ഡ്രോണുകളുടെ സഹായത്താല്‍ ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്ന ഭൂപടങ്ങള്‍

ഡ്രോണുകളുടെ സഹായത്താല്‍ ഡിജിറ്റല്‍വല്‍ക്കരിക്കപ്പെടുന്ന ഭൂപടങ്ങള്‍

രണ്ട്‌ നൂറ്റാണ്ടിന്റെ, കൃത്യമായി പറഞ്ഞാല്‍ 252 വര്‍ഷങ്ങളുടെ പഴക്കമുള്ള ഇന്ത്യയുടെ ഭൂപട നിര്‍മാതാക്കളായ സര്‍വെ ഓഫ് ഇന്ത്യ, പരമ്പരാഗത സമ്പ്രദായങ്ങളുപേക്ഷിച്ച് ഡിജിറ്റല്‍ യുഗത്തിലേക്ക് പദമൂന്നിയിരിക്കുകയാണ്. മാപ്പുകളെ ഡിജിറ്റല്‍വല്‍ക്കരിക്കാനും പ്രദേശങ്ങളെ കൃത്യതയോടെ പകര്‍ത്താനും ആളില്ലാ നിരീക്ഷണ വിമാനങ്ങളായ ഡ്രോണുകളാണ് സ്ഥാപനം ഇനി ഉപയോഗിക്കുക. പരീക്ഷണാര്‍ത്ം നടപ്പാക്കിയ പദ്ധതികള്‍ വന്‍ വിജയമായതോടെ 110 ഡ്രോണുകള്‍ ഇതിനായി ഉടനെ തന്നെ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍വെ ഓഫ് ഇന്ത്യയുടെ മേധാവി ലഫ്. ജനറല്‍ ഗിരീഷ് കുമാര്‍ വ്യക്തമാക്കുന്നു

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഔദ്യോഗിക സ്ഥാപനങ്ങളിലൊന്നാണ് സര്‍വെ ഓഫ് ഇന്ത്യ. ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ 1767 ല്‍ രൂപീകരിച്ച ഈ സ്ഥാപനം നിലവില്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയുടെ വിപുലവും വൈവിധ്യവുമാര്‍ന്ന പ്രദേശങ്ങളില്‍ സര്‍വെ നടത്തുകയും അവയുടെ കൃത്യമായ ഭൂപടങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നത് ഈ ഏജന്‍സിയാണ്.

ഡിജിറ്റല്‍വല്‍ക്കരണത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതിന് ശേഷം 2017 ല്‍ ഏജന്‍സി ഒരു ഓണ്‍ലൈന്‍ മാപ്പ് വെബ്‌സൈറ്റ് ആരംഭിച്ചു. എന്നാല്‍ ഡിജിറ്റല്‍വല്‍ക്കരിച്ച മാപ്പിലെ അനുപാതം 1:50,000 എന്ന പ്രാചീന അളവിലായിരുന്നു. അതായത്, മാപ്പിലെ ഒരു സെന്റിമീറ്റര്‍ പ്രതിഫലിപ്പിക്കുന്നത് ഭൂമിയിലെ 50,000 സെന്റിമീറ്ററുകളെയാണ്.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ത്വരിത വേഗത കൈവരിച്ചതിനാല്‍ അടിസ്ഥാനസൗകര്യ വികസന ആവശ്യകതയും ഉയര്‍ന്നു. അതിനാല്‍തന്നെ പന്ത് ഏജന്‍സിയുടെ കോര്‍ട്ടിലെത്തി. കൃത്യവും എളുപ്പത്തില്‍ ലഭ്യമാവുന്നതുമായ മാപ്പുകളുടെ ആവശ്യകതയും വര്‍ധിച്ചു. സര്‍വെ ഓഫ് ഇന്ത്യയുടെ മേധാവി ലഫ്. ജനറല്‍ ഗിരീഷ് കുമാര്‍ പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്…

മാപ്പുകള്‍ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ സര്‍വെ ഓഫ് ഇന്ത്യ എത്ര സമയമെടുക്കും?

1:50,000 തോതിലുള്ള ഭൂപടങ്ങള്‍ ഇതിനകം ഡിജിറ്റൈസ് ചെയ്യുകയും, അപ്‌ഡേറ്റ് ചെയ്യുകയും, ഡബ്ല്യുജിഎസ് 84 ലേക്ക് (ആധുനിക ജിപിഎസ് റഫറന്‍സ് സംവിധാനം) പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പഴയ ഭൂപടങ്ങള്‍ ആധുനിക ജിപിഎസുമായി യോജിക്കുന്നവയല്ലായിരുന്നു. മാത്രമല്ല ശരാശരി ഡാറ്റ ഉപയോഗിച്ചാണ് അവ നിര്‍മിച്ചിരുന്നത്. 2005 ല്‍ ദേശീയ ഭൂപട നയം നിലവില്‍ വന്ന ശേഷം രണ്ട് ശ്രേണിയിലാണ് ഭൂപടങ്ങള്‍ നിര്‍മിക്കപ്പെട്ടത്. പ്രതിരോധ ഭൂപടവും പൊതു ഭൂപടവും. ഇതില്‍ പ്രതിരോധ ശ്രേണി 2003 ല്‍ ആണ് ആരംഭിച്ചത്. 4,848 സൈനിക ഭൂപടങ്ങളും ഇതിനകം ഡിജിറ്റല്‍വല്‍ക്കരിച്ചും പ്രിന്റ് ചെയ്തും സേനയ്ക്ക് കൈമാറിക്കഴിഞ്ഞു.

ഭാവിയില്‍, 1:500 അനുപാതം മുതല്‍ 1: 10,000 തോതിലുള്ള മാപ്പുകള്‍ പൊതു വിഭാഗത്തില്‍ ലഭ്യമാകും. 1: 50,000 വളരെ പ്രാകൃതമായതിനാലാണിത്. 1:500 തോതില്‍ ഭൂപടങ്ങള്‍ വികസിപ്പിക്കുന്നതിന് വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികളുടെയും മറ്റും ആസൂത്രണത്തിന്റെ അടിസ്ഥാനം ഇതായിരിക്കും.

ഭൂപടങ്ങള്‍ ഡിജിറ്റൈസ് ചെയ്യുമ്പോഴും അപ്‌ഗ്രേഡ് ചെയ്യുമ്പോഴും നേരിടുന്ന വെല്ലുവിളികള്‍

ഒരു സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ വെല്ലുവിളികളുണ്ട്. നേരത്തെ ഫണ്ടുകളുടെ ലഭ്യത ഒരു പ്രശ്‌നമായിരുന്നു, എന്നാല്‍ ക്രമേണ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹായത്തോടെ ഈ പ്രശ്‌നത്തെ മറികടന്നു.

ഒരു ഫീല്‍ഡ് ഓര്‍ഗനൈസേഷനായതിനാല്‍ ഞങ്ങള്‍ക്ക് താഴെതട്ടില്‍ തടസങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. കാരണം രാജ്യത്തിന്റെ ഓരോ ഇഞ്ചും രേഖപ്പെടുത്തുകയെന്നത് ഞങ്ങളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. മാനുഷിക നൈപുണ്യം ഒരു വെല്ലുവിളിയായതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശേഷി വികസിപ്പിക്കുന്നതിന് ഞങ്ങള്‍ ശ്രമിച്ച് വരികയാണ്. ഈ ഡാറ്റ ശേഖരത്തിന്റെ ശക്തിയും പ്രയോജനവും ഉപഭോക്താവിനെ മനസിലാക്കിക്കുകയെന്നതും പ്രാധാന്യമുള്ള സംഗതിയാണ്. കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇതില്‍ സജീവമായി പങ്കെടുക്കണം. ഭൂമി ഇന്ത്യയിലെ സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയിലുള്ള വിഷയമാണ്. ഭൂമിയും ആസ്തികളും അവരാണ് കൈകാര്യം ചെയ്യുന്നത്. ഈ ഭൂപടങ്ങളുടെ ഉപയോക്താക്കള്‍ സംസ്ഥാനങ്ങളാണ്. അതിനാല്‍ തന്നെ ഞങ്ങള്‍ സ്വന്തമായി നിര്‍മ്മികുന്ന ഭൂപടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ അതൊരു വ്യര്‍ത്ഥ ജോലിയായി പോകും. സാങ്കേതിക വിദ്യയും പ്രക്രിയകളും ലഭ്യമാണ്. സഹകരിച്ച് മുന്നോട്ട് നീങ്ങേണ്ട ആവശ്യമേയുള്ളൂ.

സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച് നിലവില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണ്?

മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളുമായി ഞങ്ങള്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഏകദേശം 70 കോടി രൂപയുടേതാണ് ഈ പദ്ധതികള്‍. കര്‍ണാടകയില്‍ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളിലാണ് ഡ്രോണുകളുപയോഗിച്ച് ഡിജിറ്റല്‍ മാപ്പുകള്‍ തയാറാക്കുന്നത്.

മഹാരാഷ്ട്രയില്‍ ഏകദേശം 40,000 ഗ്രാമങ്ങളിലെ ജനവാസ മേഖലകളിലാണ് ആദ്യ മാപ്പിംഗ്. എല്ലാ ഗ്രാമങ്ങളിലും കൃഷി ഭൂമിയും വാസസ്ഥലങ്ങളുമുണ്ട്. മുന്‍പ് ഒരിക്കലും ഔദ്യോഗികമായി മാപ്പ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത്തരം വാസസ്ഥലങ്ങളില്‍ ആളുകള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥത ഉണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ സൊനാരി ജില്ലയില്‍ പരീക്ഷണാര്‍ത്ഥം ഞങ്ങള്‍ ഡിജിറ്റല്‍ മാപ്പിംഗ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ താമസക്കാര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത, സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്.

ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഹരിയാനയില്‍ 150 കോടി രൂപയുടെ പദ്ധതി അന്തിമഘട്ട ചര്‍ച്ചകളിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ഡിജിറ്റല്‍ മാപ്പിംഗ് നടത്തുന്നതിന് 15 മാസത്തെ സമയം ആവശ്യമാണ്.

ഗ്രാമീണ മേഖലകളില്‍ കൃഷി ഭൂമി തുണ്ടുകളായി വിഭജിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഓരോ തുണ്ട് ഭൂമിയുടെയും അതിര്‍ത്തികള്‍ അടയാളപ്പെടുത്തേണ്ടതായിട്ടുണ്ട്. ഇത്തരമൊരു ദൗത്യം മുമ്പൊരിക്കലും ചെയ്തിട്ടില്ല. അതിനാല്‍ ഞങ്ങള്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ്. ഇപ്പോഴുള്ള സന്നാഹങ്ങളും വേഗതയും കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാവില്ല. അധിക മനുഷ്യ വിഭവ ശേഷിയും സന്നാഹങ്ങളും ആവശ്യമാണ്.

നാഷണല്‍ ഹൈഡ്രോളജി പ്രോജക്റ്റിന് വേണ്ടി 300 കോടി രൂപയുടെ ഒരു പദ്ധതിയും ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ഗംഗ ഉള്‍പ്പെടെയുള്ള അഞ്ച് നദികളുടെ പ്രധാന പോഷക നദികളുടെ മാപ്പിംഗ് പദ്ധതിയാണിത്. നാല് വര്‍ഷത്തെ പദ്ധതിയാണിതെങ്കിലും 2021 ഓടെ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്.

ഡ്രോണുകളും മറ്റ് സാങ്കേതികവിദ്യകളും എങ്ങനെയാണ് ദൗത്യത്തില്‍ പ്രയോജനപ്പെടുത്തുന്നത്?

ഉയര്‍ന്ന റെസലൂഷനിലുള്ള മാപ്പിംഗിന് ആകാശത്തു നിന്നുമെടുത്ത ഫോട്ടോകള്‍ ആവശ്യമാണ്. ഒരു ഫിക്‌സഡ്-വിംഗ് എയര്‍ക്രാഫ്റ്റും അതിന്റെ അടിവശത്ത് ഘടിപ്പിച്ചിട്ടുള്ള കാമറയും വഴി മാത്രമേ ഏരിയല്‍ ഫോട്ടോഗ്രഫി സാധ്യമാകുകയുള്ളു. അത് വളരെ ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയയായിരുന്നു. അനുമതി ലഭിക്കാനായി മാസങ്ങള്‍ തന്നെ വേണ്ടി വന്നിരുന്നു. ചിത്രങ്ങള്‍ പ്രതിരോധ മന്ത്രാലയം പരിശോധിച്ച് അനുമതി നല്‍കുന്നതിനും ഏറെ കാലതാമസമെടുത്തിരുന്നു. ഡ്രോണുകള്‍ വന്നതോടെ മാപ്പിംഗ് പ്രക്രിയ മൊത്തത്തില്‍ ത്വരിതപ്പെട്ടിട്ടുണ്ട്. ഇമേജുകള്‍ എടുക്കുന്നതും മറ്റ് നടപടിക്രമങ്ങളും ഇനി കൂടുതല്‍ എളുപ്പമാകും.

കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നു. കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളുമായി ചേര്‍ന്ന് നിരവധി പ്രോജക്റ്റുകള്‍ ഞങ്ങള്‍ ചെയ്തു. കൂടുതല്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. വ്യോമയാന നിയന്ത്രാതാവായ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നതിനാല്‍ വീണ്ടും ടെന്‍ഡര്‍ നല്‍കേണ്ടതുണ്ട്. 110 ഡ്രോണുകള്‍ വാങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്. എയര്‍ ബോണ്‍ ലിഡര്‍ (ലേസര്‍ സെന്‍സറുള്ള സര്‍വെ ഉപകരണം) ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇനി ഡ്രോണുകളില്‍ ലിഡര്‍ ഘടിപ്പിച്ചാവും മാപ്പിംഗ് നടത്തുക.

ഇന്ത്യയില്‍ മാപ്പുകള്‍ ലഭിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരവധി തടസങ്ങളുണ്ടെന്ന വാദം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

2005 ല്‍ രൂപീകരിച്ച നയമനുസരിച്ച് മാപ്പുകളുടെ ലഭ്യത ഉദാരമാക്കിയിട്ടുണ്ട്. ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ട്രാഫിക് സിഗ്നലുകള്‍ പാലിക്കുന്നതു പോലെ സരളവും എന്നാല്‍ നിര്‍ബന്ധിതവുമാണത്. ദേശീയ സുരക്ഷയോ വ്യക്തി സുരക്ഷയോ എന്തുമാകട്ടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ആവശ്യത്തിനനുസരിച്ചുള്ള മാപ്പുകള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാറുമുണ്ട്.

Categories: FK Special, Slider