ചെറിയ സെഡാനുകളെ വീണ്ടും സ്‌നേഹിച്ച് ഇന്ത്യക്കാര്‍  

ചെറിയ സെഡാനുകളെ വീണ്ടും സ്‌നേഹിച്ച് ഇന്ത്യക്കാര്‍  

2019 സാമ്പത്തിക വര്‍ഷത്തില്‍ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാനുകളുടെ വില്‍പ്പന വളര്‍ച്ച 12 ശതമാനമാണ് 

ന്യൂഡെല്‍ഹി : ഒരിക്കല്‍ സജീവമായിരുന്ന ഇന്ത്യയിലെ സബ് 4 മീറ്റര്‍ സെഡാന്‍ വിപണി പ്രതാപം തിരിച്ചുപിടിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിച്ചത് സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റാണ്. ഇതേ വലുപ്പമുള്ള എസ്‌യുവികളെയും ക്രോസ്ഓവറുകളെയും വില്‍പ്പനയില്‍ മറികടക്കാന്‍ ത്രീ ബോക്‌സ് കാറിന് കഴിഞ്ഞു. ഫാമിലി കാറുകള്‍ എന്ന പദവിയാണ് സെഡാനുകള്‍ അലങ്കരിക്കുന്നത്. സമാന വലുപ്പമുള്ള ക്രോസ്ഓവര്‍, എസ്‌യുവികളേക്കാള്‍ ഒരു ലക്ഷത്തോളം രൂപ കുറവായിരിക്കുമെന്നതും ആകര്‍ഷകഘടകമാണ്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റ് 12 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. 4.6 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റു. അതേസമയം, ക്രോസ്ഓവറും എസ്‌യുവികളും 11 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് നേടിയത്. വിറ്റത് 3.57 ലക്ഷം യൂണിറ്റ്. പുതു തലമുറ മാരുതി സുസുകി ഡിസയര്‍, ഹോണ്ട അമേസ് പോലുള്ള കോംപാക്റ്റ് സെഡാനുകള്‍ സെഗ്‌മെന്റ് വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റിലേക്ക് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഈ രണ്ട് ശക്തരായ ബ്രാന്‍ഡുകള്‍ക്ക് കഴിഞ്ഞു.

ക്രോസ്ഓവറുകളിലും എസ്‌യുവികളിലും കണ്ടുവരുന്ന അഗ്രസീവ് സ്റ്റൈല്‍, വേണ്ടത്ര ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയോടെയാണ് രണ്ടാം തലമുറ ഹോണ്ട അമേസ് വിപണിയിലെത്തിച്ചിരുന്നത്. എട്ട് ശതമാനത്തോളം അമേസ് ഉടമകള്‍ കോംപാക്റ്റ് എസ്‌യുവി വാങ്ങണമെന്ന് ചിന്തിച്ചവരായിരുന്നു. ഷെയേര്‍ഡ് മൊബിലിറ്റി സെഗ്‌മെന്റിലും ചെറിയ സെഡാനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ആകെ പാസഞ്ചര്‍ വാഹന വിപണി 2.7 ശതമാനം വളര്‍ച്ച മാത്രമാണ് രേഖപ്പെടുത്തിയത്.

Comments

comments

Categories: Auto