മെഴ്‌സേഡസ് ബെന്‍സ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കുന്നു

മെഴ്‌സേഡസ് ബെന്‍സ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കുന്നു

2039 ഓടെ കമ്പസ്ചന്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കും

സ്റ്റുട്ട്ഗാര്‍ട്ട് : 2039 ഓടെ കമ്പസ്ചന്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ആലോചിക്കുന്നതായി മെഴ്‌സേഡസ് ബെന്‍സ്. ആ സമയമാകുമ്പോഴേക്കും ലോകമെങ്ങും വില്‍ക്കുന്ന തങ്ങളുടെ പുതിയ വാഹനങ്ങള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ലക്ഷ്യം വെയ്ക്കുന്നത്. രണ്ട് പതിറ്റാണ്ടിനുള്ളില്‍ എല്ലാ മെഴ്‌സേഡസ് ബെന്‍സ് മോഡലുകളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആയിരിക്കും.

ഇരുപത് വര്‍ഷംകൊണ്ട് തങ്ങളുടെ പുതിയ പാസഞ്ചര്‍ കാറുകളെല്ലാം കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നാണ് ലക്ഷ്യമെന്ന് മെഴ്‌സേഡസ് ഗവേഷണ വിഭാഗം മേധാവി ഒല കല്ലെനിയസ് പറഞ്ഞു. ഡൈമ്‌ലര്‍ ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി അടുത്തയാഴ്ച്ച ചുതമലയേല്‍ക്കാനിരിക്കുന്ന വ്യക്തിയാണ് ഒല കല്ലെനിയസ്. ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിലാണ് മെഴ്‌സേഡസ് ബെന്‍സ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് വഴികളും സാധ്യമാണ്. ഫ്യൂവല്‍ സെല്‍, ഇ-ഫ്യൂവല്‍ എന്നിവ ഉദാഹരണങ്ങളാണെന്ന് കല്ലെനിയസ് പറഞ്ഞു. സിന്തറ്റിക് ഇന്ധനങ്ങള്‍ ഉപയോഗിച്ച് ഹൈബ്രിഡ് കാറുകള്‍ ഓടിക്കാന്‍ അനുവദിക്കണമെന്ന് ഡൈമ്‌ലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം ഇന്ധനങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമല്ല.

2030 ഓടെ തങ്ങളുടെ ആകെ വില്‍പ്പനയുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരിക്കണമെന്ന ലക്ഷ്യമാണ് ഡൈമ്‌ലറിനുള്ളത്. 2022 ഓടെ യൂറോപ്പിലെ കാര്‍ നിര്‍മ്മാണ ശാലകള്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആയിരിക്കണമെന്നും ലക്ഷ്യമിടുന്നു. 2020 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എടുത്തുചാടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ കനത്ത പിഴശിക്ഷയാണ് നേരിടേണ്ടിവരിക.

Comments

comments

Categories: Auto