പോളിംഗ് ശതമാനം റെക്കോഡിലേക്ക്

പോളിംഗ് ശതമാനം റെക്കോഡിലേക്ക്

ഉയര്‍ന്ന പോളിംഗ് ആരെ തുണക്കുമെന്ന കാര്യത്തില്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശങ്ക

ന്യൂഡെല്‍ഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഈ വര്‍ഷത്തെ ലോക് സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്കെത്തിയിരിക്കെ പോളിംഗ് ശതമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 67 ശതമാനം പോളിഗ് ഇത്തവണ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2014 ല്‍ 66.4 ശതമാനം ആളുകളാണ് വോട്ട് ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുള്ള കണക്കുകളനുസരിച്ച് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം 69.5 ശതമാനവും രണ്ടാം ഘട്ടം 69.44 ശതമാനവും മൂന്നാം ഘട്ടം 68.4 ശതമാനവും നാലാം ഘട്ടം 65.51 ശതമാനവും വോട്ടിംഗ് നടന്നിട്ടുണ്ട്. മെയ് 19 നാണ് ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കേണ്ടത്.

സാമ്പത്തിക സേവന സ്ഥാപനമായ നോമുറയുടെ മണ്ഡലങ്ങള്‍ തിരിച്ചുള്ള താരതമ്യ പഠനമനുസരിച്ച് ആദ്യ നാല് ഘട്ടങ്ങള്‍, അതായത് 69 ശതമാനം സീറ്റുകളിലേക്കുള്ള പോളിംഗ് പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് സ്വാധീനമുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, ഗുജറാത്ത്, അസം, കര്‍ണാടക സംസ്ഥാനങ്ങളിലാണ് സമതിദായകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിരിക്കുന്നത്. പരമ്പരാഗതമായി ബിജെപിക്ക് മേല്‍കോയ്മയില്ലാത്ത ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലും വോട്ടിംഗ് ശതമാനം വര്‍ധിച്ചു. ഭൂരിപക്ഷം കുറഞ്ഞാലും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തില്‍ തിരിച്ചെത്തുമെന്നാണ് നോമുറയുടെ പ്രവചനം. നിക്ഷേപക സ്ഥാപനമായ ആംബിറ്റ് കാപ്പിറ്റലും കാപ്പിറ്റല്‍ മാര്‍ക്കറ്റ് കമ്പനിയായ സിഎല്‍എസ്എയും സമാനമായ പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്.

അതേ സമയം വോട്ടിംഗ് ശതമാനത്തിലെ വര്‍ധന ജനങ്ങളുടെ വര്‍ധിച്ച അസംതൃപ്തിയുടെയും ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുന്നതിന്റെയും സൂചനയാണ് നല്‍കുന്നതെന്നും മുന്‍ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്ത് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. വോട്ടര്‍മാരെ വശത്താക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശ്രമങ്ങളും സാമൂഹ്യ മാധമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങളുടെ സ്വാധീനവും പൊതു രാഷ്ട്രീയ അവബോധവും വോട്ടിംഗ് ശതമാനം വര്‍ധിക്കാന്‍ സഹായകമായിട്ടുണ്ട്.

Categories: FK News, Slider
Tags: Polling, Vote