ചൈനയുടെ ചെറുകിട വില്‍പ്പന 16 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയില്‍

ചൈനയുടെ ചെറുകിട വില്‍പ്പന 16 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയില്‍

വ്യാവസായിക ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയും 5.4 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്

ന്യൂഡെല്‍ഹി: ചൈനീസ് സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന തളര്‍ച്ചയുടെ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഏപ്രിലില്‍ ചൈനയുടെ ചെറുകിട വില്‍പ്പന 16 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎസുമായുള്ള കടുത്ത വ്യാപാരയുദ്ധം പരിഹരിക്കേണ്ടതിനൊപ്പം ആഭ്യന്തര ആവശ്യകത വര്‍ധിപ്പിക്കുക എന്ന വലിയ വെല്ലുവിളിയും ചൈനീസ് ഭരണകൂടത്തിന് മുന്നിലുണ്ട്.

സര്‍ക്കാര്‍ നിക്ഷേപത്തെയും കയറ്റുമതിയെയും വലിയ തോതില്‍ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ എന്നതില്‍ നിന്ന് ചൈനയിലെ വിപുലമായ ഉപഭോക്തൃ കരുത്താല്‍ നയിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ എന്നതിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷമായി ചൈന നടത്തുന്നുണ്ട്. നിലവില്‍ യുഎസുമായി നിലനില്‍ക്കുന്ന താരിഫ് യുദ്ധം ഈ പരിഷ്‌കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രേരണയാണ് നല്‍കുന്നത്. എന്നാല്‍ ഇത് അത്ര ചെറിയ വെലുവിളിയല്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏപ്രിലില്‍ ചെറുകിട വില്‍പ്പനയില്‍ 7.2 ശതമാനത്തിന്റെ വളര്‍ച്ചയാണ് ചൈന സ്വന്തമാക്കിയത്. ശരാശരി 8.4 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ബ്ലൂംബെര്‍ഗ് സംഘടിപ്പിച്ച സര്‍വെയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്. മാര്‍ച്ചിനെ അപേക്ഷിച്ചു വില്‍പ്പന വളര്‍ച്ചയില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാസ്റ്റിക്‌സിലെ കണക്കുകള്‍ പ്രകാരം 2003നു ശേഷം ഒരു മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരുന്നു ഏപ്രിലിലേത്.

വ്യാവസായിക ഉല്‍പ്പാദനത്തിന്റെ വളര്‍ച്ചയും 5.4 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം സ്ഥിര ആസ്തികളിന്‍ മേലുള്ള നിക്ഷേപം ഏപ്രില്‍ വരെയുള്ള നാല് മാസത്തില്‍ 6.1 ശതമാനം വര്‍ധിച്ചു. ബ്ലൂംബെര്‍ഗ് സര്‍വെയിലെ നിഗമനങ്ങള്‍ക്ക് അടുത്തെത്താന്‍ ഈ രണ്ട് സൂചികകള്‍ക്കും സാധിച്ചിട്ടില്ല. വിപണിയെ ഉത്തേജിപ്പിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില ഉത്തേജന നടപടികള്‍ സമ്പദ് വ്യവസ്ഥയില്‍ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തിയിട്ടുണ്ട്. ഷാങ്ഹായ് ഓഹരി വിപണിയുടെ സംയോജിത സൂചിക ഇന്നലെ ഒരു ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

Comments

comments

Categories: Business & Economy
Tags: China retail