അരീന ഷോറൂമുകളുടെ എണ്ണം 400 തികഞ്ഞു

അരീന ഷോറൂമുകളുടെ എണ്ണം 400 തികഞ്ഞു

മാരുതി സുസുകിയുടെ മൂന്ന് വില്‍പ്പന ശൃംഖലകളിലൊന്നാണ് അരീന. നെക്‌സ, കൊമേഴ്‌സ്യല്‍ എന്നിവയാണ് മറ്റ് രണ്ട് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍

ന്യൂഡെല്‍ഹി : അരീന ഷോറൂമുകളുടെ എണ്ണം 400 തികഞ്ഞതായി മാരുതി സുസുകി പ്രഖ്യാപിച്ചു. മാരുതി സുസുകിയുടെ മൂന്ന് വില്‍പ്പന ശൃംഖലകളിലൊന്നാണ് അരീന. നെക്‌സ, കൊമേഴ്‌സ്യല്‍ എന്നിവയാണ് മറ്റ് രണ്ട് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍. ഇതോടെ മൂന്ന് വില്‍പ്പന ശൃംഖലകളിലുമായി ആകെ ഷോറൂമുകളുടെ എണ്ണം 2,940 കടന്നു. രാജ്യത്തെ 1,860 പട്ടണങ്ങളിലും നഗരങ്ങളിലുമായാണ് ഇത്രയും ഷോറൂമുകള്‍.

നിലവിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ നവീകരിച്ച് അരീന ഷോറൂമുകള്‍ ആരംഭിക്കാമെന്ന് 2017 ലാണ് മാരുതി സുസുകി തീരുമാനിച്ചത്. ഉപയോക്താക്കള്‍ക്കായി ഷോറൂമുകളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയും സജ്ജീകരിച്ചു. എണ്‍പത് ശതമാനത്തോളം ഉപയോക്താക്കള്‍ കാര്‍ വാങ്ങുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ തെരയുന്നതായി മാരുതി സുസുകി കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ വെബ്‌സൈറ്റും നവീകരിച്ചു. ടെസ്റ്റ് ഡ്രൈവ്, ഷോറൂം സന്ദര്‍ശനം എന്നിവ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. വലിയ ഇന്ററാക്റ്റീവ് ടച്ച്‌സ്‌ക്രീനുകളും അരീന ഷോറൂമുകളില്‍ ഒരുക്കി.

ഓള്‍ട്ടോ, ഓള്‍ട്ടോ കെ10, വാഗണ്‍ ആര്‍, സെലെറിയോ, സ്വിഫ്റ്റ്, ഡിസയര്‍, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, ജിപ്‌സി, ഓമ്‌നി, ഈക്കോ എന്നീ വാഹനങ്ങളാണ് അരീന ഷോറൂമുകളിലൂടെ വില്‍ക്കുന്നത്. ഹാച്ച്ബാക്കുകള്‍ മുതല്‍ വാനുകള്‍ വരെ വ്യത്യസ്തങ്ങളായ വാഹനങ്ങള്‍. ബാക്കിയുള്ള മാരുതി സുസുകി ഡീലര്‍ഷിപ്പുകളും അരീനയായി മാറ്റുകയാണ് ലക്ഷ്യം.

Comments

comments

Categories: Auto
Tags: Arena