മ്യാന്‍മാറില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുറമുഖം നിര്‍മിക്കാന്‍ അദാനിക്ക് കരാര്‍

മ്യാന്‍മാറില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുറമുഖം നിര്‍മിക്കാന്‍ അദാനിക്ക് കരാര്‍

മ്യാന്‍മാറിന് നേരേയുള്ള ഉപരോധ നടപടികളെ ലംഘിക്കുന്ന നിക്ഷേപമല്ല തങ്ങള്‍ നടത്തുന്നതെന്നും അദാനി ഗ്രൂപ്പ്

ന്യൂഡെല്‍ഹി: മ്യാന്‍മാറില്‍ പുതിയ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി അദാനി ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ തുറമുഖ ബിസിനസ് ഇന്ത്യക്കു പുറത്തേക്കു വ്യാപിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങളിലെ നിര്‍ണായകമായൊരു ചുവടുവെപ്പാണിത്. ഓസ്‌ട്രേലിയയിലേതിനു ശേഷം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര തുറമുഖമാണ് മ്യാന്‍മാറിലേത്.

ഓസ്‌ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും മ്യാന്‍മാറിന് നേരേയുള്ള ഉപരോധ നടപടികളെ ലംഘിക്കുന്ന നിക്ഷേപമല്ല തങ്ങള്‍ നടത്തുന്നതെന്നും അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധാര്‍മികവും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തതുമാണ് ഈ നിക്ഷേപമെന്ന ആക്ഷേപങ്ങളെ തള്ളിക്കളയുന്നുവെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. എല്ലാ അന്താരാഷ്ട്ര നിക്ഷേപങ്ങളിലും സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങളും മറ്റ് അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശങ്ങളും കമ്പനി പാലിക്കുന്നുണ്ടെന്നും കരാറുകള്‍ ഉറപ്പിക്കുന്നതിനു മുമ്പ് അഥോറിറ്റികളെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.
തുറമുഖ വികസനത്തിനുള്ള ഭൂമി മ്യാന്‍മാര്‍ എക്‌ണോമിക് കോര്‍പ്പറേഷനില്‍ നിന്ന് പാട്ടത്തിന് ലഭിക്കും. ഗ്രൂപ്പിന് കീഴില്‍ അദാനി യാന്‍ഗോണ്‍ ഇന്റര്‍നാഷ്ണല്‍ ടെര്‍മിനല്‍ കോ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചാണ് നിക്ഷേപം നടത്തുന്നത്. എത്ര നിക്ഷേപമാണ് കമ്പനി ഈ തുറമുഖ വികസനത്തിനായി നടത്തുന്നത് എന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന പ്രകാരം 290 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപത്തിനായാണ് കമ്പനി ധാരണയായിട്ടുള്ളത്.

ഇന്ത്യയില്‍ അഞ്ച് തുറമുഖങ്ങളാണ് നിലവില്‍ അദാനി ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ എന്നോറിലും കേരളത്തില്‍ വിഴിഞ്ഞത്തിലും കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അദാനി യാന്‍ഗോണ്‍ ഇന്റര്‍നാഷ്ണല്‍ ടെര്‍മിനലിന് തുറമുഖ വികസനത്തിനും പരിപാലനത്തിനായുമുള്ള 50 വര്‍ഷത്തെ കരാറാണ് മ്യാന്‍മാര്‍ ഭരണകൂടം ഏപ്രില്‍ 26ന് നല്‍കിയിട്ടുള്ളത്.

Comments

comments

Categories: Current Affairs