ചന്ദ്രയാന്‍-2 വഹിക്കുക 13 പേലോഡുകള്‍

ചന്ദ്രയാന്‍-2 വഹിക്കുക 13 പേലോഡുകള്‍
  • ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേക്ഷണ ദൗത്യം ജൂലൈ 9 നും 16 നും ഇടയില്‍ നടന്നേക്കും
  • 13 ഇന്ത്യന്‍ നിര്‍മിത പേലോഡുകളും നാസയുടെ ഒരു ഉപകരണവുമാവും ബഹിരാകാശത്തെത്തിക്കുക
  • ചന്ദ്രയാന്‍-1 വഹിച്ചത് മൂണ്‍ ഇംപാക്റ്റ് പ്രോബടക്കം 11 പേലോഡുകള്‍

ബെംഗളൂരു: ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ന്റെ ഭാഗമായി 13 പേലോഡുകള്‍ ബഹിരാകാശത്തും ചന്ദ്രനിലും എത്തിക്കും. ഐഎസ്ആര്‍ഒ നിര്‍മിച്ച 13 പോലോഡുകളും അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഒരു പര്യവേക്ഷണ ഉപകരണവുമായും ചന്ദ്രയാന്‍-2 ന്റെ ഭാഗമായി വിക്ഷേപിക്കപ്പെടുക. മൂണ്‍ ഇംപാക്റ്റ് പ്രോബടക്കം 11 പേലോഡുകളെയാണ് 2008 ഒക്‌റ്റോബറില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-1 ദൗത്യം ബഹിരാകാശത്തെത്തിച്ചത്. ചന്ദ്രനിലെ ജലാംശ സാന്നിധ്യം ഈ ഉപകരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. രണ്ടാം ചാന്ദ്ര ദൗത്യത്തില്‍ ഏതൊക്കെ ഉപകരണങ്ങളുണ്ടാവുമെന്ന വിവരം ഐഎസ്ആര്‍ഒ പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകള്‍ ബഹിരാകാശത്തെത്തിക്കുന്ന വിവിധ പരീക്ഷണ, നിരീക്ഷണ ഉപകരണങ്ങളെയാണ് പേലോഡുകള്‍ എന്ന് പൊതുവെ വിളിക്കുന്നത്. യാത്രക്കാരെയും സാധനങ്ങളെയും പേലോഡുകളില്‍ഡ ഉള്‍പ്പെടുത്തി പറയാറുണ്ട്.

ചന്ദ്രയാന്‍-2 ലെ 13 പേലോഡുകളില്‍ എട്ടെണ്ണം ഓര്‍ബിറ്ററിന്റെ ഭാഗമായിരിക്കും. 3.8 ടണ്‍ ഭാരമുള്ള ബഹിരാകാശ വാഹനത്തിന് ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രഗ്യാന്‍) എന്നീ മൂന്ന് ഭാഗങ്ങളാണ് ഉണ്ടാവുക. എട്ട് പേലോഡുകള്‍ ഓര്‍ബിറ്ററിന്റെ ഭാഗമായിരിക്കും. ഇവ ചന്ദ്രനില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ ചുറ്റിത്തിരിഞ്ഞ് പ്രവര്‍ത്തിക്കും. മൂന്ന് പേലോഡുകള്‍ ലാന്‍ഡറിനൊപ്പം ചന്ദ്രോപരിതലത്തിലിറങ്ങും. പര്യവേക്ഷണം നടത്തുന്ന റോവറിന്റെ ഭാഗമായി രണ്ട് പേലോഡുകളുണ്ടാവും. വിക്ഷേപണ റോക്കറ്റായ ജിഎസ്എല്‍വി എംകെ-III യ്ക്ക് ഉള്ളില്‍ സംയോജിപ്പിച്ച രീതിയിലായിരിക്കും മൂന്ന് ഘടകങ്ങളും. ജുലൈ ഒന്‍പതിനും 16 നും ഇടയില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍-2, സെപ്റ്റംബര്‍ ആറിന് ചന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഓര്‍ബിറ്റല്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ സഹായത്തോടെയാവും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് സംയോജിപ്പിക്കപ്പെട്ട ഉപകരണങ്ങള്‍ എത്തുക. ലാന്‍ഡര്‍ ഇവിടെവെച്ച് വേര്‍പിരിയുകയും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുകയും ചെയ്യും. ലാന്‍ഡറിനുള്ളില്‍ ഘടിപ്പിച്ച റോവര്‍ ഇതോടെ പുറത്തിറങ്ങി പര്യവേക്ഷണങ്ങളും വിവര ശേഖരണവും ആരംഭിക്കും. 2008 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-1 ല്‍ 11 പേലോഡുകളാമ് ഘടിപ്പിച്ചിരുന്നത്. ഇവയില്‍ അഞ്ച് ഉപകരണങ്ങള്‍ ഇന്ത്യന്‍ നിര്‍മിതമായിരുന്നു. മൂന്ന് യൂറോപ്യന്‍ പേലോഡുകളും രണ്ട് അമേരിക്കന്‍ പോലോഡുകളും ഒരു ബള്‍ഗേറിയന്‍ ഉപകരണവും ചന്ദ്രയാന്‍-1, ചാന്ദ്ര ഭ്രമണ പഥത്തിലും ഉപരിതലത്തിലുമായി എത്തിച്ചു. 1.4 ടണ്‍ ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍-1 നെ പിഎസ്എല്‍വി റോക്കറ്റാണ് ബഹിരാകാശത്തെത്തിച്ചത്.

Categories: FK News, Slider
Tags: chandrayan 2