സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ നിരോധിച്ചു

സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ നിരോധിച്ചു

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ഇന്നു സര്‍വസാധാരണയായി ഉപയോഗിക്കുന്ന ടെക്‌നോളജിയാണ്. അമേരിക്കയിലെ നിരവധി വിമാനത്താവളങ്ങളിലും വമ്പന്‍ സ്റ്റേഡിയങ്ങളിലും പൊലീസ് വകുപ്പുകളിലും ഈ ടെക്‌നോളജി ഉപയോഗിക്കുന്നു. പരിപാടി വീക്ഷിക്കാനെത്തുന്നവരില്‍ അക്രമികളുണ്ടോ എന്നു തിരിച്ചറിയുന്നതിനായി പ്രമുഖ പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ് സമീപകാലത്ത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിച്ചു. ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെയും മെഷീന്‍ ലേണിംഗിന്റെയും ഉദയത്തോടെയും, കൃത്യതയുള്ള ഡിജിറ്റല്‍ ക്യാമറയുടെ സഹായത്തോടെയും ഈ ടെക്‌നോളജിക്ക് വലിയ പുരോഗതിയാണു കൈവന്നത്. പക്ഷേ, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പൗരാവകാശം, സ്വാതന്ത്ര്യം എന്നിവ ഹനിക്കുമെന്ന കാരണത്താല്‍ അത് നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണു സാന്‍ഫ്രാന്‍സിസ്‌കോ നഗരം.

ട്വിറ്റര്‍, ഊബര്‍, എയര്‍ബിഎന്‍ബി തുടങ്ങിയ ടെക് ഭീമന്മാരുടെ കേന്ദ്രമാണ് അമേരിക്കന്‍ നഗരമായ സാന്‍ഫ്രാന്‍സിസ്‌കോ. ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ടെക് ഭീമന്മാര്‍ക്കും പ്രധാനപ്പെട്ട ഓഫീസുകളുണ്ട് ഈ നഗരത്തില്‍. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ ടെക്‌നോളജി വ്യവസായത്തിന്റെ ഹൃദയഭൂമിയാണ് സാന്‍ഫ്രാന്‍സിസ്‌കോ. സാങ്കേതിക ലോകത്തു വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ നിരവധി കമ്പനികള്‍ക്കു സഹായകരമായി തീര്‍ന്നിട്ടുണ്ട് സാന്‍ഫ്രാന്‍സിസ്‌കോ നഗരം. എന്നാല്‍ മേയ് 14ന് ഏവരേയും അത്ഭുതപ്പെടുത്തുന്നൊരു തീരുമാനമെടുത്തിരിക്കുകയാണു സാന്‍ഫ്രാന്‍സിസ്‌കോ. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി നിരോധിക്കുകയെന്നതാണ് ആ തീരുമാനം. ഒരു വീഡിയോ ക്ലിപ്പ് അല്ലെങ്കില്‍ ഫോട്ടോ അടിസ്ഥാനമാക്കി ഒരാളുടെ വ്യക്തിത്വം മനസിലാക്കാന്‍ പൊലീസും സര്‍ക്കാരിലെ മറ്റ് ഏജന്‍സികളും ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്നതു നിരോധിക്കാന്‍ യുഎസ് നഗരമായ സാന്‍ഫ്രാന്‍സിസ്‌കോ ചൊവ്വാഴ്ചയാണു (മേയ് 14) തീരുമാനിച്ചത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനു സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരുടെയിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ 8-1 ന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. തീരുമാനം ഒരു മാസത്തിനകം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യ നിരോധിക്കുന്ന യുഎസിലെ ആദ്യ നഗരമെന്ന വിശേഷണത്തിന് ഇതോടെ സാന്‍ഫ്രാന്‍സിസ്‌കോ അര്‍ഹമാകും. എങ്കിലും, രാജ്യത്തുടനീളം നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നൊരു പ്രധാന ടെക്‌നോളജിയെ നിരോധിച്ചത് പ്രതീകാത്മകമായി കിട്ടിയ ഒരു പ്രഹരം കൂടിയായി വിലയിരുത്തുന്നുണ്ട്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയെ പൊതു നിരീക്ഷണത്തിനായി (mass surveillance) സര്‍ക്കാര്‍ ഏജന്‍സികള്‍ ദുരുപയോഗം ചെയ്‌തേക്കുമെന്നും ഇതിലൂടെ കൂടുതല്‍ തെറ്റായ അറസ്റ്റുകളുണ്ടായേക്കുമെന്നും ഭയക്കുന്നതായി സ്വകാര്യത, പൗരാവകാശം എന്നിവയ്ക്കു വേണ്ടി വാദിക്കുന്നവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുടെ ഉപയോഗത്തെ വിലക്കുന്നതു സംബന്ധിച്ച പുതിയ നിയമം പ്രാദേശിക ബിസിനസുകള്‍ക്കു ബാധകമായിരിക്കില്ല. ഈ ടെക്‌നോളജി ഇപ്പോഴും അമേരിക്കയിലുടനീളം വലിയ തോതില്‍ നിയന്ത്രിക്കപ്പെട്ടിട്ടുമില്ല. എന്നാല്‍ സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തില്‍ ഈ ടെക്‌നോളജി നിരോധിക്കാനുള്ള തീരുമാനത്തിന്റെ അലയൊലികള്‍ മുഴങ്ങി കേള്‍ക്കുമെന്നത് ഉറപ്പാണ്. കാരണം, ഗൂഗിള്‍, ഫേസ്ബുക്ക് പോലുള്ള ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് അടിത്തറയൊരുക്കാന്‍ സാഹചര്യമൊരുക്കിയ നഗരമെന്ന വ്യക്തിത്വം പേറുന്ന നഗരമാണു സാന്‍ഫ്രാന്‍സിസ്‌കോ. ബിസിനസിനും ഉപഭോക്തൃസംബന്ധമായ (consumer use) ആവശ്യങ്ങള്‍ക്കുമായി മുഖത്തെ (face) ഉപയോഗിക്കാനുള്ള വിദ്യക്ക് ഫേസ്ബുക്കിലെയും ഗൂഗിളിലെയും എന്‍ജിനീയര്‍മാര്‍ രൂപം നല്‍കിയത്് സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലിരുന്നായിരുന്നു. ഇത്തരത്തില്‍ ഒരു വലിയ ചരിത്രമുള്ള നഗരം തന്നെ ആദ്യം ആ ടെക്‌നോളജിയെ നിരോധിക്കുന്നു എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വലിയൊരു സമൂഹമുള്ള നഗരമാണിന്നു സാന്‍ഫ്രാന്‍സിസ്‌കോ. അത്തരമൊരു നഗരത്തിലാണ് ആദ്യമായി ഈ സാങ്കേതികവിദ്യ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനര്‍ഥം സാങ്കേതികവിദ്യ സമ്മാനിക്കാവുന്ന വലിയ അപകടങ്ങളെ കുറിച്ചു വ്യക്തമായ ബോധ്യമുണ്ടായെന്നു വേണം കരുതാന്‍.

കുറ്റക്കാരെന്നു സംശയിക്കപ്പെടുന്നവരുടെ ഡാറ്റാബേസ് സ്‌കാന്‍ ചെയ്യുന്നതിനും, ആള്‍മാറാട്ടം പോലുള്ള തട്ടിപ്പുകള്‍ തടയുന്നതിനും യുഎസിലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരു പതിറ്റാണ്ടിലേറെയായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. പക്ഷേ, ഇവയുടെ ഉപയോഗവുമായി ബന്ധപ്പെട്ടു സമീപകാലത്ത് വലിയ ചര്‍ച്ചകള്‍ അരങ്ങേറുകയുണ്ടായി. പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഈ ടെക്‌നോളജിയെന്നാണു പൊതുവേ ഈ ടെക്‌നോളജിക്കെതിരേ ഉയര്‍ന്ന ആരോപണം. ഇതേ തുടര്‍ന്നാണു ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നതും. സൂപ്പര്‍വൈസറായ ആരോണ്‍ പെസ്‌കിനാണു സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിലെ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ നിരോധിക്കണമെന്നു നിര്‍ദേശിക്കുന്ന സ്റ്റോപ്പ് സീക്രട്ട് സര്‍വെയ്‌ലന്‍സ് ഓര്‍ഡിനന്‍സ് (Stop Secret Surveillance Ordinance) അവതരിപ്പിച്ചത്. ഈ ഓര്‍ഡിനന്‍സ് അഥവാ പ്രമേയം ഈ മാസം 14നാണു ചര്‍ച്ചയ്‌ക്കെടുത്തത്. തുടര്‍ന്നു നടന്ന വോട്ടെടുപ്പില്‍ 8-1നു പാസായി. ആറ് സൂപ്പര്‍വൈസര്‍മാരുടെ പിന്തുണ മതി ഓര്‍ഡിനന്‍സ് നിയമമാകാന്‍. സൂപ്പര്‍വൈസറായ കാതറീന്‍ സ്റ്റെഫാനി മാത്രമാണ് ഓര്‍ഡിനന്‍സിനെ എതിര്‍ത്തത്. ഇനി ഈ ഓര്‍ഡിനന്‍സ് മേയ് 21നു ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേഴ്‌സ് മീറ്റിംഗില്‍ വീണ്ടും അവതരിപ്പിക്കും. അതിനു ശേഷമായിരിക്കും ഓര്‍ഡിനന്‍സ് ഔദ്യോഗികമായി അംഗീകരിക്കണമോ, നിരാകരിക്കണമെന്നോ തീരുമാനിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി അപകടകരമായ ടെക്‌നോളജിയാണെന്നാണ് ഓര്‍ഡിനന്‍സ് അവതരിപ്പിച്ച ആരോണ്‍ പെസ്‌കിന്‍ പറയുന്നത്. പടിഞ്ഞാറന്‍ ചൈനയില്‍ ഉഗിറുകളുടെ ജനസംഖ്യ ട്രാക്ക് ചെയ്യാന്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യം അദ്ദേഹം സൂചിപ്പിച്ചു. പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നതാണ് ഈ ടെക്‌നോളജിക്കെതിരേ പൊതുവേ ഉയരുന്ന ആരോപണം. അതേസമയം ഈ ടെക്‌നോളജി നിരോധിക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് സാന്‍ഫ്രാന്‍സിസ്‌കോയിലെ നിയമ നിര്‍വഹണ ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുകയാണ്. പ്രത്യേകിച്ചു പൊലീസും, പ്രാദേശികതലത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രവര്‍ത്തിക്കുന്ന എസ്എഫ് സ്റ്റോപ്പ് ക്രൈം എന്ന ഗ്രൂപ്പും. കഴിഞ്ഞ ജൂണില്‍ അന്നാപോളിസില്‍ കൂട്ട വെടിവെയ്പ്പ് നടത്തിയ കുറ്റവാളിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജിയായിരുന്നു. എന്നാല്‍, നിരീക്ഷണം നടത്തി അടിച്ചമര്‍ത്തുന്ന തലത്തിലേക്കു ഭരണകൂടത്തെ, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി മാറ്റിയെടുക്കുമെന്നാണു സിവില്‍ ലിബര്‍ട്ടി ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. ടെക്‌നോളജി നിരോധിക്കുന്ന ബില്ലിനെ അനുകൂലിച്ച് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും(എസിഎല്‍യു), കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്‌ലാമിക് റിലേഷന്‍സും ഉള്‍പ്പെടുന്ന സിവില്‍ സൊസൈറ്റി ഗ്രൂപ്പ് രംഗത്തുവന്നിട്ടുണ്ട്.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍

മുഖത്തിലൂടെ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണു ഫേഷ്യല്‍ റെക്കഗ്‌നിഷന്‍. ഐ ഫോണ്‍ x പുറത്തിറക്കിയപ്പോള്‍ ആപ്പിള്‍ ഉയര്‍ത്തിക്കാണിച്ച പ്രധാന സവിശേഷത ഫെയ്‌സ് റെക്കഗ്‌നിഷനായിരുന്നു. ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്യുവാനുള്ള സുരക്ഷിത മാര്‍ഗമായിട്ടാണ് അന്ന് ആപ്പിള്‍ ഫേസ് ഐഡി എന്ന ഫേഷ്യല്‍ റെക്കഗ്‌നിഷനെ അവതരിപ്പിച്ചത്. ഏതു മങ്ങിയ വെളിച്ചത്തിലും മുഖത്തെ 30,000-ത്തോളം വരുന്ന സൂക്ഷ്മമായ അടയാളങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ട്രൂ ഡെപ്ത്ത് കാമറയാണ് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവിധാനത്തിനായി ആപ്പിള്‍ ഉപയോഗിക്കുന്നത്. ഒരു വ്യക്തിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇന്ന് വിമാനത്താവളങ്ങളിലും, പൊലീസ് ഏജന്‍സികളിലുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് ഈ ടെക്‌നോളജിയെ. പടിഞ്ഞാറന്‍ ചൈനയില്‍ ഉഗിറുകളെ തിരിച്ചറിയാന്‍ ഭരണകൂടം ഈ ടെക്‌നോളജി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Comments

comments

Categories: Top Stories