പാപ്പരത്ത നിയമം തുണച്ചു; 2018-2019ല്‍ വീണ്ടെടുത്തത് 70,000 കോടി എന്‍പിഎ

പാപ്പരത്ത നിയമം തുണച്ചു; 2018-2019ല്‍ വീണ്ടെടുത്തത് 70,000 കോടി എന്‍പിഎ
  • 94 എന്‍പിഎ കേസുകളാണ് പാപ്പരത്ത നിയമം വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിഹരിക്കപ്പെട്ടത്
  • ബാങ്കുകളുടെ മൊത്തം എന്‍പിഎ പത്ത് ശതമാനമായി ചുരുങ്ങിയിട്ടുണ്ടാകുമെന്നാണ് ക്രിസിലിന്റെ നിഗമനം

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാപ്പരത്ത നിയമം (ഐബിസി) വഴി 70,000 കോടി രൂപയുടെ നിഷ്‌ക്രിയാസ്തികള്‍ (എന്‍പിഎ) ബാങ്കുകള്‍ വീണ്ടെടുത്തതായി റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. 43 ശതമാനമാണ് ഇക്കാലയളവിലെ വായ്പാ വീണ്ടെടുക്കല്‍ നിരക്ക്. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലും ലോക് അദാലത്തും പോലുള്ള സംവിധാനങ്ങള്‍ വഴി 35,500 കോടി രൂപയുടെ കിട്ടാക്കടമാണ് വീണ്ടെടുക്കാനായിട്ടുള്ളത്. പാപ്പരത്ത നിയമം വഴി ഇതിന്റെ ഇരട്ടി തുക വീണ്ടെടുക്കാനായിട്ടുണ്ടെന്ന് ക്രിസില്‍ പറയുന്നു.

2018-2019 സാമ്പത്തിക വര്‍ഷം 94 എന്‍പിഎ കേസുകളാണ് പാപ്പരത്ത നിയമം വഴി പരിഹരിക്കപ്പെട്ടത്. മുന്‍പുള്ള എന്‍പിഎ പരിഹാര സംവിധാനങ്ങള്‍ വഴി 26.5 ശതമാനം കിട്ടാക്കടം വീണ്ടെടുക്കാനായ സ്ഥാനത്ത് ഐബിസി ഉപയോഗിച്ച് 43 ശതമാനം എന്‍പിഎ വീണ്ടെടുക്കാനായിട്ടുണ്ടെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് പ്രസിഡന്റ് ഗുര്‍പ്രീത് ചത്വാള്‍ പറഞ്ഞു.

കൃത്യമായി പറഞ്ഞാല്‍ പാപ്പരത്ത നിയമം പ്രാബല്യത്തില്‍ വന്നിട്ട് മൂന്ന് വര്‍ഷമായി. 2016ലാണ് നിയമം നടപ്പാക്കിയത്. ഐബിസി അനുസരിച്ചുള്ള നടപടിക്രമങ്ങളിലും പ്രവര്‍ത്തനത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ക്രിസില്‍ പറയുന്നു. സമ്മര്‍ദിത ആസ്തികളുടെ വേഗത്തിലുള്ള വീണ്ടെടുപ്പ് സാധ്യമാക്കുന്നതിനും വേഗത്തില്‍ കിട്ടാക്കടം പരിഹരിക്കുന്നതിനും പാപ്പരത്ത നിയമത്തിലൂടെ സാധിക്കുന്നുണ്ടെന്ന് ക്രിസില്‍ വ്യക്തമാക്കി.

ഐബിസിക്കുകീഴില്‍ എന്‍പിഎ പരിഹരിക്കുന്നതിന് കേന്ദ്ര ബാങ്ക് അനുവദിച്ചിട്ടുള്ള സമയത്തിന്റെ കാര്യത്തില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും ഐബിസി പുരോഗതിയുടെ ട്രാക്കില്‍ തന്നെയാണ്. വായ്പക്കാരില്‍ നിന്നും വായ്പാദാതാവിലേക്ക് അധികാരമെത്തിക്കുകയാണ് ഐബിസി ചെയ്യുന്നത്. എന്നാല്‍, കുടിശ്ശിക മുടക്കിയ വായ്പക്കാര്‍ നിയമത്തെ ഗൗരവമായി തന്നെ എടുക്കുന്നുണ്ട്. കാരണം, എന്‍പിഎ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ തങ്ങളുടെ സ്വത്ത് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഐബിസി നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ 4,452 കോസുകളിലായി 2.02 ലക്ഷം കോടി രൂപ മുതല്‍ മൂന്ന് ലക്ഷം കോടി രൂപ വരെ വീണ്ടെടുക്കാനായിട്ടുണ്ടെന്ന് ഐബിബിഐ (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ)യുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ക്രിസില്‍ ചൂണ്ടിക്കാട്ടി. മുടങ്ങിയ കുടിശ്ശികയില്‍ നല്ലൊരു തുക വായ്പാദാതാക്കള്‍ തിരിച്ചടച്ചതായും ക്രിസില്‍ പറഞ്ഞു.

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തില്‍ പുതിയ എന്‍പിഎകളുടെ വര്‍ധന കുറയ്ക്കാന്‍ ഇത് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകളുടെ മൊത്തം എന്‍പിഎ പത്ത് ശതമാനമായി ചുരുങ്ങിയിട്ടുണ്ടാകുമെന്നാണ് ക്രിസിലിന്റെ നിഗമനം. മുന്‍ വര്‍ഷം 11.5 ശതമാനമായിരുന്നു ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി നിരക്ക്.

മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം 1,143 കേസുകളാണ് പാപ്പരത്ത നിയമത്തിന് കീഴില്‍ തീരുമാനമാകാതെ കിടക്കുന്നത്. ഇതില്‍ 32 ശതമാനം കേസുകളും 270 ദിവസത്തില്‍ കൂടുതലായി പരിഹാരമാകാതെ കിടക്കുന്നവയാണ്. എതാനും ചില വലിയ എന്‍പിഎ കേസുകള്‍ 400 ദിവസത്തിലധികമായി കാലതമാസം നേരിടുന്നുണ്ടെന്നും ക്രിസില്‍ പറയുന്നു. എന്‍പിഎ പരിഹരിക്കുന്നതിന് ഐബിസിക്കുകീഴിലുള്ള ശരാശരി സമയ പരിധി 324 ദിവസമാണ്. എന്നാല്‍ നിയമം അനുസരിച്ച് 270 ദിവസത്തിനുള്ളില്‍ കേസ് പരിഹരിക്കണം. നേരത്തെ 4.3-4 വര്‍ഷം വരെ സമയമെടുത്തിരുന്ന സ്ഥാനത്താണിത്.

Comments

comments

Categories: FK News