ബിസിനസ് ക്ലാസില്‍ ബജറ്റ് യാത്രയുമായി ഇന്‍ഡിഗോ

ബിസിനസ് ക്ലാസില്‍ ബജറ്റ് യാത്രയുമായി ഇന്‍ഡിഗോ

ബ്രിട്ടണ്‍, വിയറ്റ്‌നാം, ചൈന, മ്യാന്‍മര്‍, റഷ്യ എന്നിവിടങ്ങളിലേക്കുള്ള വണ്‍-സ്‌റ്റോപ് സര്‍വീസുകളാണ് പദ്ധതിയിലുള്ളത്

ഗുഡ്ഗാവ്: കുറഞ്ഞ നിരക്കില്‍ യാത്ര തരപ്പെടുത്തുന്ന ബജറ്റ് വിമാനക്കമ്പനികള്‍ക്ക് ദീര്‍ഘദൂര യാത്രാ സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തിയില്ലെന്ന വിലയിരുത്തല്‍ തിരുത്താനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ബിസിനസ് ക്ലാസ് സീറ്റുകളുടെ നിരക്ക് കുറച്ച് മികച്ച സേവനങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കുകയാണ് ഗുഡ്ഗാവ് ആസ്ഥാനമായ ബജറ്റ് എയര്‍ലൈന്‍ കമ്പനി. യൂറോപ്-ഏഷ്യ വിപണിയിലെ യാത്രക്കാരെ ആകര്‍ഷിക്കാനാണ് പുതിയ ബിസിനസ് തന്ത്രം പരീക്ഷിക്കുന്നത്. നിലവില്‍ തുര്‍ക്കിയിലെ ഇസ്താംബുള്‍ വരെയാണ് ഇന്‍ഡിഗോക്ക് ദീര്‍ഘദൂര സര്‍വീസുള്ളത്.

ആറുമാസത്തിനുള്ളില്‍ യൂറോപ്പിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് കമ്പനി സിഇഒ റോണോജോയ് ദത്ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. അധിക സൗകര്യങ്ങളുള്ള ഒരു ബ്രാന്‍ഡ് ന്യൂ ബിസിനസ് ക്ലാസാണ് കമ്പനിയുടെ പദ്ധതിയിലുള്ളത്. ‘ഏഴെട്ടു മണിക്കൂര്‍ യാത്ര നിങ്ങളുടെ ശരിരത്തെ ക്ഷീണിതമാക്കും. യാത്രികര്‍ക്ക് കൂടുതല്‍ ഭക്ഷണം കഴിക്കേണ്ടതായും വാഷ്‌റൂമില്‍ കൂടുതല്‍ തവണ പോകേണ്ടതായും വരും. അതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ഇന്‍ഡിഗോ സേവനം പുനര്‍രൂപകല്‍പ്പനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്,’ അദ്ദേഹം വ്യക്തമാക്കി. പുതിയ ബിസിനസ് ക്ലാസ് ടിക്കറ്റിന്റെ ചാര്‍ജ് എത്രയായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഇന്ധന വില ഉയരുന്ന സമയത്താണ് ഇന്‍ഡിഗോ ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ബ്രിട്ടണ്‍, വിയറ്റ്‌നാം, ചൈന, മ്യാന്‍മര്‍, റഷ്യ രാജ്യങ്ങളിലേക്കുള്ള വണ്‍-സ്‌റ്റോപ് സര്‍വീസുകളാണ് പദ്ധതിയിലുള്ളത്. നാരോ ബോഡിയുള്ള പുതിയ ജെറ്റ് വിമാനം വാങ്ങുന്നതിന് യൂറോപ്യന്‍ കമ്പനിയായ എയര്‍ബസ് എസിയുമായി ചര്‍ച്ച നടത്തിവരികയാണെന്നും ദത്ത അറിയിച്ചു. വിപണി മൂല്യത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ ലോ-കോസ്റ്റ് എയര്‍ലൈന്‍ കമ്പനിയാണ് ഇന്‍ഡിഗോ. കുറഞ്ഞ നിരക്ക്, സമയനിഷ്ട എന്നീ പ്രത്യേകതകളുള്ള ഇന്‍ഡിഗോ ഒരു ദശാബ്ദം കൊണ്ട് ഇന്ത്യന്‍ വ്യോമായാന വിപണിയുടെ പകുതിയോളം സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ 53 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും 18 രാജ്യാന്തര കേന്ദ്രങ്ങളിലേക്കും സര്‍വീസ് നടത്തുന്നുന്ന ഇന്‍ഡിഗോ തങ്ങളുടെ കപ്പാസിറ്റിയുടെ പകുതിയും രാജ്യാന്തര വ്യോമപാതകളില്‍ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദുത്ത വ്യക്തമാക്കി. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡാണ് ഇന്‍ഡിഗോയുടെ ബിസിനസ് ക്ലാസ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

Comments

comments

Categories: FK News
Tags: IndiGo