തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ ബസ് സര്‍വീസുമായി കരീം

തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ ബസ് സര്‍വീസുമായി കരീം

ജിദ്ദ-മക്ക റൂട്ടിലാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കുന്നത്

റിയാദ്: പശ്ചിമേഷ്യയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സംവിധാനമായ കരീം സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന സൗദിയില്‍ ബസ് സര്‍വീസ് എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കരീം.

ജിദ്ദയില്‍ നിന്നും പുണ്യ തീര്‍ത്ഥാടന നഗരമായ മക്കയിലേക്കാണ് കരീം നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിക്കുന്നത്. 85.കീ.മീ ദൂരമുള്ള ഈ പാതയില്‍ 25 റിയാലാണ് ടിക്കറ്റ് നിരക്കായി കരീം യാത്രക്കാരില്‍ നിന്നും ഇടാക്കുക. കഴിഞ്ഞ ഡിസംബറില്‍ ഈജിപ്തിലും കരീം ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഗതാഗത മാര്‍ഗങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന കരീം മേഖലയിലുടനീളം ബസ് സര്‍വീസ് ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയിലെ ബസ്-ഷട്ടില്‍ ആപ്പായ കമ്മ്യൂട്ടിനെ കരീം ഏറ്റെടുത്തിരുന്നു.

ഉംറ ചെയ്യാനെത്തുന്ന സ്വദേശികളും വിദേശികളുമായ വിശ്വാസികളെയാണ് സൗദി അറേബ്യയില്‍ കരീം ലക്ഷ്യമിടുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിന്നും വ്യത്യസ്തമായി ഉംറയ്ക്ക് പ്രത്യേക സീസണ്‍ ഇല്ലാത്തതിനാല്‍ എപ്പോഴും തീര്‍ത്ഥാടകര്‍ ഉണ്ടാകുമെന്നാണ് കരീം കരുതുന്നത്. ആദ്യഘട്ടത്തില്‍ 13 സീറ്റുകളുള്ള ബസുകളുമായിട്ടായിരിക്കും കരീം സര്‍വീസ് ആരംഭിക്കുക.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകരാണ് സൗദി അറേബ്യയിലെ ടൂറിസം മേഖലയുടെ കരുത്ത്. പ്രതിവര്‍ഷം 8 മില്യണ്‍ തീര്‍ത്ഥാടകരാണ് സൗദിയില്‍ എത്തുന്നത്. 2030 ആകുമ്പോഴേക്കും ഇത് 30 മില്യണായി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. തീര്‍ത്ഥാടകരുടെ എണ്ണത്തിലുണ്ടാകാന്‍ പോകുന്ന വര്‍ധനവ് മുന്‍കൂട്ടി കണ്ടാണ് സൗദിയില്‍ ബസ് സര്‍വീസ് എന്ന ആശയം കരീം അവതരിപ്പിക്കുന്നത്.

പശ്ചിമേഷ്യയുടെ സ്വന്തം സംരംഭമായ കരീമിനെ 3.1 ബില്യണ്‍ ഡോളറിന് മാര്‍ച്ചില്‍ ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമായ യുബര്‍ ടെക്‌നോളജീസ് ഏറ്റെടുത്തിരുന്നു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിപണിയായ സൗദിയില്‍ യുബറിന്റെ സാന്നിധ്യം ഉറപ്പിക്കാനും കരീം ബസ് സര്‍വീസിലൂടെ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. 2017ല്‍ സൗദിയില്‍ വനിതകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് വിലക്ക് നീക്കിയത് യുബറിന് തിരിച്ചടിയായിരുന്നു.

ടാക്‌സി സേവനത്തിന് പുറമേ ഫുഡ് ഡെലിവറി, പാക്കേജ് ഡെലിവറി, റൈഡുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള സൗകര്യം, ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ എന്നീ സേവനങ്ങള്‍ കഴിഞ്ഞിടെ കരീം അവതരിപ്പിച്ചിരുന്നു.

Comments

comments

Categories: Arabia