ഹ്യുണ്ടായ്, കിയ, റീമാറ്റ്‌സ് ചേര്‍ന്ന് ഇലക്ട്രിക് പെര്‍ഫോമന്‍സ് കാറുകള്‍ വികസിപ്പിക്കും

ഹ്യുണ്ടായ്, കിയ, റീമാറ്റ്‌സ് ചേര്‍ന്ന് ഇലക്ട്രിക് പെര്‍ഫോമന്‍സ് കാറുകള്‍ വികസിപ്പിക്കും

റീമാറ്റ്‌സ് ഓട്ടോമൊബിലിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് 80 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തി

സോള്‍ : ക്രൊയേഷ്യന്‍ ഇലക്ട്രിക് ഹൈപ്പര്‍കാര്‍ കമ്പനിയായ റീമാറ്റ്‌സ് ഓട്ടോമൊബിലിയില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് 80 മില്യണ്‍ യൂറോയുടെ (632 കോടിയിലധികം ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തി. സാങ്കേതിക സഹകരണത്തിന്റെ ഭാഗമായാണ് മുതല്‍മുടക്ക്. ഇതനുസരിച്ച് 2020 ഓടെ രണ്ട് കമ്പനികളും ചേര്‍ന്ന് രണ്ട് ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കും. ഹ്യുണ്ടായുടെ ‘എന്‍’ പെര്‍ഫോമന്‍സ് ഡിവിഷന്‍ പുറത്തിറക്കാനിരിക്കുന്ന സ്‌പോര്‍ട്‌സ് കാറിന്റെ ഇലക്ട്രിക് പതിപ്പിനായി ഹ്യുണ്ടായ്, കിയ കമ്പനികളെ റീമാറ്റ്‌സ് ഓട്ടോമൊബിലി സഹായിക്കും. കൂടാതെ, ഒരു ഹൈ പെര്‍ഫോമന്‍സ് ഫ്യൂവല്‍ സെല്‍ വാഹനവും ഒരുമിച്ച് വികസിപ്പിക്കും.

ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി 64 മില്യണ്‍ യൂറോയുടെ നിക്ഷേപമാണ് റീമാറ്റ്‌സ് ഓട്ടോമൊബിലിയില്‍ നടത്തിയിരിക്കുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിനുകീഴിലെ മറ്റൊരു വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ 16 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തും. വാഹന വൈദ്യുതീകരണ പദ്ധതികളുടെ വേഗം വര്‍ധിപ്പിക്കുന്നതിന് റീമാറ്റ്‌സ് ഓട്ടോമൊബിലിയുമായുള്ള കരാര്‍ സഹായിക്കുമെന്നാണ് ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. വിവിധ വാഹന നിര്‍മ്മാതാക്കളുമായി സഹകരിക്കുന്നതിന്റെ അനുഭവ സമ്പത്തും സാങ്കേതികപരമായ കഴിവുകളുമാണ് റീമാറ്റ്‌സിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ കമ്പനി എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ യൂസന്‍ ചുംഗ് പറഞ്ഞു. നിക്ഷേപം നടത്തുന്നതോടെ റീമാറ്റ്‌സ് ഓട്ടോമൊബിലിയുടെ ഓഹരി സ്വന്തമാക്കുമോയെന്ന കാര്യം ഹ്യുണ്ടായുടെ പ്രസ്താവനയില്‍ പറയുന്നില്ല.

കഴിഞ്ഞ വര്‍ഷം റീമാറ്റ്‌സിന്റെ പത്ത് ശതമാനം ഓഹരി പോര്‍ഷെ സ്വന്തമാക്കിയിരുന്നു. പോര്‍ഷെയുടെ വരുംകാല കാറുകളില്‍ റീമാറ്റ്‌സിന്റെ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാണ് ഇരുവരും കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. മറ്റ് കമ്പനികള്‍ക്കും റീമാറ്റ്‌സ് തങ്ങളുടെ സാങ്കേതികവിദ്യ നല്‍കിവരുന്നു. ബാറ്റിസ്റ്റ ഹൈപ്പര്‍കാറിനായി പിനിന്‍ഫറീനയേയും സഹായിച്ചിരുന്നു. സ്വന്തം ബ്രാന്‍ഡില്‍ നിരവധി ഇലക്ട്രിക് പെര്‍ഫോമന്‍സ് മെഷീനുകള്‍ റീമാറ്റ്‌സ് നിര്‍മ്മിച്ചിട്ടുണ്ട്. 1.5 മില്യണ്‍ പൗണ്ട് (13.68 കോടി ഇന്ത്യന്‍ രൂപ) വില വരുന്ന റീമാറ്റ്‌സ് സിബടൂ ഹൈപ്പര്‍കാര്‍ ഉള്‍പ്പെടെ.

Comments

comments

Categories: Auto