1 കോടി ഇ-മൊബിലിറ്റി തൊഴിലവസരങ്ങളുമായി കേന്ദ്രം

1 കോടി ഇ-മൊബിലിറ്റി തൊഴിലവസരങ്ങളുമായി കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പന, പരിശോധന, ബാറ്ററി നിര്‍മാണം, വില്‍പ്പന, വില്‍പ്പനാന്തര സേവനം തുടങ്ങിയ ജോലികളില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ഇലക്ട്രിക് വാഹന ഗതാഗതം പ്രോല്‍സാഹിപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ള ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി വൈദഗ്ധ്യമുള്ള തൊഴിലാളികളെ വളര്‍ത്തിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമമാരംഭിച്ചു. ഇ-മൊബിലിറ്റി മേഖലയില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള രൂപരേഖയാണ് സര്‍ക്കാര്‍ തയാറാക്കിയത്. ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പന, പരിശോധന, ബാറ്ററി നിര്‍മാണം, വില്‍പ്പന, വില്‍പ്പനാന്തര സേവനം, അടിസ്ഥാന സൗകര്യം തുടങ്ങിയ ജോലികളില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയാണ് ഇതിനുള്ള പരിപാടികള്‍ തയാറാക്കുന്നത്.

പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍, ഓട്ടോമൊബീല്‍, ഊര്‍ജം തുടങ്ങി അനുബന്ധ മേഖലകളിലെ നൈപുണ്യ കൗണ്‍സിലുകളുടെയും സഹായം തേടും. കൊല്‍ക്കത്ത ആസ്ഥാനമായ സെന്‍ട്രല്‍ സ്റ്റാഫ് ട്രെയ്‌നിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ഇലക്ട്രിക് വാഹന വിദഗ്ധര്‍ക്കുള്ള പാഠ്യപദ്ധതി തയാറാക്കാനുള്ള ചുമതല. പവര്‍ സെക്റ്റര്‍ സ്‌കില്‍ കൗണ്‍സില്‍, ഇ-വാഹനമേഖലയില്‍ പരിശീലനം സിദ്ധിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, സഹായികള്‍ എന്നിവര്‍ക്കുള്ള തൊഴില്‍ മാനദണ്ഡങ്ങള്‍ തയാറാക്കി വരികയാണ്.

ഇലക്ട്രിക് മൊബിലിറ്റി മിഷന്‍

ദേശീയ ഊര്‍ജ സുരക്ഷ, വാഹന മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആഭ്യന്തര നിര്‍മാണ ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി 2013 ലാണ് നാഷണല്‍ ഇലക്ട്രിക് മൊബീലിറ്റി മിഷന്‍ പ്ലാന്‍ 2020 ആവിഷ്‌കരിക്കുന്നത്. 2020 ഓടെ ഇന്ത്യയില്‍ 6-7 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2030 ആകുന്നതോടെ 30 ശതമാനം ഇ-മൊബിലിറ്റിയാണ് ലക്ഷ്യമിടുന്നത്. ഇതുകൂടാതെ ഓട്ടോമോട്ടീവ് മിഷന്‍ പ്ലാന്‍ 2026 നു കീഴില്‍ ഓട്ടോ മേഖലയില്‍ 65 ദലശക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയുണ്ട്.

Categories: FK News, Slider
Tags: E mobility

Related Articles