അഗസ്റ്റീനക്ക് പറയാനുണ്ട് ഒരു കുഞ്ഞുടുപ്പിന്റെ കഥ

അഗസ്റ്റീനക്ക് പറയാനുണ്ട് ഒരു കുഞ്ഞുടുപ്പിന്റെ കഥ

സംരംഭലോകത്തെ മറ്റൊരു വനിതാ സാന്നിധ്യമായി കൊച്ചിയില്‍ ടൂല ലൂലയുമായി അഗസ്റ്റീന എത്തിയിരിക്കുന്നു. ചലച്ചിത്ര താരം അജു വര്‍ഗീസിന്റെ ഭാര്യയായ അഗസ്റ്റീന ടൂല ലൂല എന്ന സ്ഥാപനത്തിലൂടെ സംരംഭകലോകത്ത് സജീവമാകുമ്പോള്‍ അത് കൊച്ചു കുട്ടികളുള്ള അമ്മമാരുടെ ഏറെ കാലത്തെ പരിഭവത്തിനുള്ള ഒരു പരിഹാരം കൂടിയാകുന്നു. കുട്ടികള്‍ക്ക് യോജിച്ച, അവര്‍ക്ക് അലോസരമുണ്ടാക്കാത്ത രീതിയിലുള്ള പാര്‍ട്ടി വെയര്‍ വസ്ത്രങ്ങള്‍ക്ക് മാത്രമായിട്ടുള്ള ബൊട്ടീക്ക് എന്ന നിലക്കാണ് ടൂല ലൂല ആവിഷ്‌കരിച്ചിരിക്കുന്നത്. ഒപ്പം കുട്ടികള്‍ക്ക് വേണ്ടി മാത്രമായുള്ള ഹെയര്‍കട്ടിംഗ് സലൂണും സ്പായുമുണ്ട്. വ്യത്യസ്തമായ സംരംഭകത്വ ആശയങ്ങള്‍ക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കൊച്ചി എന്ന് തെളിയിക്കുകയാണ് ടൂല ലൂലയിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം. സ്ഥാപനത്തിലെത്തുന്ന ഓരോ ഉപഭോക്താവിനെയും സന്തോഷത്തോടെ മടക്കിയയക്കാന്‍ അഗസ്റ്റീനക്ക് കഴിയുന്നത് തന്റെ പാഷനെ പിന്തുടര്‍ന്നുകൊണ്ട് സംരംഭകത്വത്തിലേക്ക് എത്തിയതിനാലാണ്

കൊച്ചു കുട്ടികളുള്ള കൊച്ചിയിലെ അമ്മമാര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം ടൂല ലൂലയാണ്. കൊച്ചി കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലായി മലയാളസിനിമയിലെ യുവതാരം അജു വര്‍ഗീസിന്റെ ഭാര്യ അഗസ്റ്റീന തുടക്കം കുറിച്ചിരിക്കുന്ന ബൊട്ടീക്ക് ആന്‍ഡ് സലൂണ്‍ ആണ് ടൂല ലൂല. ബൊട്ടീക്കുകള്‍ പുത്തരിയല്ലാത്ത കൊച്ചി പോലൊരു നഗരത്തില്‍ എന്താണ് ടൂല ലൂലയെ വ്യത്യസ്തമാക്കുന്നത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കൊച്ചുകുട്ടികളുടെ വസ്ത്രസൗന്ദര്യ സംരക്ഷണ മേഖലകളില്‍ ഏറ്റവും വലിയ തലവേദനയാകുന്ന രണ്ടു പ്രശ്‌നങ്ങള്‍ക്കാണ് ടൂല ലൂല പരിഹാരം കണ്ടെത്തിയിരിക്കുന്നത്. ആദ്യത്തേത്, കുട്ടികള്‍ക്ക് ചേരുന്ന പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍ കണ്ടെത്തുക എന്നത്. രണ്ടാമത്തേത് കരച്ചിലും വാശിയും മറ്റു പ്രശ്‌നങ്ങളുമൊന്നും കൂടാതെ കൊച്ചു കുട്ടികള്‍ക്ക് മുടിവെട്ടുന്നതിനുള്ള അവസരം കണ്ടെത്തുക എന്നത്. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ടൂല ലൂല.

ചലച്ചിത്ര താരങ്ങളും അവരുടെ ഭാര്യമാരും ബിസിനസില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അഗസ്റ്റീനയും ഈ മേഖലയിലേക്ക് കടന്നു വരുന്നത്. എന്നാല്‍ കേവലമൊരു ബൊട്ടീക്ക് എന്ന ചിന്തക്ക് അപ്പുറത്ത് നിന്നുകൊണ്ട് സംരംഭകത്വത്തെ നിര്‍വചിച്ചു കൊണ്ടാണ് ടൂല ലൂല ഇക്കഴിഞ്ഞ മാതൃദിനത്തില്‍ യാഥാര്‍ത്ഥ്യമായത്. അഗസ്റ്റീന അജു വര്‍ഗീസ് ദമ്പതിമാരുടെ നാലുമക്കള്‍ ചേര്‍ന്നാണ് ടൂല ലൂല ഉദ്ഘാടനം ചെയ്തത്. സംരംഭകത്വത്തിലേക്ക് വന്നതിനെപ്പറ്റിയും ടൂല ലൂലയുടെ പ്രത്യേകതകളെപ്പറ്റിയും അഗസ്റ്റീന ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

എന്താണ് ടൂല ലൂലയുടെ കഥ ?

ഒരമ്മയുടെ ആകാംഷകളും ആഗ്രഹങ്ങളും ആശങ്കകളും എല്ലാം കോര്‍ത്തിണക്കിയ ഒന്നാണ് ടൂല ലൂലയുടെ കഥ. ബൊട്ടീക്ക് തുടങ്ങണം, ബിസിനസിലേക്ക് വരണം എന്ന ആഗ്രഹം കൊണ്ട് മാത്രം തുടങ്ങിയ ഒരു സ്ഥാപനമല്ല ടൂല ലൂല. ഈ സ്ഥാപനത്തിന് പിന്നില്‍ കാലങ്ങളായുള്ള എന്റെ അധ്വാനമുണ്ട്, സ്വപ്‌നങ്ങളുണ്ട്. ഫാഷന്‍ ഡിസൈനിംഗില്‍ പണ്ട് മുതലേ താല്‍പര്യമുണ്ടായിരുന്നു എങ്കിലും ഞാന്‍ പഠിച്ചത് കൊമേഴ്‌സ് ആയിരുന്നു.2012 ല്‍ എംകോം കഴിഞ്ഞിരിക്കുന്ന സമയത്താണ് ഞാനും എന്റെ സുഹൃത്തും ചേര്‍ന്ന് ഫേസ്ബുക്കില്‍ മിയ സിഗ്‌നേച്ചര്‍ എന്നപേരില്‍ ഒരു പേജ് ആരംഭിക്കുന്നത്.ഞങ്ങള്‍ സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന നിലക്കാണ് ഞങ്ങള്‍ ഈ പേജിനെ കണ്ടിരുന്നത്. പ്രത്യേക പ്രൊമോഷനുകളും പരസ്യങ്ങളും ഒന്നും കൊടുക്കാതെ തന്നെ അത്യാവശ്യം നല്ല ഉപഭോക്താക്കളെ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഈ പേജാണ് സത്യത്തില്‍ സംരംഭകത്വത്തിലേക്ക് വരാനുള്ള പ്രചോദനം.

2014 ല്‍ വിവാഹം കഴിഞ്ഞു കുട്ടികള്‍ ആയതോടെ ഡിസൈനിംഗിന് അധികം ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം ആവശ്യങ്ങള്‍ക്കായി മാത്രമാണ് അക്കാലത്ത് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരുന്നത്. വസ്ത്രങ്ങളെക്കുറിച്ചും വ്യത്യസ്ത തരം മെറ്റിരിയലുകള്‍ ശരീരത്തിലുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചും ധാരണയുണ്ടായിരുന്നതിനാല്‍ പലപ്പോഴും കുട്ടികള്‍ക്കായി റെഡിമേഡ് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ എനിക്ക് അല്‍പം പോലും സംതൃപ്തി ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ആഘോഷങ്ങള്‍ക്കും മറ്റുമായി വാങ്ങുന്ന പാര്‍ട്ടിവെയറുകള്‍ തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്ന മെറ്റിരിയലുകള്‍ ഉപയോഗിച്ചുള്ളവയായിരുന്നു. അതിനാല്‍ എന്റെ മക്കള്‍ക്കുള്ള അത്തരം വസ്ത്രങ്ങള്‍ ഞാന്‍ സ്വയം ഡിസൈന്‍ ചെയ്ത് തുണി എടുത്ത് തയ്പ്പിക്കുകയായിരുന്നു. ഈ ഡിസൈനുകള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചു. ഈ രംഗത്ത് എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാകുമെന്ന ആത്മവിശ്വാസം ലഭിച്ചത് അങ്ങനെയാണ്.
കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്ന ബൊട്ടീക്കുകള്‍ നിരവധിയുണ്ടെങ്കിലും പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ കുറവാണ് എന്ന് ഞാന്‍ അന്വേഷച്ചറിഞ്ഞതില്‍ നിന്നുമാണ് ടൂല ലൂല എന്ന സ്വപ്‌നത്തിന് തുടക്കം കുറിക്കുന്നത്.

പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍ക്ക് മാത്രമായുള്ള ഇടം; അത്തരത്തില്‍ ഒരു സ്‌പേസ് കണ്ടെത്തുക എന്നത് എത്രമാത്രം ശ്രമകരമായിരുന്നു ?

ടൂല ലൂല ആരംഭിക്കുന്നതിന് മുന്നോടിയായി ഞാന്‍ ഒരു വിപണി പഠനം നടത്തിയിരുന്നു. അതില്‍ നിന്നുമാണ് കുട്ടികള്‍ക്കായുള്ള പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍ ലഭിക്കുന്നതിന് ഓരോ മാതാപിതാക്കളും ഏറെ കഷ്ട്ടപ്പെടുന്നതായി അറിഞ്ഞത്. എന്റേതിന് സമാനമായ അനുഭവം മറ്റു വ്യക്തികള്‍ക്കും ഉണ്ടെന്നു മനസ്സിലാക്കിയതോടെ, നിക്ഷേപം നടത്തിയാല്‍ വിപണി ചതിക്കില്ല എന്ന ഉത്തമ ബോധ്യം വന്നു. ഇത്തരത്തില്‍ ഒരു ആശയം മനസ്സില്‍ വന്നപ്പോള്‍ അജുവിനോടാണ് ആദ്യം പങ്കു വച്ചത്. കുട്ടികള്‍ ജനിച്ചതിനു ശേഷം ഞാന്‍ കരിയറില്‍ ശ്രദ്ധ വച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യത്തെ ഇരട്ട കുട്ടികള്‍ എല്‍കെജിയില്‍ പോകാനായി. രണ്ടാമത്തെ ഇരട്ടക്കുട്ടികള്‍ പ്‌ളേ സ്‌കൂളിലും പോകുന്നു. ഈയവസരത്തില്‍ എനിക്കായി ചെലവഴിക്കാന്‍ എന്റെ കയ്യില്‍ സമയമുണ്ട്. അതിനാല്‍ കുട്ടികള്‍ക്കായുള്ള ബൊട്ടീക്ക് എന്ന ആശയം പറഞ്ഞപ്പോള്‍ അതിന് പൂര്‍ണ പിന്തുണ തന്നു കൂടെ നിന്നത് അജുവാണ്. ഒരു വനിതയും വീട്ടമ്മയുടെ പരിവേഷത്തില്‍ വീട്ടില്‍ ഒതുങ്ങിക്കൂടുന്നത് ഇഷ്ടമല്ലാത്ത വ്യക്തിയാണ് അജു.അദ്ദേഹം തന്ന മാനസികമായ പിന്തുണയാണ് സംരംഭകയുടെ റോളിലേക്ക് എന്നെ എത്തിച്ചത്.

ബൊട്ടീക്കിനൊപ്പം സലൂണ്‍ എന്ന ആശയം വ്യത്യസ്തമാണല്ലോ ?

ഞാന്‍ പറഞ്ഞല്ലോ, ഒരു ‘അമ്മ എന്ന നിലയില്‍ ഞാന്‍ നേരിട്ട ബുദ്ധിമുട്ടുകളില്‍ നിന്നാണ് എന്റെ സ്ഥാപനം രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രമായുള്ള സലൂണുകള്‍ ഇല്ല എന്ന് തന്നെ പറയാം. ഞാന്‍ മക്കളുടെ മുടി വെട്ടുന്നതിനായി കൊണ്ടുപോകുമ്പോള്‍ പലപ്പോഴും പകുതി ദിവസം തന്നെ പോക്കാണ്. കുട്ടികള്‍ ബ്യൂട്ടീഷ്യന്‍ പറയുന്നത് അനുസരിച്ച് അടങ്ങി ഇരിക്കില്ല. ചിലപ്പോള്‍ ഭയന്നു കരയും മറ്റു ചിലപ്പോള്‍ വാശിപിടിക്കും. മുതിര്‍ന്ന ആളുകളുടെ അഭിരുചിക്ക് അനുസൃതമായി നിര്‍മിച്ചിരിക്കുന്ന സലൂണ്‍ അന്തരീക്ഷവുമായി ചേര്‍ന്ന് പോകാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. ഒരു വയസ് മുതല്‍ ആറു വയസ് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ഈ പ്രശ്‌നം പ്രധാനമായും നേരിടുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍കൊണ്ട് തന്നെ പലപ്പോഴും കുട്ടികളുടെ മുടിവെട്ടുന്നതിനായി കടയില്‍ തിരക്കൊഴിയുന്ന നേരം വരെ കാത്തിരിക്കേണ്ടി വരുന്നു. വലിയ സമയനഷ്ടമാണ് ഇതുണ്ടാക്കുന്നത്. കുട്ടികളുടെ മുടി വെട്ടുന്നത് അവരുടെ അഭിരുചിക്ക് ചേരുന്ന അന്തരീക്ഷത്തില്‍ വച്ചാണ് എങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാം എന്നെനിക്ക് തോന്നി. അങ്ങനെയാണ് കുട്ടികള്‍ക്കായുള്ള എക്‌സ്‌ക്ലൂസീവ് സലൂണ്‍ ആരംഭിക്കുന്നത്. ഇവിടെ ഇരിക്കുന്ന കസേര, ഉപയോഗിക്കുന്ന ഷാമ്പൂ, ഹെയര്‍ ക്രീം , കത്രികകള്‍ തുടങ്ങി എല്ലാ വസ്തുക്കളും കിഡ്‌സ് ഫ്രണ്ട്‌ലിയാണ്. ഞാന്‍ തന്നെ നേരിട്ട് പോയാണ് ഓരോ വസ്തുക്കളും തെരഞ്ഞെടുക്കുന്നത്.

ടൂല ലൂലയിലെ വസ്ത്രങ്ങളുടെപ്രത്യേകതകള്‍ എന്തൊക്കെയാണ്?

കുട്ടികളുടെ ചര്‍മത്തിന് ക്ഷതം ഏല്‍പ്പിക്കാത്ത രീതിയിലുള്ള പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. കുട്ടികള്‍ക്ക് സ്വതവേ ധരിക്കുന്നതിനായുള്ള വസ്ത്രങ്ങള്‍ വില്‍ക്കുന്നതിന് ധാരാളം സ്റ്റോറുകള്‍ കൊച്ചിയില്‍ സജീവമാണ് എന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനം. നവജാത ശിശു മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച, സോഫ്റ്റ് മെറ്റിരിയലുകളാണ് വസ്ത്ര നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഓരോ ഡിസൈനും ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. ഞാന്‍ സ്വയം ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ടൂല ലൂലയുടെ സ്റ്റിച്ചിംഗ് യൂണിറ്റിലാണ് തയ്‌ച്ചെടുക്കുന്നത്. കുഞ്ഞിന്റെ പേരിടല്‍ മുതല്‍ എല്ലാ ചടങ്ങുകള്‍ക്കും പ്രാമുഖ്യം നല്‍കികൊണ്ടുള്ള വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. തുടക്കത്തില്‍ സീസണ്‍ അനുസരിച്ചുള്ള വില്‍പ്പനക്കാണ് പ്രാമുഖ്യം നല്‍കുന്നത്. പേസ്റ്റള്‍ കളര്‍ തീമിലുള്ള വസ്ത്രങ്ങള്‍ക്കാണ് ആദ്യ സീസണില്‍ പ്രാധാന്യം. അടുത്ത സീസണ്‍ ‘സിംബ്ലിംഗ്‌സ് സ്‌പെഷല്‍ ആണ്’ . സഹോദരങ്ങള്‍ക്ക് ഒരേ പോലെ ധരിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ഏറെ നാളത്തെ പ്ലാനിംഗിന്റെ ഭാഗമാണ് ടൂല ലൂല എന്ന് പറഞ്ഞല്ലോ, ഒരുക്കങ്ങള്‍ എങ്ങനെയായിരുന്നു ?

കുട്ടികള്‍ക്കായുള്ള ബൊട്ടീക്ക് ആന്‍ഡ് സലൂണ്‍ എന്ന ആശയം മനസ്സില്‍ ഉറപ്പിച്ച ഉടനെ വിപണി സാധ്യതകള്‍ പഠിച്ചു. കുട്ടികള്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ അഭിരുചി, കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള ഇന്റീരിയര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ പഠിച്ചു. ഫ്രഞ്ച് രീതിയില്‍ സ്ഥാപനത്തിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ എന്നെ സഹായിച്ചത് ഇന്റീരിയര്‍ ഡിസൈനറും മ്യൂസിക് ഡയറക്റ്റര്‍ ഷാന്‍ റഹ്മാന്റെ ഭാര്യയുമായ സൈറ ആയിരുന്നു. കുട്ടികള്‍ക്ക് അലോസരമുണ്ടാക്കാത്ത അന്തരീക്ഷമാണ് സ്ഥാപനത്തില്‍ ഒരുക്കിയിരിക്കുന്നത്. അവര്‍ക്ക് ഓടിനടക്കാനും കളിക്കാനും അവസരമുണ്ട്. കുട്ടികള്‍ക്ക് അപകടമുണ്ടാക്കുന്ന വസ്തുക്കള്‍ ഒന്നും തന്നെ ഇന്റീരിയറില്‍ ഉപയോഗിച്ചിട്ടില്ല.

സലൂണിന്റെ കാര്യം പറയുകയാണെങ്കില്‍ കുട്ടികളെ ആകര്‍ഷിക്കാനും കുറച്ചു നേരം അടക്കിയിരുത്തനും കഴിയുന്ന രീതിയിലുള്ള അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, കളര്‍ഫുള്‍ ആയ അന്തരീക്ഷം , കളിപ്പാട്ടങ്ങള്‍ എന്നിവ കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ സ്വഭാവം മനസിലാക്കി, അവരെ ഉള്‍ക്കൊണ്ടുകൊണ്ട് ഹെയര്‍ കട്ടിംഗ് ചെയ്യുന്നതില്‍ പ്രാഗല്‍ഭ്യം നേടിയ ഹെയര്‍ സ്‌റ്റൈലിസ്റ്റുകളാണ് മറ്റൊരു പ്രത്യേകത. ഏത് പുത്തന്‍ ട്രെന്‍ഡും ഇവിടെ ആരോഗ്യകരമായിത്തന്നെ പരീക്ഷിക്കപ്പെടുന്നു. ഇന്റീരിയറില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങള്‍, വസ്തുക്കള്‍, ലോഗോ തുടങ്ങി ഓരോ കാര്യവും ഞാനും അജുവും കൂടിയാലോചിച്ചാണ് ചെയ്യുന്നത്. പലപ്പോഴും നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സിനിമ തിരക്കുകള്‍ മൂലം അജുവിനെ ലഭ്യമല്ലായിരുന്നു. എന്നാല്‍ മെസ്സേജിലൂടെ കൃത്യമായി ആശയവിനിമയം നടത്തി അജു എല്ലാക്കാര്യത്തിലും കൂടെ നിന്നു. കുട്ടികളാണ് ഞങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. അതിനാലാണ് കുട്ടികള്‍ തന്നെ സ്ഥാപനം ഉത്ഘാടനം ചെയ്തത്, അവര്‍ക്ക് ഉച്ഛരിക്കാനുള്ള എളുപ്പത്തിനാണ് ടൂല ലൂല എന്ന പേര് നല്‍കിയിരിക്കുന്നതും. 1000 രൂപ മുതല്‍ക്കാണ് വസ്ത്രങ്ങളുടെ വില ആരംഭിക്കുന്നത്. സലൂണിന്റെ ചാര്‍ജ് 250 രൂപയാണ്. ഇത് വരെ വന്ന ഓരോ ഉപഭോക്താക്കളും സന്തുഷ്ടരാണ് എന്നത് ഞങ്ങളുടെ വിജയമാണ്.

സ്ഥാപനത്തിന്റെ വിജയത്തിന് കൊച്ചി പോലൊരു ലൊക്കേഷന്‍ എത്രമാത്രം സഹായകമാകും ?

കൊച്ചിയിലെ ഏറ്റവും ഐക്കണിക്ക് ആയ ലൊക്കേഷനിലാണ് ടൂല ലൂല എന്നതാണ് ഞങ്ങളുടെ വിജയം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ടൂല ലൂല പ്രവര്‍ത്തിക്കുന്നത്. സമാധാനത്തോടെ ഷോപ്പിംഗ് നടത്താനുള്ള അവസരം ഇവിടെ ലഭിക്കുന്നു. ട്രാഫിക്ക് പ്രശ്‌നങ്ങളോ മലിനീകരണമോ ഒന്നും ഈ പ്രദേശത്തെ ബാധിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തെ ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.

ഭാവി പദ്ധതികള്‍ ?

തുടങ്ങിയതല്ല ഉള്ളൂ, പദ്ധതികള്‍ പലതും മനസിലുണ്ട് സാവധാനം യാഥാര്‍ത്ഥ്യമാക്കണം. നിലവില്‍ ഓണ്‍ലൈന്‍ വസ്ത്ര വിതരണം ആവശ്യപ്പെട്ട് ധാരാളംപേര്‍ വിളിക്കുന്നുണ്ട്. അതിനാല്‍ ടൂല ലൂലയുടെ ഓണ്‍ലൈന്‍ സ്റ്റോറിനായിരിക്കും അടുത്ത ഘട്ട വികസനത്തില്‍ പ്രാധാന്യം നല്‍കുക.

Categories: FK Special