ആഴിയുടെ ആഴങ്ങളില്‍ കണ്ടെത്തിയത്

ആഴിയുടെ ആഴങ്ങളില്‍ കണ്ടെത്തിയത്

മനുഷ്യനിര്‍മിത പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന ആഘാതം എത്രത്തോളം വലുതാണെന്നു നമ്മള്‍ നിരവധി തവണ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ മരിയാന ട്രഞ്ചില്‍ നടത്തിയ ഏറ്റവും പുതിയ പര്യവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതും പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ആഘാതം തന്നെയാണ്. അതോടൊപ്പം അതിന്റെ വ്യാപനം എത്രത്തോളം വലുതാണെന്നും ബോധ്യപ്പെടുത്തിയിരിക്കുന്നു.

സമുദ്രത്തിന്റെ ആഴങ്ങളിലേക്കു നിധി തേടി പോയ ഭൂതത്തിന്റെ കഥയെ കുറിച്ചു നമ്മള്‍ വായിച്ചിട്ടുണ്ട്. അന്തര്‍വാഹിനിക്കുള്ളിലിരുന്ന് വിക്ടര്‍ വെസ്‌കോവോ എന്ന 53-കാരനായ യുഎസിലെ റിട്ടയേര്‍ഡ് നാവിക ഉദ്യോഗസ്ഥന്‍, ചലഞ്ചര്‍ ഡീപ്പെന്ന ഏറ്റവും ആഴമേറിയ ഭാഗത്തേയ്ക്കു നടത്തിയ യാത്രയില്‍ കണ്ടെത്തിയത് മുത്തും പവിഴവുമൊന്നുമല്ല. പകരം, ലോകത്തെ ഏതു തെരുവിലും കാണാവുന്ന ഒന്ന് തന്നെയാണു കണ്ടെത്തിയത്; പ്ലാസ്റ്റിക് മാലിന്യം. കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ പര്യവേക്ഷണത്തിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ചയാണ് (മേയ് 13) വിക്ടര്‍ പുറത്തുവിട്ടത്. ഇതിലാണു പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ വിവരത്തെ കുറിച്ചു സൂചിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ വ്യാപനത്തിന്റെ വ്യാപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമുദ്രങ്ങളിലെല്ലാം കൂടി 100 മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടെന്നാണു യുഎന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശമാണു ചലഞ്ചര്‍ ഡീപ്പ്. ശാന്തസമുദ്രത്തിലെ മരിയാന ട്രഞ്ചിന്റെ തെക്കേയറ്റത്താണ് 11,033 മീറ്റര്‍ ആഴമുള്ള ചലഞ്ചര്‍ ഡീപ്പ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് സര്‍വേ കപ്പലായ എച്ച്.എം.എസ്. ചലഞ്ചറാണ് 1875ല്‍ ഇത് കണ്ടെത്തിയത്. ഡിഎസ്‌വി ലിമിറ്റിംഗ് ഫാക്ടറെന്ന (DSV Limiting Factor) മുങ്ങിക്കപ്പലിലാണു വിക്ടര്‍ പര്യവേക്ഷണം നടത്തിയത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി പര്യവേഷണത്തിന്റെ ഭാഗമായി മരിയാന ട്രഞ്ചില്‍ അദ്ദേഹം നാല് തവണ ഡൈവ് (ശ്വാസോപകരണം വഹിച്ചു കൊണ്ട് ജലത്തിനടിയിലൂടെയുള്ള നീന്തല്‍) നടത്തി. മരിയാന ട്രഞ്ചില്‍ ഏകദേശം 35,853 അടിയോളം താഴ്ചയിലേക്കു വിക്ടര്‍ നീന്തുകയുണ്ടായി. ഇങ്ങനെ നടത്തിയ ഡൈവിലാണു പ്ലാസ്റ്റിക് മാലിന്യവും, പാറക്കഷണങ്ങളുടെ സാമ്പിളുകളും ലഭിച്ചത്. വിക്ടര്‍ ഇപ്പോള്‍ ഡൈവ് നടത്തുന്നതിനു മുമ്പ് മരിയാന ട്രഞ്ചില്‍ 1960-ല്‍ പര്യവേഷണത്തിന്റെ ഭാഗമായി ഡൈവ് നടത്തിയിരുന്നു. ഇതായിരുന്ന ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ആഴമേറിയ ഡൈവും. പക്ഷേ, അന്ന് ഡൈവ് ചെയ്തതിനേക്കാള്‍ (35,813 അടി) ഏകദേശം 40 അടിയോളം കൂടുതല്‍ താഴ്ചയിലേക്ക് ഇപ്പോള്‍ വിക്ടര്‍ ഡൈവ് ചെയ്തു.

ദൗത്യം ലക്ഷ്യമിട്ടത്

എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തേക്കാളും ആഴമേറിയതാണ് മരിയാന ട്രഞ്ചിലെ ചലഞ്ചര്‍ ഡീപ്പ്. മരിയാന ട്രഞ്ചിലെ ചലഞ്ചര്‍ ഡീപ്പിന്റെ അടിത്തട്ടിലുള്ള കാഴ്ചകളുടെ വീഡിയോ ദൃശ്യങ്ങള്‍ ശേഖരിക്കാനാണു വിക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ലക്ഷ്യമിട്ടതെങ്കിലും ലോകത്തുള്ള സമുദ്രങ്ങളിലെ ഏറ്റവും ആഴമേറിയ അഞ്ച് പ്രദേശങ്ങളുടെ വിശദമായ സോണാര്‍ മാപ്പിംഗ് (sonar mapping) നടത്തുകയെന്നതും സംഘാംഗങ്ങളുടെ ലക്ഷ്യം തന്നെയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു മരിയാന ട്രഞ്ചില്‍ പര്യവേക്ഷണം നടത്തിയത്. മരിയാന ട്രഞ്ച്, അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്യൂര്‍ട്ടോ റിക്കോ ട്രഞ്ച്, സൗത്ത് അറ്റ്‌ലാന്റിക്‌സിലെ സൗത്ത് സാന്‍ഡ്‌വിച്ച് ട്രഞ്ച്, ഇന്ത്യന്‍ ഓഷ്യനിലെ ജാവ ട്രഞ്ച് എന്നിവിടങ്ങളിലെ സര്‍വേ ഏറെക്കുറേ പൂര്‍ത്തിയായി. ഇനി അവശേഷിക്കുന്നത് ആര്‍ട്ടിക് സമുദ്രത്തിലെ മൊളോയ് ഡീപ്പ് മാത്രമാണ്. ഇവിടെ ഈ വര്‍ഷം ഓഗസ്റ്റില്‍ സര്‍വേ പൂര്‍ത്തീകരിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ഭൂമിയിലെ വിദൂര സ്ഥലങ്ങളിലൊന്നും, ഏറ്റവും കുറച്ചു മാത്രം പര്യവേക്ഷണം നടത്തിയിരിക്കുന്നതുമായ ഒന്നാണു സമുദ്രങ്ങളുടെ ആഴം. 1960-ലാണു ആദ്യമായി ചലഞ്ചര്‍ ഡീപ്പിന്റെ അടിത്തട്ടിലേക്ക് പര്യവേക്ഷണം നടത്തിയത്. യുഎസ് നേവിയിലെ ലെഫ്റ്റന്റ് പദവിയുള്ള ഓഷ്യാനോഗ്രാഫറായ ഡോണ്‍ വാള്‍ഷും, സ്വിസ് എന്‍ജിനീയര്‍ ജാക്വസ് പിക്കാര്‍ഡും ചേര്‍ന്നായിരുന്നു Bathyscaphe Trieste എന്നു പേരുള്ള മുങ്ങിക്കപ്പലില്‍ പര്യവേക്ഷണം നടത്തിയത്. അന്ന് അവര്‍ ചലഞ്ചര്‍ ഡീപ്പിന്റെ 35,813 അടി ആഴത്തിലേക്കു ഊളിയിട്ട് നീന്തുകയുണ്ടായി. ടൈറ്റാനിക്ക്, അവതാര്‍, ടെര്‍മിനേറ്റര്‍ തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകളുടെ സംവിധായകനായ ജെയിംസ് കാമറൂണ്‍ 2012-ല്‍ ചലഞ്ചര്‍ ഡീപ്പിന്റെ 35,787 അടി ആഴത്തിലേക്ക് ഡൈവ് ചെയ്തിരുന്നു. ഇതുവരെ മൂന്നു തവണ മാത്രമാണു ചലഞ്ചര്‍ ഡീപ്പില്‍ പര്യവേഷണം നടത്തിയിട്ടുള്ളത്. ആദ്യത്തേത് 1960-ലായിരുന്നു. പിന്നീട് 2012-ല്‍. മൂന്നാമത്തേത് ഇപ്പോള്‍ വിക്ടര്‍ വെസ്‌കോവോ നടത്തിയതും. ഏറ്റവും ആഴമേറിയ ഭാഗത്തേയ്ക്കു സോളോ പര്യവേഷണം നടത്തിയെന്ന റെക്കോഡ് കൂടി വിക്ടര്‍ ഇപ്പോള്‍ നടത്തിയ യാത്രയിലൂടെ സ്ഥാപിച്ചു.

വിക്ടര്‍ വെസ്‌കോവോ

യുഎസിലെ ഡല്ലാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വറ്റി ഫണ്ട് സ്ഥാപനമായ ഇന്‍സൈറ്റ് ഇക്വറ്റി ഹോള്‍ഡിംഗ്‌സിന്റെ സഹസ്ഥാപകനാണു വിക്ടര്‍ വെസ്‌കോവോ. മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കൂടിയാണു 53-കാരനായ വിക്ടര്‍. ഇദ്ദേഹം കഴിഞ്ഞ മൂന്നാഴ്ചയായി മരിയാന ട്രഞ്ചില്‍ പര്യവേഷണം നടത്തിവരികയായിരുന്നു. നാല് തവണ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു യാത്ര ചെയ്തു. അവിടെ നാല് മണിക്കൂറോളം ചെലവഴിച്ചപ്പോള്‍ കണ്ടെത്തിയത് പ്ലാസ്റ്റിക് ബാഗും, മിഠായി പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കടലാസുമായിരുന്നു. വിക്ടറിനൊപ്പം, സമുദ്രത്തിന്റെ അടിത്തട്ടിലെ വിദൂര പ്രദേശം പര്യവേഷണം ചെയ്യാന്‍ റോബോട്ടിക് ലാന്‍ഡറും വിന്യസിച്ചിരുന്നു. ശൂന്യാകാശത്തും, സമുദ്രത്തിന്റെ അടിത്തട്ടിലുമൊക്കെ പര്യവേഷണത്തിന് ഉപയോഗിക്കുന്ന വാഹനമാണ് റോബോട്ടിക് ലാന്‍ഡര്‍. ചില റോബോട്ടിക് ലാന്‍ഡറില്‍ മനുഷ്യന്‍ സഞ്ചരിക്കാറുണ്ട്. ചില ലാന്‍ഡറുകള്‍ മനുഷ്യനു പകരം റോബോട്ടുകളെയായിരിക്കും വഹിക്കുക. പര്യവേഷണത്തിനിടെ, വിക്ടറും സംഘാംഗങ്ങളും അപൂര്‍വ്വയിനം സമുദ്രജീവികളെ കണ്ടെത്തുകയുണ്ടായി. ചെമ്മീന്റേതു പോലെയിരിക്കുന്ന ജീവിയെയും, സ്പൂണ്‍ വേമിനെയും (spoon worm), സ്‌നെയില്‍ ഫിഷിനെയും (snail fish) കണ്ടെത്തി. മൈക്രോബുകളാല്‍ നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന പാറക്കഷണങ്ങളും കടലിന്റെ അടിത്തട്ടില്‍നിന്നും കണ്ടെത്തുകയുണ്ടായി. മനുഷ്യര്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം 11,033 മീറ്റര്‍ ആഴമുള്ള ചലഞ്ചര്‍ ഡീപ്പില്‍ വരെ എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് ആശങ്കപ്പെടേണ്ട കാര്യം തന്നെയാണെന്നു ശാസ്ത്രസമൂഹം പറയുന്നു.

സമുദ്രത്തിന്റെ അടിത്തട്ടിലെ വിശേഷങ്ങള്‍

സമുദ്രത്തിന്റെ അടിത്തട്ടിലെ വിശേഷങ്ങള്‍ വളരെ രസകരമാണെന്നു വിക്ടര്‍ പറയുന്നു. ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശത്ത് ജീവന്റെ തുടിപ്പുണ്ടോ എന്നാണ് ഏവരും ആദ്യം അന്വേഷിക്കുന്നത്. തീര്‍ച്ചയായും അടിത്തട്ടില്‍ ജീവിന്റെ തുടിപ്പുണ്ടെന്നു വിക്ടര്‍ പറയുന്നു. അവിടം കാണപ്പെട്ടത് നിര്‍ജ്ജീവ അവസ്ഥയിലല്ല. അടിത്തട്ട് പരന്നതായി കാണപ്പെട്ടെന്നു വിക്ടര്‍ പറയുന്നു. ചെറിയ, അര്‍ദ്ധ തെളിമയുള്ള ജീവികള്‍ വളഞ്ഞുപുളഞ്ഞു ചലിക്കുന്നതായി കാണപ്പെട്ടു. അടിത്തട്ടിലേക്കു സഞ്ചരിക്കുന്നതിനിടെ സ്പൂണ്‍ വേം പോലുള്ള വിചിത്ര ജീവികളെ കണ്ടു. സമുദ്രത്തിന്റെ 226,250-ാം അടി ആഴത്തില്‍ മാത്രം വസിക്കുന്ന സ്‌നെയില്‍ ഫിഷിനെയും വിക്ടര്‍ കണ്ടു. മര്‍ദ്ദത്തിന്റെ (pressure) ഭാഗമായി ലീക്ക് അഥവാ ചോര്‍ച്ച സംഭവിക്കുമോയെന്നതായിരുന്നു പര്യവേഷണത്തിനിടെ തന്നെ അലട്ടിയതെന്നു വിക്ടര്‍ പറഞ്ഞു. നമ്മള്‍ സമുദ്രത്തിന് അടിത്തട്ടിലായിരിക്കുമ്പോള്‍ ഉപരിതലത്തിലുള്ളതിനേക്കാള്‍ (surface) മൂന്ന് ഇരട്ടി മര്‍ദ്ദമുണ്ടായിരിക്കും. അതു കൊണ്ടു തന്നെ മര്‍ദ്ദത്തെ തുടര്‍ന്നു ദൗത്യത്തിനിടെ എന്തെങ്കിലും പാക പിഴകളുണ്ടായാല്‍ ദൗത്യത്തിലേര്‍പ്പെടുന്നവരെ പൂര്‍ണമായും നിമിഷനേരത്തിനുള്ളില്‍ തുടച്ചുനീക്കും. തകരാര്‍ പരിഹരിക്കാന്‍ പോലും സമയം ലഭിച്ചെന്നു വരില്ല. ഇത്തരം അപകട സാധ്യത മുന്നി്ല്‍ കണ്ടുകൊണ്ടായിരുന്നു ദൗത്യത്തിനു പുറപ്പെട്ടതെന്നു വിക്ടര്‍ പറയുന്നു.

Comments

comments

Categories: Top Stories

Related Articles