ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെ ഹൂത്തി വിമതരുടെ ഡ്രോണ്‍ ആക്രമണം;തിരിച്ചടിച്ച് സൗദി

ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെ ഹൂത്തി വിമതരുടെ ഡ്രോണ്‍ ആക്രമണം;തിരിച്ചടിച്ച് സൗദി

യെമനിലെ ഹൂത്തി അധീന പ്രദേശങ്ങളില്‍ യെമന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ 97 ഹൂത്തി കലാപകാരികള്‍ കൊല്ലപ്പെട്ടു

റിയാദ്: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി കൊണ്ട് ആക്രമണ പരമ്പര തുടരുന്നു. സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെ ഹൂത്തി വിമതര്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തിനുള്ള തിരിച്ചടിയെന്നോണം യെമനിലെ ഹൂത്തി അധീന പ്രദേശങ്ങളില്‍ സൗദി പിന്തുണയോടെയുള്ള യെമന്‍ സേന സൈനികാക്രമണം നടത്തി. ആക്രമണത്തില്‍ 97 ഹൂത്തികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. അല്‍ ധാലേ മേഖലയിലെ 120 ഹൂത്തി അധീന കേന്ദ്രങ്ങള്‍ സൈന്യം പിടിച്ചെടുത്തു. മിലിട്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി അറേബ്യയിലെ ഔദ്യോഗിക ചാനലായ അല്‍ അറേബ്യയാണ് ആക്രമണവാര്‍ത്ത പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ ചാനല്‍ പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ ഇന്ധന സംവിധാനത്തിന്റെ ഭാഗമായ രണ്ടിടങ്ങളില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂത്തി വിമതര്‍ ഏറ്റെടുത്തു. സൗദിയിലെ ഏഴോളം സുപ്രധാന ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ചൊവ്വാഴ്ച രാവിലെ തന്നെ ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു. പിന്നീട് പൈപ്പ്‌ലൈന്‍ ആക്രമണ വാര്‍ത്ത പുറത്തുവന്നതിന് ശേഷമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സരി വ്യക്തമാക്കിയത്. സൗദി അറേബ്യയ്‌ക്കെതിരായി ഇനിയും ആക്രമണങ്ങള്‍ നടത്തുമെന്ന് ഹൂത്തി വക്താവ് മുഹമ്മദ് അബ്ദേല്‍ സലാം ഭീഷണിപ്പെടുത്തി. യുഎഇക്കെതിരായും ആക്രമണം നടത്തിയേക്കുമെന്ന് മുഹമ്മദ് സൂചന നല്‍കി.

തീവ്രവാദികളുടെ ഭീരുത്വ നടപടിയെന്നാണ് പൈപ്പ് ലൈനുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ സൗദി വിശേഷിപ്പിച്ചത്. ആക്രമണത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായെങ്കിലും മറ്റ് അപകടങ്ങളോ ഉല്‍പാദനത്തിലും എണ്ണക്കയറ്റുമതിയിലും ഏതെങ്കിലും തരത്തിലുള്ള തടസങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി ഇന്ധനകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലി വ്യക്തമാക്കി. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറിനും ആറരയ്ക്കുമാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കളും വഹിച്ചെത്തിയ ഡ്രോണ്‍ വിമാനങ്ങളാണ് ആഗോള എണ്ണ വിതരണ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് ആക്രമണം നടത്തിയതെന്ന് ഫാലി പറഞ്ഞു.

ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് സൗദിയിലെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച എണ്ണവിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായി. കിഴക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള പൈപ്പ്‌ലൈനിലെ 8,9 പമ്പിംഗ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് അരാകോ വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് പൈപ്പ്‌ലൈനില്‍ തീപിടിച്ചു. മുന്‍കരുതലെന്നോണം ഈ പൈപ്പ്‌ലൈന്‍ താത്കാലികമായി അടച്ചിട്ടതായി അരാംകോ അറിയിച്ചു. പമ്പിംഗ് സ്റ്റേഷന്‍ 8ല്‍ നിസ്സാരമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

കിഴക്കന്‍ പ്രവശ്യയിലെ റിഫൈനറികളില്‍ നിന്നും ചെങ്കടലിലെ യന്‍ബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ്‌ലൈനാണ് കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്‌ലൈന്‍.1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ കാലത്താണ് ഈ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. പിന്നീടിത് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായി ഉപയോഗിച്ചെങ്കിലും 2012ല്‍ വീണ്ടും ഇതിലൂടെ എണ്ണ കൊണ്ടുപോകാന്‍ തുടങ്ങി. ഹോര്‍മുസ് കടലിടുക്ക് വഴി അല്ലാതെയുള്ള പൈപ്പ്‌ലൈന്‍ ഇന്ധനനീക്കത്തിന്റെ ഭാഗമാണിത്.

ഞായറാഴ്ച യുഎഇയിലെ ഫുജെയ്‌റ തുറമുഖത്തിന് സമീപം നാല് ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകളും അന്ന് ആക്രമിക്കപ്പെട്ട കപ്പലുകളില്‍ ഉള്‍പ്പെടുന്നു. സംഭവത്തില്‍ അമേരിക്കന്‍ സഹായത്തോടെയുള്ള യുഎഇ അന്വേഷണം തുടരുന്നതിനിടെയാണ് സൗദി അറേബ്യയുടെ എണ്ണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണമുണ്ടാകുന്നത്.

ആക്രമണത്തെ യുഎഇ അപലപിച്ചു. ആക്രമണത്തില്‍ സൗദി അറേബ്യയ്ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നുവെന്നും ഇരുരാജ്യങ്ങളുടെയും സുരക്ഷ വേര്‍തിരിക്കാനാകാത്തതാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഹൂത്തി ഭീകരതയുടെയും തീവ്രവാദ താല്‍പര്യങ്ങളുടെയും ഏറ്റവും പുതിയ തെളിവാണ് സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ആക്രമണമെന്നും യുഎഇ ആരോപിച്ചു. ആക്രമണത്തെ ബഹ്‌റൈന്‍, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും അപലപിച്ചു.

പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി കൊണ്ട് രണ്ട് ദിവസത്തിനിടെ യുഎഇയിലും സൗദി അറേബ്യയിലുമായി രണ്ട് ആക്രമണങ്ങളാണ് ഉണ്ടായത്. ഞായറാഴ്ച സൗദി അറേബ്യ, യുഎഇ, നോര്‍വേ തുടങ്ങിയ രാജ്യങ്ങളുടെ ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പശ്ചിമേഷ്യയിലെ മിക്ക രാഷ്ട്രങ്ങളും നടുക്കം രേഖപ്പെടുത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള തന്ത്രപ്രധാന പാതയിലുണ്ടായ ആക്രമണം സമുദ്ര ഗതാഗതത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയുടെ സഹായത്തോടെയാണ് ഫുജെയ്‌റയില്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യുഎഇ അന്വേഷണം നടത്തുന്നത്. വിശദമായ പദ്ധതിയുടെ അടിസ്ഥാനത്തിലായിരിക്കണം ആക്രമണം നടത്തിയിരിക്കുക എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാത്രമല്ല മേഖലയെ കുറിച്ചുള്ള വിശദമായ അറിവോടെയും ആക്രമണം നടത്താനുള്ള സര്‍വ്വ സന്നാഹത്തോടെയുമാണ് ആക്രമണം നടത്തിയിരിക്കുകയെന്നും ഇവര്‍ പറയുന്നു. കപ്പലുകള്‍ മുക്കുക എന്നതിനേക്കാള്‍ കപ്പലിന് തകരാറുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം അക്രമികള്‍ പ്രവര്‍ത്തിച്ചിരിക്കുകയെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായതിന് ശേഷം സംഘര്‍ഷഭരിതമാണ് പശ്ചിമേഷ്യ. കഴിഞ്ഞ ആഴ്ച യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാന വാഹിനി കപ്പലും ബോംബര്‍ വിമാനങ്ങളും അമേരിക്ക അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചിരുന്നു. 2015ലെ ആണവകരാറില്‍ നിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റം മൂലം കരാറില്‍ നിന്നും തങ്ങള്‍ ഭാഗികമായി പിന്മാറുകയാണെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക ഇറാന് മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഞായറാഴ്ച യുഎഇയിലുണ്ടായ ആക്രമണത്തില്‍ നിന്നും അകലം പാലിച്ച ഇറാന്‍ സംഭവം ആശങ്കാജനകമാണെന്നും അന്വേഷണം നടത്തണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ഇറാനുമായി ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി ഇറാന്‍ പ്രവര്‍ത്തിച്ചാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യത്തിന് നേരെ ഇറാന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ 120,000 സൈനികരെ മേഖലയിലേക്ക് അയക്കാനാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാക്കളില്‍ നിന്നും ഉപദേശം ലഭിച്ചതായി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
…………………………
കിഴക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള പൈപ്പ്‌ലൈനിലെ 8,9 പമ്പിംഗ് സ്‌റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് സൗദി അരാകോ വ്യക്തമാക്കി. പൈപ്പ് ലൈനില്‍ തീപിടിച്ചതിനാല്‍ ഇതിലൂടെയുള്ള പമ്പിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്
………………….
പൈപ്പ് ലൈനുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂത്തി വിമതര്‍ ഏറ്റെടുത്തു. സൗദിയിലെ ഏഴോളം സുപ്രധാന ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ചൊവ്വാഴ്ച രാവിലെ തന്നെ ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നു

Comments

comments

Categories: Arabia