അമേരിക്കയിലെ ഗ്രീന്‍കാര്‍ഡിന് സമാനമായ പദ്ധതിയുമായി സൗദി അറേബ്യ

അമേരിക്കയിലെ ഗ്രീന്‍കാര്‍ഡിന് സമാനമായ പദ്ധതിയുമായി സൗദി അറേബ്യ

സമ്പന്നരായ പ്രവാസി നിക്ഷേപകരെയും സംരംഭകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്നതാണ് ലക്ഷ്യം

ജിദ്ദ: കഴിവുറ്റ, സമ്പന്നരായ വിദേശ പൗരന്മാര്‍ക്ക് സ്‌പോര്‍ണസര്‍ ഇല്ലാതെ തന്നെ താമസ പെര്‍മിറ്റ് അനുവദിക്കുന്ന കരട് നിയമത്തിന് സൗദി അറേബ്യയിലെ ഷൂര കൗണ്‍സില്‍ അംഗീകാരം നല്‍കി. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് സംവിധാനത്തിന്റെ മാതൃകയിലുള്ള ഈ നിയമം വിദേശ നിക്ഷേപകരെയും സംരംഭകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോട് കൂടിയുള്ളതാണ്. സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് പുതിയ നിയമവും.

കഴിവുറ്റ പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും നിരവധി നേട്ടങ്ങള്‍ ഒരുക്കുന്നതാണ് പുതിയ ഇഖാമ സംവിധാനം. നിലവിലുള്ള ഇഖാമ സംവിധാനത്തിലേതു പോലെ താമസ പെര്‍മിറ്റിനായി സൗദി സ്‌പോണ്‍സറുടേയോ തൊഴിലുടമസ്ഥന്റെയോ ആവശ്യം ഈ പുതിയ നിയമത്തിന് കീഴില്‍ വേണ്ട. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് പുതിയ നിയമപ്രകാരം യോഗ്യരായ വിദേശ പൗരന്മാര്‍ക്ക് ഒരു വര്‍ഷത്തേക്കോ ദീര്‍ഘകാലത്തേക്കോ പുതുക്കാവുന്ന താമസ പെര്‍മിറ്റുകള്‍ ലഭിക്കും. യോഗ്യത നേടിയവര്‍ സാധുതയുള്ള പാസ്‌പോര്‍ട്ട്, തങ്ങളുടെ സാമ്പത്തിക സ്രോതസുകള്‍, ആരോഗ്യശേഷി, ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്ന് തെളിയിക്കുന്ന രേഖകള്‍ എന്നിവ ഹാജരാക്കേണ്ടതാണ് .

പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ബന്ധുക്കള്‍ക്കായി സന്ദര്‍ശക വിസയും തൊഴിലാളികള്‍ക്കായി തൊഴില്‍ വിസയും സ്‌പോണ്‍സര്‍ ചെയ്യാനും സൗദി അറേബ്യയില്‍ വസ്തുവകകള്‍ സ്വന്തമാക്കാനും നിയന്ത്രണങ്ങളില്ലാതെ എവിടെ വേണമെങ്കിലും സഞ്ചരിക്കാനും സാധിക്കും. തൊഴിലാളികളെ നിയമിക്കാനും സ്വകാര്യ, വാണിജ്യ,വ്യവസായ മേഖലകളില്‍ ജോലി ചെയ്യാനും യഥേഷ്ടം രാജ്യത്തേക്ക് വരാനും പോകാനും വിമാനത്താവളങ്ങളിലെ പ്രത്യേകവരി ഉപയോഗപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം ഇവര്‍ക്കുണ്ടാകും. നിയമം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും നിയന്ത്രണങ്ങളും വരുംമാസങ്ങളില്‍ പ്രഖ്യാപിച്ചേക്കും.

സമ്പന്നരായ പ്രവാസി നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി മറ്റെന്തെല്ലാം ഇളവുകള്‍ നല്‍കാന്‍ സാധിക്കുമെന്ന് ഗവേഷണം ചെയ്ത് കണ്ടെത്തണമെന്ന് ഏജന്‍സികള്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രവാസികളെ ലക്ഷ്യമാക്കി കഴിഞ്ഞ മാസം സൗദിയിലെ തൊഴില്‍, സാമൂഹ്യവികസന മന്ത്രാലയം ഗോള്‍ഡ് കാര്‍ഡ്് എക്‌സ്‌റ്റെന്‍ഡഡ് വിസ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2018ല്‍ ആരംഭിച്ച ജീവിത നിലവാര പദ്ധതി 2020 (ക്വാളിറ്റ് ഓഫ് ലൈഫ് പ്രോഗ്രാം 2020)യുടെ ഭാഗമായ ഈ പദ്ധതി സൗദി സംസ്‌കാരത്തില്‍ പ്രവാസികളുടെ പങ്ക് പ്രോത്സാഹിപ്പിക്കുക, മറ്റ് സംസ്‌കാരങ്ങള്‍ അംഗീകരിക്കാന്‍ സൗദി ജനതയെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോട് കൂടിയതാണ്.

Comments

comments

Categories: Arabia
Tags: Green Card

Related Articles