ്ടി വന്നു. സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജിവെക്കുമെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നിന് ജെറ്റിന്റെ ഓഹരിവിലയില്‍ ആറ് ശതമാനത്തിന്റെ വര്‍ധനയുണ്ടായെങ്കിലും അതേമാസം 22 ആയപ്പോഴേക്കും 37 വിമാനങ്ങള്‍ കൂടി ചിറക് വിരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി.

ഈ വര്‍ഷം മാര്‍ച്ച് 25നായിരുന്നു നരേഷ് ഗോയല്‍ കമ്പനിയില്‍ നിന്നും പടിയിറങ്ങിയത്. 1993ല്‍ വളരെ ലളിതമായി തുടങ്ങി വലിയ ഉയരങ്ങള്‍ താണ്ടിയ യാത്രയായിരുന്നു ജെറ്റില്‍ നിന്ന് പുറത്തുവന്നതിലൂടെ അദ്ദേഹം അവസാനിപ്പിച്ചത്. ടെയില്‍ വിന്‍ഡ് ഇന്‍കോര്‍പ്പറേറ്റഡില്‍ നിന്നുള്ള മൂലധനസഹായത്തോടെയാണ് 93ല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തെ അമ്പരപ്പെടുത്തി ജെറ്റ് എയര്‍വേസിന് ഗോയല്‍ തുടക്കമിട്ടത്. 2005ല്‍ പ്രഥമ ഓഹരി വില്‍പ്പന നടത്തിയതോടെ

ജെറ്റിന്റെ മൂല്യം കുതിച്ചുയര്‍ന്നു, ഗോയലിന്റെയും. 1.9 ബില്യണ്‍ ഡോളര്‍ സമ്പത്തോടെ ഗോയല്‍ ആ വര്‍ഷം ഇന്ത്യയിലെ ഏറ്റവും വലിയ പതിനാറാമത്തെ സമ്പന്നനായി മാറുകയും ചെയ്തു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഗോയലിനെ കാത്തിരുന്നത് തിരിച്ചടിയുടെ നാളുകളായിരുന്നു. ജെറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം ഗോയലിന്റെ പിടിവാശിയും പ്രൊഫഷണലിസത്തിന്റെ കുറവും ബ്രാന്‍ഡിംഗിലെ പോരായ്മയും നിക്ഷേപകരെ ക്ഷണിക്കുന്നതിലെ വീഴ്ച്ചയുമെല്ലാമാണെന്ന് വിലയിരുത്തപ്പെടുന്നു.

വിവിധ സ്രോതസുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ദിനംപ്രതി 21 കോടി രൂപയുടേതാണ് ജെറ്റ് എയര്‍വേസിന്റെ നഷ്ടം. നരേഷ് ഗോയല്‍ എന്ന സംരംഭകന്റെ തൊപ്പിയിലെ പൊന്‍തൂവലായി തിളങ്ങിയ ഈ വിമാന കമ്പനിയുടെ പലതലങ്ങളിലുള്ള മൊത്തം കടബാധ്യത ഏകദേശം 15,000 കോടി രൂപ വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1,100 പൈലറ്റുമാര്‍ ഉള്‍പ്പടെ 23,000ത്തോളം പേരുടെ ജോലിയാണ് തുലാസിലായത്.

കടുംപിടുത്തങ്ങള്‍ വിനയായി

സ്ഥാപകന്‍ നരേഷ് ഗോയലിന്റെ കടുംപിടുത്തമാണ് ജെറ്റിനെ ഈ അവസ്ഥയില്‍ എത്തിച്ചതിന്റെ പ്രധാന കാരണമെന്നതാണ് വാസ്തവം. വിമാന കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയില്‍ കൃത്യമായ ഏറ്റെടുക്കല്‍ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നില്ല. ടാറ്റ സണ്‍സ് ജെറ്റിനായി രംഗത്തുണ്ടായിരുന്നതായി ഒനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഗോയലിന്റെ കടുംപിടുത്തം കാരണം ഇനി ഒരു ചര്‍ച്ചയില്ലാത്ത അവസ്ഥയില്‍ ടാറ്റയ്ക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടതായാണ് ഒരു ദേശീയ മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. താന്‍ സ്ഥാപിച്ച കമ്പനിയില്‍ തനിക്കുള്ള നിയന്ത്രണം അടിയന്തര ഘട്ടത്തില്‍ കൈയൊഴിയാന്‍ മനസ് കാണിക്കാഞ്ഞതാണ് ടാറ്റയുടെ പിന്മാറ്റത്തിന് കാരണമായി തീര്‍ന്നത്.

ജെറ്റിലെ ഓഹരി പങ്കാളിയായ ഇത്തിഹാദ് രക്ഷാദൗത്യവുമായി രംഗത്തെത്തുമെന്ന് കരുതിയിരുന്നെങ്കിലും അവിടെയും തടസമായി നിന്നത് ഗോയലിന്റെ നിലപാടുകള്‍ തന്നെയായിരുന്നു. പ്രതിഓഹരിക്ക് 300 രൂപയെന്ന നിരക്കില്‍ ജെറ്റിനായി ഡെല്‍റ്റ എയര്‍ലൈന്‍സ് ഒരു പാക്കേജ് മുന്നോട്ട് വച്ചിരുന്നെങ്കിലും 400 രൂപ വേണമെന്ന ഗോയലിന്റെ ആവശ്യത്തില്‍ അതും മുടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഒടുവില്‍ ഒരു രക്ഷയുമില്ലാതെയാണ് കമ്പനിക്ക് ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത്. വളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പ്രൊഫഷണല്‍ രീതിയേക്കാളും വ്യക്തിഗതമായ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു ജെറ്റിലെ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളെന്നുവേണം മനസിലാക്കാന്‍. തന്റെ കൈയില്‍ കമ്പനിയെ രക്ഷിക്കാനുള്ള ഫണ്ടില്ലെന്ന് ബോധ്യമായിട്ടും ഓഹരി വിറ്റൊഴിയാതെ സ്ഥാപനത്തിന്റെ നിയന്ത്രണം കൈയൊഴിയാന്‍ നേരത്തെ തയാറാകാതിരുന്ന ഗോയലിന്റെ സമീപനമാണ് ജെറ്റിലെ പ്രശ്‌നം ഇത്രമാത്രം രൂക്ഷമാക്കിയത്.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ മേയ് 23ന് മുമ്പ് കൃത്യമായൊരു തീരുമാനമെടുക്കാന്‍ സാധ്യതയില്ലെന്നതും വിമാനകമ്പനിക്ക് തിരിച്ചടിയായി.

അവസാന ഫ്‌ളൈറ്റ്

ഏപ്രില്‍ ആദ്യവാരം ജെറ്റിന്റെ 25 വിമാനങ്ങള്‍ കൂടി പറക്കല്‍ നിര്‍ത്തി. അതിനിടെ കമ്പനിയുടെ വായ്പാദാതാക്കള്‍ ജെറ്റ് ഏറ്റെടുക്കാന്‍ സാധ്യതയുള്ള നാല് ഗ്രൂപ്പുകളെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയുമുണ്ടായി. ജെറ്റില്‍ നേരത്തെ തന്നെ ഓഹരിയുണ്ടായിരുന്ന അബുദാബി വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വേസ്, നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട്, സ്വകാര്യ ഓഹരി സ്ഥാപനങ്ങളായ ടിപിജി കാപ്പിറ്റല്‍, ഇന്‍ഡിഗോ പാര്‍ട്‌ണേഴ്‌സ് എന്നിവരായിരുന്നു അവര്‍.

ഏപ്രില്‍ 17, ബുധനാഴ്ച്ച രാത്രി 10.30നുള്ള അമൃത്‌സര്‍-ന്യൂഡെല്‍ഹി വിമാന സര്‍വീസോടെയാണ് ജെറ്റ് എയര്‍വേസ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഏവിയേഷന്‍ രംഗത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ജെറ്റിന്റെ ക്രാഷ് ലാന്‍ഡിംഗെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തലുകളുമായി വന്നു. ഇന്ത്യയുടെ വ്യോമയാനരംഗത്ത് 25 വര്‍ഷത്തോളം തിളങ്ങി നിന്ന ശേഷമാണ് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാന കമ്പനി നില്‍ക്കകള്ളിയില്ലാതെ പ്രവര്‍ത്തനം നിര്‍ത്തിയത്. കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അല്ലലില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ 400 കോടി രൂപയുടെ അടിയന്തര ധനസഹായം ഒരു ഭാഗത്തുനിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നതെന്ന് ജെറ്റ് എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ബാങ്കുകള്‍ക്കും കുറ്റപ്പെടുത്തല്‍

ഓരോ ദിവസം കഴിയുന്തോറും പ്രശ്‌നം വഷളായി. ജീവനക്കാരുടെ അവസ്ഥ അത്യന്തം പരിതാപകരമാകുകയും ചെയ്തു. ഏപ്രില്‍ 23ാം തിയതി സിഇഒ വിനയ് ദുബെ ജീവനക്കാരുടെ ദുരിതങ്ങള്‍ക്ക് ബാങ്കിനെ കുറ്റപ്പെടുത്തി സംസാരിക്കുകയും ചെയ്തു. ശമ്പളം നല്‍കുന്നതിനായി കുറച്ച് ഫണ്ട് റിലീസ് ചെയ്യാന്‍ വായ്പാദാതാക്കളോട് പരമാവധി പറഞ്ഞൈങ്കിലും വിജയിച്ചില്ലെന്നായിരുന്നു ദുബെ വ്യക്തമാക്കിയത്.

തുടര്‍ന്നങ്ങോട്ട് ജെറ്റ് ജീവനക്കാരുടെ ദുരിതങ്ങള്‍ മാധ്യമങ്ങളില്‍ ആവര്‍ത്തിച്ച് സ്ഥാനം പിടിച്ചു. ഏപ്രില്‍ 27ന് ജീവനക്കാരുടെയും ജെറ്റ് പൈലറ്റുകളുടെയും കൂട്ടായ്മ പ്രധാനമന്ത്രിയോട് ഒരു മാസത്തെ ശമ്പളമെങ്കിലും തരാന്‍ വായ്പാദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന അപേക്ഷയുമായി രംഗത്തെത്തി.

പുതിയ പ്രതീക്ഷ

ജെറ്റില്‍ ഓഹരിയെടുക്കണമെന്ന ആവശ്യവുമായി വായ്പാദാതാക്കളും കമ്പനിയിലെ രണ്ടാമത്തെ വലിയ ഓഹരിയുടമയുമായ ഇത്തിഹാദും ഹിന്ദുജ ഗ്രൂപ്പിനെ സമീപിച്ചിതായാണ് വിഷയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും പുതിയ വാര്‍ത്ത. ജെറ്റില്‍ നിക്ഷേപം നടത്താമെന്ന് ഹിന്ദുജ ഗ്രൂപ്പ് ഇതുവരെ ഉറപ്പ് നല്‍കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടുമില്ല. ഇത്തിഹാദ് പ്രതിനിധികള്‍ ആവശ്യവുമായി ജിപി ഹിന്ദുജയെ ചെന്നുകണ്ടതായാണ് വിവരം. ഗ്രൂപ്പിന്റെ ഇന്ത്യന്‍ ബിസിനസിന് മേല്‍നോട്ടം വഹിക്കുന്ന അശോക് ഹിന്ദുജയോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ ജിപി ഹിന്ദുജ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. യുകെയിലെ ഏറ്റവും സമ്പന്നകുടുംബങ്ങളിലൊന്നാണ് ഹിന്ദുജമാരുടേത്.

ജെറ്റിന്റെ ചിറകൊടിഞ്ഞ സംഭവവികാസങ്ങളുടെ ടൈംലൈന്‍

 • ഫെബ്രുവരി 7: നാല് വിമാനങ്ങള്‍ പണമില്ലാത്തതിനാല്‍ നിലത്തിറക്കി
 • ഫെബ്രുവരി 14: ബാങ്കുകളുടെ പ്രശ്‌നപരിഹാര പദ്ധതി ജെറ്റ് മാനേജ്‌മെന്റ് ബോര്‍ഡ് അംഗീകരിച്ചു
 • ഫെബ്രുവരി 23-28: 15 വിമാനങ്ങള്‍ നിലത്തിറക്കി
 • മാര്‍ച്ച് 01-22: 37 വിമാനങ്ങള്‍ കൂടി പറക്കല്‍ നിര്‍ത്തി
 • മാര്‍ച്ച് 25: സ്ഥാപകന്‍ നരേഷ് ഗോയല്‍ ജെറ്റില്‍ നിന്നും രാജിവെച്ചു പുറത്തുപോന്നു
 • ഏപ്രില്‍ 17: ദൈനം ദിന ചെലവുകള്‍ക്കുള്ള പണമില്ലാത്തതിനെ തുടര്‍ന്ന് ജെറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു
 • മേയ് 14: സിഇഒ വിനയ് ദുബെ, ഉപ സിഇഒയും സിഎഫ്ഒയുമായ അമിത് അഗര്‍വാള്‍ എന്നിവര്‍ രാജിവെച്ചതായുള്ള പ്രഖ്യാപനം വന്നു

Categories: FK Special, Slider