ജനങ്ങള്‍ക്ക് വേണം എടിഎം; ബാങ്കുകള്‍ക്ക് വേണ്ട

ജനങ്ങള്‍ക്ക് വേണം എടിഎം; ബാങ്കുകള്‍ക്ക് വേണ്ട

ഒരു ലക്ഷം ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ലഭ്യമായത് 22 എടിഎമ്മുകള്‍ മാത്രം

മുംബൈ: പണമിടപാടുകള്‍ വര്‍ധിക്കുന്നതിനിടെയിലും എടിഎമ്മുകള്‍ അടച്ചുപൂട്ടാന്‍ ബാങ്കുകള്‍ ഉല്‍സാഹം കാണിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ എടിഎം ഇടപാടുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എടിഎമ്മുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് 22 എടിഎം എന്ന നിലയിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എടിഎം സൗകര്യം ലഭ്യമാകുന്നത്. ബ്രിക്‌സ് രാജ്യങ്ങളില്‍ തന്നെ ഏറ്റവും കുറഞ്ഞ അനുപാതമാണിതെന്ന് 2017 ലെ ഐഎംഎഫ് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. റഷ്യയില്‍ ഒരു ലക്ഷം പൗരന്‍മാര്‍ക്ക് 164 ഉം ബ്രസീലില്‍ 107 ഉം എടിഎമ്മുകള്‍ ലഭ്യമാണ്.

എടിഎമ്മുകളുടെ വര്‍ധിച്ച പ്രവര്‍ത്തന ചെലവാണ് ബാങ്കുകളെയും മൂന്നാം കക്ഷികളായ എടിഎം ഓപ്പറേറ്റര്‍മാരെയും പിന്തിരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എടിഎം സോഫ്റ്റ്‌വെയറും ഉപകരണങ്ങളും സമയോചിതമായി നവീകരണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടിരുന്നു. എടിഎമ്മിന്റെ സുരക്ഷാ ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് വരുമാനം വര്‍ധിക്കുന്നില്ല. എടിഎം സര്‍വീസിലെ ഇന്റര്‍ചേഞ്ച് ഫീസ്, വളര്‍ച്ച കുറയാന്‍ പ്രധാന കാരണമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ആര്‍ ഗാന്ധി അഭിപ്രായപ്പെടുന്നു. സ്വന്തമായി എടിഎം സേവനം ലഭ്യമാക്കുന്നതിന് പകരം ഇന്റര്‍ചാര്‍ജ് കുറവ് ഈടാക്കുന്ന മറ്റ് ബാങ്കുകളുടെ എടിഎമ്മുകളെ ആശ്രയിക്കാനാണ് ബാങ്കുകള്‍ക്ക് താല്‍പര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 ല്‍ ഭണത്തിലേറിയശേഷം 355 ദശലക്ഷം പേരെയാണ് മോദി സര്‍ക്കാര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എടിഎം പോലുള്ള അടിസ്ഥാന സാമ്പത്തിക സേവനങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കിയാലേ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാവൂ. സര്‍ക്കാരിന്റെ പല ക്ഷേമ പദ്ധതികളുടെയും തുകകള്‍ നേരിട്ട് ബാങ്ക് എക്കൗണ്ടുകളിലേക്കാണ് നിക്ഷേപിക്കപ്പെടുന്നത്. അതേ സമയം എടിഎമ്മുകളുടെ ദൗര്‍ലഭ്യം മൊബീല്‍ ബാങ്കിംഗ് പോലുള്ള ഡിജിറ്റല്‍ ബാങ്കിംഗ് രീതികള്‍ പ്രചരിക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

Categories: FK News, Slider