ഗംഭീര ലുക്കില്‍ കിയ എസ്പി എസ്‌യുവി

ഗംഭീര ലുക്കില്‍ കിയ എസ്പി എസ്‌യുവി

ഔദ്യോഗിക രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂഡെല്‍ഹി : കിയ എസ്പി കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന കോംപാക്റ്റ് എസ്‌യുവിയുടെ ഔദ്യോഗിക രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടു. വാഹനം അധികം വൈകാതെ ഇന്ത്യയില്‍ പുറത്തിറക്കുമെന്നാണ് ഇതുവഴി കിയ മോട്ടോഴ്‌സ് നല്‍കുന്ന സൂചന. ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ആദ്യ മോഡലാണ് എസ്പി എസ്‌യുവി. നിലവില്‍ കിയ എസ്പി2ഐ എന്ന കോഡ്‌നാമത്തിലാണ് എസ്‌യുവി അറിയപ്പെടുന്നത്. 2018 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കിയ എസ്പി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്. രേഖാചിത്രങ്ങള്‍ അനുസരിച്ച് കിയ എസ്പി എസ്‌യുവി ഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ.

കണ്‍സെപ്റ്റ് കാറില്‍ കണ്ടതിന്റെ ഏതാണ്ട് സമാനമാണ് രേഖാചത്രത്തിലെ വാഹനത്തിന്റെ മുന്‍വശം. മുന്നിലെ ടൈഗര്‍ നോസ് ഗ്രില്‍ ആരെയും ആകര്‍ഷിക്കാതിരിക്കില്ല. എല്‍ഇഡി ഫോഗ് ലാംപുകള്‍ ലംബമായാണ് നല്‍കിയിരിക്കുന്നത്. പിന്‍വശത്താണെങ്കില്‍, ക്രോം ബാര്‍ വഴി ടെയ്ല്‍ ലാംപുകളെ ബന്ധിപ്പിച്ചിരിക്കുന്നു. ഇരട്ട എക്‌സ്‌ഹോസ്റ്റ് പൈപ്പുകളില്‍ ക്രോം ഫിനിഷ് നല്‍കി. ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയാണ് കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്റെ മാതൃ കമ്പനി എന്നതിനാല്‍, പ്ലാറ്റ്‌ഫോം, പവര്‍ട്രെയ്ന്‍, സാങ്കേതികവിദ്യ എന്നിവ ഇരുവരും പങ്കുവെയ്ക്കും. ക്രെറ്റയും മറ്റ് ഹ്യുണ്ടായ് മോഡലുകളും ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ കിയയുടെ കോംപാക്റ്റ് എസ്‌യുവിയില്‍ നല്‍കിയേക്കും.

ഇന്ത്യയില്‍ 12 ലക്ഷം രൂപ മുതലായിരിക്കും കിയ എസ്പി എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 16 ലക്ഷം രൂപ പ്രതീക്ഷിക്കാം. മാതൃ കമ്പനിയുടെ ഹ്യുണ്ടായ് ക്രെറ്റ കൂടാതെ, ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, വരാനിരിക്കുന്ന എംജി ഹെക്ടര്‍ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto
Tags: Kia sp SUV