റീട്ടെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി ഉയരും: ക്രിസില്‍

റീട്ടെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി ഉയരും: ക്രിസില്‍
  • ഭക്ഷ്യ വിലക്കയറ്റം ഉയരുന്നത് പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കുമെന്നാണ് ക്രിസില്‍ പറയുന്നത്
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.4 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം നടപ്പു സാമ്പത്തിക വര്‍ഷം നാല് ശതമാനമായി ഉയരുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. 0.60 ശതമാനം റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഉണ്ടാകുമെന്നാണ് ക്രിസിലിന്റെ നിരീക്ഷണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.4 ശതമാനമായിരുന്നു റീട്ടെയ്ല്‍ പണപ്പെരുപ്പം.

ഭക്ഷ്യ വിലക്കയറ്റമാണ് പ്രധാനമായും സിപിഐ പണപ്പരുപ്പത്തില്‍ പ്രതിഫലിക്കുക. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം അസാധാരണമായ താഴ്ന്ന തലമായ 0.1 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി ഉയരുമെന്നാണ് ക്രിസില്‍ പറയുന്നത്. സ്ഥിതിവിവരശാസ്ത്രപരമായ ഘടകങ്ങള്‍ കാരണമാണ് മൊത്തം പണപ്പെരുപ്പം ഉയരുന്നതെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ആര്‍ബിഐയുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ താഴെയായി പണപ്പെരുപ്പം നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിലനിര്‍ത്താനാകുന്നത്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ തന്നെ തുടരുകയാണെങ്കില്‍ കുറഞ്ഞ ഭക്ഷ്യ വിലക്കയറ്റം നിലനിര്‍ത്താനാകുമെന്ന് ക്രിസില്‍ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ധര്‍മകിര്‍ത്തി ജോഷി പറഞ്ഞു.

എന്നാല്‍, എല്‍നിനോ പ്രതിഭാസം കാരണം മഴ അലസമായി പെയ്യുന്നത് ഭക്ഷ്യ വിലക്കയറ്റം വര്‍ധിക്കാന്‍ ഇടയാക്കിയേക്കും. ഇത് റീട്ടെയ്ല്‍ പണപ്പെരുപ്പം അഞ്ച് ശതമാനം വരെ ഉയര്‍ത്താന്‍ ഇടയുണ്ടെന്നും ക്രിസില്‍ പറയുന്നു. അതേസമയം, ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞാല്‍ പണപ്പെരുപ്പം 3.5 ശതമാനത്തില്‍ നിലനിര്‍ത്താനായേക്കുമെന്നാണ് ക്രിസിലിന്റെ നിഗമനം. എണ്ണ വിലയിലെ അസ്ഥിരത റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ പരിമിതമായ സ്വാധീനം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നാണ് ക്രിസില്‍ പറയുന്നത്.

ഇതാദ്യമായല്ല രാജ്യത്ത് പണപ്പെരുപ്പം നിലവിലേത് പോലെ കുറഞ്ഞ തലത്തില്‍ തുടരുന്നത്. 2006 സാമ്പത്തിക വര്‍ഷം വരെയുള്ള ആറ് വര്‍ഷകാലയളവില്‍ പണപ്പെരുപ്പം കുറഞ്ഞ തലത്തിലായിരുന്നു. ഇക്കാലയളവിലെ ശരാശരി റീട്ടെയ്ല്‍ പണപ്പെരുപ്പം 3.9 ശതമാനമായിരുന്നു. 2015 സാമ്പത്തിക വര്‍ഷം മുതല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരെയുള്ള ശരാശരി റീട്ടെയ്ല്‍ പണപ്പെരുപ്പം 4.5 ശതമാനമാണ്.

മാര്‍ച്ചിലെ 2.86 ശതമാനത്തില്‍ നിന്നും ഏപ്രിലില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 2.92 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വില ഉയര്‍ന്നതാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. അതേസമയം, നാല് ശതമാനത്തില്‍ താഴെയായി പണപ്പെരുപ്പം തുടരുന്നത് ആശ്വാസം നല്‍കുന്നുണ്ട്. ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തയാറായേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

സാമ്പത്തിക വളര്‍ച്ചയിലെ ക്ഷീണം കണക്കിലെടുത്ത് പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ തുടരുന്നതിനാല്‍ പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തയാറാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ ആറിനാണ് അടുത്ത ധനനയ അവലോകന യോഗം നടക്കുന്നത്. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു.

Comments

comments

Categories: FK News

Related Articles