വിപണന യാന്ത്രികവല്‍ക്കരണം

വിപണന യാന്ത്രികവല്‍ക്കരണം

മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ അഥവാ വിപണന യാന്ത്രികവല്‍ക്കരണം നടപ്പാക്കുന്നത് കാര്യക്ഷമമായി, കുറ്റമറ്റ രീതിയില്‍ സ്ഥാപനങ്ങളില്‍ കാര്യങ്ങള്‍ നടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. കൃത്യമായ അപഗ്രഥനവും വിശകലനവും നടത്താനും അച്ചടക്കം കൊണ്ടുവരാനും ഉപഭോക്താക്കളെ വേണ്ടവിധം കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ യന്ത്രവല്‍ക്കരണം കൊണ്ട് സാധിക്കും. ഇതിനാവശ്യമായ സോഫ്റ്റ്‌വെയറുകളും ഇന്ന് സൗജന്യമായി ലഭ്യമാണ്

പേടിച്ചോ, യാന്ത്രികവല്‍ക്കരണം എന്ന് കേട്ടപ്പോള്‍? വളരെക്കാലം യന്ത്രവല്‍ക്കരണത്തെ എതിര്‍ത്ത നാടാണല്ലോ കേരളം. ചെലവ് കുറച്ചുകൊണ്ട് ലാഭം വര്‍ധിപ്പിക്കുക എന്ന രീതിയിലേക്ക് വ്യാപാര, വ്യവസായ മേഖല മാറി സഞ്ചരിക്കാനാരംഭിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. അതിലെ ഏറ്റവും പ്രധാനമായ ചുവടുവെപ്പാണ് മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ അല്ലെങ്കില്‍ വിപണന യാന്ത്രികവല്‍ക്കരണം. ഇതിന് ആവശ്യമായ ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. പലതും സൗജന്യമാണുതാനും. അവയില്‍ ചിലതാണ് ‘ഹബ്‌സ്‌പോട്ട്’, ‘സോഹോ’ എന്നിവ. രണ്ടും ഇന്ത്യയില്‍ തന്നെ അനേകം സംരംഭകര്‍ ഉപയോഗിക്കുന്നുണ്ട്. മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ 50 പേര്‍ വരെ ഉള്ള ഒരു വ്യാപാര സ്ഥാപനത്തിന് ഇത് തന്നെ ധാരാളം.

വിപണനത്തില്‍ യാന്ത്രികത കൊണ്ടുവരുന്നത് തന്നെ കാര്യക്ഷമമായി, കുറ്റമറ്റ രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്. പക്ഷെ ഇവിടെയാണ് പ്രശ്‌നം. ഓട്ടോമേഷന് ഏറ്റവും പ്രധാനം ശരിയായ വര്‍ക്ക് ഫ്‌ളോ തന്നെയാണ്. അതായത് തികച്ചും വ്യവസ്ഥാപിതമായ സംരംഭത്തില്‍ മാത്രമേ ഓട്ടോമേഷന്‍ പ്രായോഗികതലത്തില്‍ നടപ്പാക്കാന്‍ സാധിക്കൂ. മലേഷ്യയിലെ ഒരു ആഡംബര ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. എത്ര ശ്രമിച്ചിട്ടും വിജയിക്കുന്നില്ല. ഞാന്‍ ഓരോ കണ്‍സള്‍ട്ടേഷന്‍ സിറ്റിംഗിനു പോകുമ്പോഴും പുതിയ പുതിയ പ്രശ്‌നങ്ങള്‍. എന്തുകൊണ്ടാണ് പരാജയപ്പെടുന്നത് എന്ന് കണ്ടെത്തണമെങ്കില്‍ അവര്‍ തുറന്നു പറയണ്ടേ; അതുമില്ല! അവസാനം അവിടുത്തെ ഒരു സീനിയര്‍ ആയിട്ടുള്ള വ്യക്തിയെ ലഞ്ചിന് കൂടെക്കൂട്ടി ചികഞ്ഞപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. ഉന്നതതല മാനേജ്‌മെന്റ് അംഗങ്ങള്‍ എല്ലാവരും സര്‍ഗാത്മകതയുടെ അപ്പോസ്തലന്മാര്‍. പൊതുവെ ഇങ്ങനെയുള്ളവര്‍ ചിട്ടയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരല്ല. അവരുടെ തലയില്‍ പെട്ടെന്ന് വരുന്ന ആശയങ്ങളില്‍ വളരെ അധികം ഉത്തേജിതരാകുകയും പെട്ടെന്ന് തന്നെ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍.

അവരെ കുറ്റം പറയേണ്ടതില്ല. ഉന്നത തലങ്ങളിലുള്ള സര്‍ഗാത്മകത എല്ലാവര്‍ക്കും ലഭിക്കില്ലല്ലോ. അപ്പോള്‍ അതാണ് കാര്യം. ഇവര്‍ വര്‍ക്ക് ഫ്‌ളോ തുടര്‍ച്ചയായി തെറ്റിക്കുന്നു. പെട്ടെന്ന് ശൃംഖലയില്‍ ഇല്ലാത്ത ജീവനക്കാരെ വിളിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു, അങ്ങനെ പലതും. ഇത് മൂലം വ്യവസ്ഥകള്‍ എങ്ങനെ തകരുന്നു എന്ന് സത്യത്തില്‍ ആരും ഇവരോട് പറഞ്ഞിട്ടില്ല. ഉടനെതന്നെ ഇവരുടെ ഒരു യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ പ്രശ്‌നം ശരിയായി. മാത്രമല്ല, മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ 30% ജീവനക്കാരെ വേറെ വ്യവസ്ഥകളിലേക്ക് മാറ്റുവാനും കഴിഞ്ഞു.

അതുപോലെ തന്നെ മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍ ചെയ്യുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം കൃത്യമായ അപഗ്രഥനം അല്ലെങ്കില്‍ വിശകലനം സാധ്യമാണ് എന്നതാണ്. ഇടപാടുകാരുമായി നമ്മളുടെ ടീം എങ്ങനെ ഇടപഴകുന്നു, ഏതെങ്കിലും പരാതികള്‍ മുക്കിയോ അല്ലെങ്കില്‍ പരാതി പരിഹാരത്തിന് എത്ര സമയം എടുത്തു എന്നുവേണ്ട എല്ലാ വിശദംശങ്ങളും നമുക്ക് ഒരു നൊടിയിടയില്‍ ലഭിക്കും. കൂടാതെ എല്ലാ സ്ഥാപനങ്ങളിലും പറ്റുന്ന ഒരു തെറ്റാണ് ഭാവി ഉപഭോക്താവിനെ കൃത്യമായ ഇടവേളകളില്‍ പിന്തുടരാതിരിക്കുക എന്നത്. ഒന്നോ രണ്ടോ തവണ വിളിക്കുക, അതിനു ശേഷം അപ്പാടെ മറന്നേക്കുക എന്ന തെറ്റ് ഒട്ടു മിക്ക വിപണനക്കാരും ചെയ്യുന്നതാണ്. 86% ഭാവി ഉപഭോക്താക്കളും കുറഞ്ഞത് അഞ്ച് തവണയെങ്കിലും സമ്പര്‍ക്കം ചെയ്ത ശേഷം മാത്രമാണ് ഉപഭോക്താവായി മാറുന്നത്. ഇതുപോലെയുള്ള ഓട്ടോമേഷന്‍ സോഫ്റ്റ്‌വെയറുകളില്‍ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും ലഭിക്കുന്ന പ്രതികരണങ്ങള്‍ രേഖപ്പെടുത്തിവെക്കുവാനും ഇനി എപ്പോഴാണ് വിളിക്കേണ്ടത് എന്ന് സൂചിപ്പിച്ചു സ്വയമേ ഉദ്‌ബോധിപ്പിക്കാനും ആവശ്യമായ ഘടകങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ വിട്ടുപോവാന്‍ സാധ്യതയില്ല. എന്നുമാത്രമല്ല ഇവ സജീവമായി ഉത്തരവാദപ്പെട്ടവരുമായി പങ്കുവെക്കുവാനും കഴിയും.

മേല്‍പ്പറഞ്ഞ ഓട്ടോമേഷനുകളുടെ സൗജന്യ പതിപ്പ് എടുത്താല്‍ തന്നെ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും. ഒന്ന് പരീക്ഷിച്ചു നോക്കൂ… ഏതൊരു വ്യവസായിയും മൂല്യവര്‍ധന ലഭിക്കുന്ന കാര്യങ്ങള്‍ വേണ്ടെന്നു വെക്കില്ലല്ലോ.

(കല്യാണ്‍ജി പേഴ്‌സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ-മെയില്‍ ഐഡി യില്‍ ബന്ധപ്പെടാം. വാട്‌സാപ്പ്: +91-9497154400 )

Categories: FK Special, Slider