ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ച് യമഹ

ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ച് യമഹ

1985 ലാണ് യമഹ മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്

ന്യൂഡെല്‍ഹി : ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യയില്‍ ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ചു. ഇന്ത്യയില്‍ സാന്നിധ്യമറിയിച്ച് 34 ാം വര്‍ഷത്തിലാണ് ഈ നേട്ടം കൈവരിച്ചത്. 1985 ലാണ് യമഹ മോട്ടോര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സൂരജ്പുര്‍, ഫരീദാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ യമഹയുടെ മൂന്ന് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കോടിയെന്ന എണ്ണം തികച്ച വാഹനമായി യമഹ എഫ്ഇസഡ്എസ്-എഫ്‌ഐ വി3.0 മോട്ടോര്‍സൈക്കിളാണ് ചെന്നൈ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചത്. ഇന്ത്യയില്‍ വിറ്റതുകൂടാതെ, കയറ്റുമതി ചെയ്ത ഇരുചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നതാണ് ഒരു കോടിയെന്ന നേട്ടം.

ഒരു കോടി വാഹനങ്ങളില്‍ അമ്പത് ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിച്ചത് 2012 നും 2019 നുമിടയിലാണ്. വേണ്ടിവന്നത് ഏഴ് വര്‍ഷം മാത്രം. ഇക്കാലയളവില്‍ ആകെ ഉല്‍പ്പാദനത്തിന്റെ 44 ശതമാനവും നിര്‍മ്മിച്ചത് സ്‌കൂട്ടറുകളായിരുന്നു. ഫാസിനോയാണ് ഏറ്റവുമധികം വിറ്റുപോകുന്നത്. ഒരു കോടി വാഹനങ്ങള്‍ നിര്‍മ്മിച്ചതില്‍ 80 ശതമാനവും സൂരജ്പുര്‍, ഫരീദാബാദ് പ്ലാന്റുകളിലാണ്. 20 ശതമാനം മാത്രമാണ് ചെന്നൈ പ്ലാന്റില്‍ നിര്‍മ്മിച്ചത്. 2015 ലാണ് ചെന്നൈ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചത്.

യമഹ മോട്ടോര്‍ ഇന്ത്യയുടെ ആകെ ഉല്‍പ്പാദനത്തില്‍ കൂടുതലും നിര്‍മ്മിച്ചത് മോട്ടോര്‍സൈക്കിളുകളാണ്. 77.88 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചപ്പോള്‍ 22.12 ലക്ഷം സ്‌കൂട്ടറുകള്‍ മാത്രമാണ് വിപണിയിലെത്തിച്ചത്. 2012 ലാണ് ആദ്യ സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. യമഹ റേ ആയിരുന്നു മോഡല്‍.

Comments

comments

Categories: Auto
Tags: Yamaha