ഓഡിറ്റ് തട്ടിപ്പ്: മുന്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരെ ചോദ്യം ചെയ്യും

ഓഡിറ്റ് തട്ടിപ്പ്: മുന്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരെ ചോദ്യം ചെയ്യും

മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അടക്കമുള്ളവര്‍ ഹാജരാകേണ്ടി വരും

മുംബൈ: അടിസ്ഥാന സൗകര്യ വികസന, നിക്ഷേപക കമ്പനിയായ ഐഎല്‍&എഫ്എസിന്റെ (ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ്) ഓഡിറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കമ്പനി ബോര്‍ഡിലെ മുന്‍ സ്വതന്ത്ര ഡയറക്റ്റര്‍മാരെ വൈകാതെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ (എസ്എഫ്‌ഐഒ) ചോദ്യം ചെയ്യുമെന്ന് സൂചന. മാരുതി സുസുക്കി ഇന്ത്യ ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ, മുന്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പിന്റോ, സുനില്‍ ബി മാത്തൂര്‍, മുന്‍ സിറ്റി ബാങ്ക് ഉദ്യോഗസ്ഥനായ ജയ്തീര്‍ത്ഥ് റാവു എന്നിവരാണ് തട്ടിപ്പു നടക്കുമ്പോള്‍ ഐഎല്‍&എഫ്എസ് ബോര്‍ഡിലുണ്ടായിരുന്ന സ്വതന്ത്ര ഡയറക്റ്റര്‍മാര്‍. കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഏജന്‍സി ഇതിനകം തന്നെ കമ്പനിയുടെ ഓഡിറ്റര്‍മാരെയും മാനേജ്‌മെന്റ് തലത്തിലെ പ്രധാനികളെയും ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളെയും മറ്റും ചോദ്യം ചെയ്തു കഴിഞ്ഞു. ഇനി സ്വതന്ത്ര ഡയറക്റ്റര്‍, വിദഗ്ധര്‍, ഉപദേശകര്‍ എന്നിവരുടെ ഊഴമാണ്. ഐഎല്‍&എഫ്എസിലെ തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള എല്ലാവരും- ബോര്‍ഡ്, മാനേജ്‌മെന്റ്, കമ്മിറ്റി, റിസ്‌ക് മാനേജ്‌മെന്റ്, ഓഡിറ്റ് സമിതി എന്നിവരെല്ലാം ചോദ്യം ചെയ്യലിന് വിധേയമാകുമെന്നാണ് അനുമാനം.

കഴിഞ്ഞ പത്ത് വര്‍ഷമായി ഐഎല്‍& എഫ്എസ് ഗ്രൂപ്പിന്റെ ഓഡിറ്റര്‍മാരായ യുഎസ് ഓഡിറ്റര്‍ സ്ഥാപനം ഡെലോയ്റ്റും ഇതിനകം എസ്എഫ്‌ഐഒയുടെ ചോദ്യം ചെയ്യലിന് വിധേയമായിട്ടുണ്ട്. കമ്പനിയെ അപകട സ്ഥിതിയിലാക്കിയ കാര്യക്ഷമമല്ലാത്ത മനേജ്‌മെന്റും ഓഡിറ്റ് വീഴ്ച്ചകളും കണ്ടെത്തുന്നതിന് പ്രൊഫഷണല്‍ മാനേജര്‍മാരും സമിതിയും പരാജയപ്പെട്ടതെങ്ങനെയെന്നാണ് എസ്എഫ്‌ഐഒ അന്വേഷിക്കുന്നത്.

Categories: FK News, Slider