ബിറ്റ്‌കോയിനില്‍ വീണ്ടും പ്രതീക്ഷ

ബിറ്റ്‌കോയിനില്‍ വീണ്ടും പ്രതീക്ഷ

8,000 ഡോളറിലേക്ക് ബിറ്റ്‌കോയിന്‍ എത്തിയതോടെ ഭാവിയുടെ കറന്‍സിയായി ഇതിനെ പരിഗണിക്കണമെന്ന വാദങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. ബിറ്റ്‌കോയിനിന്റെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണ സംവിധാനങ്ങള്‍ സര്‍ക്കാരുകള്‍ ആലോചിക്കുമോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം

കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷം ഏറ്റവും മികച്ച മൂല്യം കൈവരിച്ചിരിക്കുകയാണ് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍. ഒരു നിക്ഷേപ ഉപകരണമെന്ന നിലയില്‍ ബിറ്റ്‌കോയിന് ഭാവിയുണ്ടെന്നാണ് പുതിയ കുതിപ്പ് സൂചിപ്പിക്കുന്നത്. ഭാവിയുടെ കറന്‍സിയെന്ന നിലയില്‍ ബിറ്റ്‌കോയിനെ പരിഗണിക്കണമെന്ന ആവശ്യം ഈ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യത്തില്‍ വന്ന പുതിയ കതിപ്പോടെ വീണ്ടും ശക്തമാകാനാണ് സാധ്യത. പരമ്പരാഗത നിക്ഷേപ വിപണികള്‍ കൂപ്പ് കുത്തുമ്പോള്‍ ബിറ്റ്‌കോയിനെ മികച്ച അവസരമായി കരുതണമെന്ന തീവ്രമായ നിലപാടുകാര്‍ വീണ്ടും സജീവമാവുകയാണ്.

സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതാകുമ്പോള്‍ ബിറ്റ്‌കോയിനിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്കിന് ശക്തികൈവരുമെന്നതാണ് യാഥാര്‍ത്ഥ്യം. 2017 ഡിസംബറില്‍ സര്‍വകലാറെക്കോഡിട്ട് ബിറ്റ്‌കോയിന്‍ 20,000 ഡോളറെന്ന മൂല്യം കൈവരിച്ചിരുന്നു. അതിന് ശേഷമാണ് മൂല്യത്തില്‍ വമ്പന്‍ ഇടിവ് സംഭവിച്ചത്.

നിരവധി ക്രിപ്‌റ്റോ കറന്‍സികള്‍ ഇപ്പോള്‍ പ്രചാരത്തിലുണ്ടെങ്കിലും കൂടുതല്‍ പ്രശസ്തിയാര്‍ജിച്ചിരിക്കുന്നത് ബിറ്റ്‌കോയിനാണ്. എന്നാല്‍ ബിറ്റ്‌കോയിനോട് എങ്ങനെ പ്രതികരിക്കണമെത് സംബന്ധിച്ച് ഇപ്പോഴും നമ്മുടെ സംവിധാനങ്ങള്‍ക്ക് ഒരു ധാരണയായിട്ടില്ല. ക്രിമിനലുകള്‍ക്കും തട്ടിപ്പുകാര്‍ക്കുമുള്ള ആയുധമെന്നായിരുന്നു ബിറ്റ്‌കോയിനെ അതിന്റെ കുതിപ്പിന്റെ കാലത്ത് പല വിദഗ്ധരും വിശേഷിപ്പിച്ചത്. അതേസമയം അന്താരാഷ്ട്ര നാണ്യനിധിയുടെ മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ഡിനെപ്പോലുള്ളവര്‍ ബിറ്റ്‌കോയിനെക്കുറിച്ച് പോസിറ്റിവായി പ്രതികരിക്കുന്നതും ലോകം കണ്ടു. ധനകാര്യ സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോകറന്‍സികളെ ഗൗരവകരമായി കാണേണ്ടതുണ്ടെന്നായിരുന്നു ലഗാര്‍ഡിന്റെ പ്രതികരണം. ബിറ്റ്‌കോയ്ന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളുടെ കടന്നുകയറ്റത്തില്‍ ബാങ്കുകള്‍ കാലക്രമേണ ഇല്ലാതാകുമെന്നുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭിപ്രായവും ശ്രദ്ധ നേടിയിരുന്നു.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്‌കോയിന്‍, കംപ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാമെന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഇടനിലക്കാരോ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്‌കോയിനിലൂടെ പ്രയോഗവല്‍ക്കരിക്കപ്പെട്ടത്. ബാങ്കിംഗ്് തകര്‍ച്ചയുടെ നിരാശയില്‍ നിന്നാണ് ഡിജിറ്റല്‍ കറന്‍സി എന്ന ആശയം രൂപംകൊണ്ടത്. അതുകൊണ്ടുതന്നെ വ്യവസ്ഥാപിത ബാങ്കുകള്‍ക്ക് അതിനോട് ഒരിക്കലും വലിയ താല്‍പ്പര്യം തോന്നിയിരുന്നില്ല. ഇക്കാരണങ്ങള്‍ കൊണ്ടാണ് ബിറ്റ്‌കോയിന്‍ ഇപ്പോഴും സമ്പദ് വ്യവസ്ഥയുടെ മുഖ്യധാരയിലേക്ക് വരാത്തത്. മുഖ്യധാരയിലില്ലാത്തതാണ് യഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിനിന്റെ ശക്തിയെന്ന് വാദിക്കുന്നവരുമുണ്ട്.

യുഎസില്‍ ബിറ്റ്‌കോയിന്‍ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് ആരംഭിച്ചതോടെ അതിന് പുതിയ മാനം കൈവന്നെങ്കിലും കറന്‍സിക്ക് കിതപ്പനുഭവപ്പെട്ടതോടെ ചര്‍ച്ചകളും നിന്നു. ബിറ്റ്‌കോയിന്‍ വീണ്ടും ട്രാക്കിലേക്ക് കയറിയതോടെ സമാന്തര നിക്ഷേപകരില്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരിക്കുന്നത്. ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഡിജിറ്റല്‍ കറന്‍സിയും അതിന് പിന്നിലുള്ള സാങ്കേതികവിദ്യയും നിക്ഷേപകര്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുള്ളതായി മാറുന്നു എന്നു തന്നെയാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ലോകത്തിന് മുന്നിലുള്ള പ്രധാന തലവേദന എങ്ങനെ ക്രിപ്‌റ്റോകറന്‍സികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാം എന്നതാകും.

Categories: Editorial, Slider
Tags: Bitcoin