വാട്‌സാപ്പില്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍

വാട്‌സാപ്പില്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍
  • ആപ്ലിക്കേഷന്‍ അടിയന്തരമായി അപ്‌ഗ്രേഡ് ചെയ്യണമെന്ന് 1.5 കോടി ഉപഭോക്താക്കളോട് കമ്പനി
  • വാട്‌സാപ്പിലെ വോയ്‌സ് കോള്‍ സംവിധാനം ഉപയോഗിച്ചാണ് ചാര സോഫ്റ്റ്‌വെയറിന്റെ നുഴഞ്ഞുകയറ്റം
  • സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് ഇസ്രയേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പാണെന്ന് സംശയം

സാന്‍ഫ്രാന്‍സിസ്‌കോ: ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ വാട്‌സാപ്പിലൂടെ ഉപഭോക്താക്കളുടെ ഫോണുകളില്‍ കടന്നു കൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ലോകമെങ്ങുമുള്ള 150 കോടി ഉപഭോക്താക്കള്‍ക്ക് യുഎസ് കമ്പനിയുടെ നിര്‍ദേശം. ഇസ്രയേലി സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച ചാര സോഫ്്റ്റ്‌വെയറാണ് വാട്ടസാപ്പ് വഴി പ്രചരിക്കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. വോയ്‌സ് കോള്‍ വഴിയാണ് സോഫ്റ്റ്‌വെയറിന്റെ വ്യാപനം. വാട്‌സാപ്പിലൂടെ എത്തുന്ന കോള്‍, സ്വീകരിച്ചാലും ഇല്ലെങ്കിലും ചാര സോഫ്റ്റ്‌വെയര്‍ ഫോണില്‍ കടന്നുകൂടും. കോള്‍ എത്തിയ നമ്പര്‍ അപ്രത്യക്ഷമാവുകയും ചെയ്യും. സുരക്ഷാ, സ്വകാര്യതാ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷം വന്‍ ആക്ഷേപങ്ങള്‍ കേട്ട വാട്‌സാപ്പിന് 2019 ല്‍ ഉണ്ടായ ആദ്യ തിരിച്ചടിയാണിത്.

ഏതെങ്കിലും രാജ്യത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഇന്റലിജന്‍സ് സംഘടന നേരിട്ട് വാട്‌സാപ്പിനെ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ശഅരമിച്ചെന്ന വിവാദം ആദ്യമായാണ് ഉയരുന്നത്. മെസേജുകളും ശബ്ദ സന്ദേശങ്ങളും അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം ദൃശ്യവും ശ്രവ്യവുമായ രീതിയില്‍ കോഡ് ഭാഷയില്‍ (എന്‍ക്രിപ്റ്റഡ്) അയക്കുന്നതിനാല്‍ വാട്‌സാപ്പ്, മാതൃ കമ്പനിയായ ഫേസ്ബുക്കിനെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണെന്ന് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ഔദ്യോഗിക സംവിധാനങ്ങളും അതിനാല്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നതില്‍ അപാതക കണ്ടിരുന്നില്ല. എന്നാല്‍ ഈ ധാരണകളെ തെറ്റിക്കുന്ന ഗുരുതര സുരക്ഷാ വീഴ്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഈ മാസമാദ്യം കണ്ടെത്തിയ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിനും പഴുതുകള്‍ അടയ്ക്കുന്നതിനും വാട്‌സാപ്പിന്റെ എഞ്ചിനീയര്‍മാര്‍ കഠിനശ്രമം നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചു. വളരെ കുറവ് ഉപഭോക്താക്കളെയും സെര്‍വറുകളെയുമാണ് ചാര സോഫ്റ്റ്‌വെയര്‍ ബാധിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഇസ്രയേല്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് ലണ്ടന്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു മേല്‍ ചാരപ്രവര്‍ത്തനം നടത്തിയ എന്‍എസ്ഒ ഗ്രൂപ്പിന്റെ കയറ്റുമതി ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലി പ്രതിരോധ മന്ത്രാലയത്തിനെതിരെ ടെല്‍ അവീവ് കോടതിയ സമീപിക്കുമെന്നും ആംനെസ്റ്റി പ്രതികരിച്ചു. അതേസമയം എന്‍എസ്ഒ ആരോപണങ്ങള്‍ നിഷേധിച്ചു. സര്‍ക്കാരുകളും ഇന്റലിജന്‍സ് ഏജന്‍സികളുമാണ് തങ്ങളുടെ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതെന്നും ചാര സാങ്കേതിക വിദ്യകള്‍ സ്വന്തമായി കമ്പനി ഉപയോഗിക്കാറില്ലന്നും എന്‍എസ്ഒ വക്താവ് പ്രതികരിച്ചു.

പെഗാസസ്

ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് വ്യത്യാസമില്ലാതെ ഏത് ഫോണുകളിലും രഹസ്യമായി ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഇസ്രയേലി ടെക്‌നോളജി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ മാരക ചാര സോഫ്റ്റ്‌വെയര്‍. മൊബിലുകളില്‍ രഹസ്യമായി കയറിക്കൂടുന്ന സോഫ്്റ്റ്‌വെയര്‍ സന്ദേശങ്ങള്‍ വായിക്കാനും കോളുകള്‍ ട്രാക്ക് ചെയ്യാനും പാസ്‌വേഡുകള്‍ മോഷ്ടിക്കാനും ഫോണിന്റെ ലൊക്കേഷന്‍ അറിയാനും ആപ്പുകളിലെ വിവരങ്ങള്‍ ശേഖരിക്കാനും ഏജന്‍സികളെ സഹായിക്കും. 2016 ല്‍ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള രഹസ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് ലോകം അറിഞ്ഞത്. ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് മാത്രമേ സോഫ്റ്റ്‌വെയര്‍ നല്‍കുകയുള്ളെന്നാണ് കമ്പനിയുടെ നയം.

Categories: FK News, Slider