എസ്ബിഐ 1 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി

എസ്ബിഐ 1 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 61,663 കോടി രൂപയുടെ കടമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്
  • മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം എന്‍പിഎ 23% കുറഞ്ഞു

ന്യൂഡെല്‍ഹി: മാര്‍ച്ച് 31 വരെയുള്ള രണ്ട് വര്‍ഷ കാലയളവിനുള്ളില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് ഒരു ലക്ഷം കോടി രൂപയിലധികം കടം. ആസ്തിയില്‍ രാജ്യത്തെ ഏറ്റവും ധനകാര്യ സ്ഥാപനമാണ് എസ്ബിഐ. കടം എഴളുതിത്തള്ളിയതിലൂടെ പഴയ എന്‍പിഎ എക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ബാങ്കിന് സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം 61,663 കോടി രൂപയുടെ കടമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. 2017-2018 സാമ്പത്തിക വര്‍ഷം 40,809 കോടി രൂപയുടെ കിട്ടാക്കടം ബാങ്ക് എഴുതിത്തള്ളിയിരുന്നു. രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 1.02 ലക്ഷം കോടി രൂപയുടെ കടമാണ് എസ്ബിഐ എഴുതിത്തള്ളിയത്. ഇതിനു മുന്‍പുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി മൊത്തം 57,646 കോടി രൂപയുടെ കിട്ടാക്കടം മാത്രമാണ് എസ്ബിഐ എഴുതിത്തള്ളിയിരുന്നത്.

2018-2019ല്‍ വലിയൊരു ഭാഗം കിട്ടാക്കടം എഴുതിത്തള്ളിയതിനാല്‍ എസ്ബിഐയുടെ എന്‍പിഎയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനത്തിന്റെ കുറവാണുണ്ടായത്. മാര്‍ച്ച് അവസാനത്തെ കണക്ക് പ്രകാരം 1.72 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ എന്‍പിഎ. എഴുതിത്തള്ളിയ കടത്തിന്റെ തോത് വര്‍ധിച്ചതിനൊപ്പം ബാങ്കിന്റെ വായ്പാ വീണ്ടെടുക്കലിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുരോഗതിയുണ്ടായിട്ടുണ്ട്.

31,512 കോടി രൂപയുടെ വായ്പാ തുകയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്ബിഐയ്ക്ക് വീണ്ടെടുക്കാനായത്. 2017 മാര്‍ച്ച് 31 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ വെറും 28,632 കോടി രൂപയുടെ വായ്പ വീണ്ടെടുത്ത സ്ഥാനത്ത് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 45,429 കോടി രൂപയുടെ വായ്പ വീണ്ടെടുക്കാന്‍ ബാങ്കിന് കഴിഞ്ഞു.

വായ്പ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പാകുന്ന അവസരത്തിലാണ് കടം എഴുതിത്തള്ളാന്‍ ബാങ്ക് തയാറാകുന്നത്. എഴുതിത്തള്ളുന്നതിന് മുന്‍പ് അത് വീണ്ടെടുക്കാനുള്ള മുഴുവന്‍ ശ്രമവും നടത്തിയിട്ടുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതേസമയം, കിട്ടാക്കടം പരിഹരിക്കുന്നതിനായുള്ള നീക്കിയിരിപ്പ് പെട്ടെന്ന് വര്‍ധിപ്പിക്കേണ്ടതില്ല. കിട്ടാക്കടം പഴക്കം ചെല്ലുന്നതിനനുസരിച്ച് നീക്കിയിരിപ്പ് ഉയര്‍ത്താവുന്നതാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എഴുതിത്തള്ളിയ എന്‍പിഎ എക്കൗണ്ടുകളില്‍ നിന്നും 22,859 കോടി രൂപയുടെ കടം വീണ്ടെടുക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 13,678 കോടി രൂപയുടെ കടം കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി വീണ്ടെടുത്തവയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ എഴുതിത്തള്ളിയ തുക വീണ്ടെടുത്ത വായ്പയേക്കാള്‍ കൂടുതലാണ്. 1.6 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ ബാങ്ക് എഴുതിത്തള്ളിയത്. വീണ്ടെടുത്തത് 96,920 കോടി രൂപയും.

838.40 കോടി രൂപയുടെ അറ്റ ലാഭമാണ് മാര്‍ച്ച് പാദത്തില്‍ ബാങ്ക് നേടിയത്. കിട്ടാക്കടം പരിഹരിക്കുന്നതിന് ഉയര്‍ന്ന തുക നീക്കിയിരിപ്പ് വെച്ചതാണ് ബാങ്കിന്റെ ലാഭം അനലിസ്റ്റുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിന്റെ കാരണം. 2017 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ എസ്ബിഐ 7,718.17 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.

സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയ തുക
(കോടി)

2014-2015 21,313

2015-2016 15,763

2016-2017 20,570

2017-2018 40,809

2018-2019 61,663

Comments

comments

Categories: Current Affairs