ഇന്ത്യയുടെ ഊര്‍ജ നിക്ഷേപം അതിവേഗം വര്‍ധിക്കുന്നു

ഇന്ത്യയുടെ ഊര്‍ജ നിക്ഷേപം അതിവേഗം വര്‍ധിക്കുന്നു
  • 2018 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ ഊര്‍ജ മേഖലയിലേക്കുള്ള ഇന്ത്യയുടെ നിക്ഷേപം 12% വര്‍ധിച്ചു
  • 85 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇക്കാലയളവില്‍ രാജ്യം നടത്തി

ന്യൂഡെല്‍ഹി: രാജ്യത്ത് ഊര്‍ജ മേഖലയിലേക്കുള്ള നിക്ഷേപം ത്വരിതഗതിയില്‍ വര്‍ധിക്കുന്നതായി അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി (ഐഇഎ). 2018 വരെയുള്ള മൂന്ന് വര്‍ഷത്തിനിടെ ഊര്‍ജ മേഖലയിലേക്കുള്ള നിക്ഷേപത്തില്‍ ഏകദേശം 12 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 85 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇക്കാലയളവില്‍ മേഖലയിലേക്കെത്തിയിട്ടുണ്ടെന്നും ഐഇഎയുടെ കണക്കുകള്‍ പറയുന്നു.

അതേസമയം, ആഗോള തലത്തില്‍ ഊര്‍ജ വിഭാഗത്തിലെ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷമാണ് സ്ഥിരത കൈവരിക്കാനായത്. 2018ല്‍ 1.85 ട്രില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ആഗോള തലത്തില്‍ ഊര്‍ജ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തെ ഇടിവിനു ശേഷമാണിത്. 2015ലെ തലത്തില്‍ നിന്നും ഇന്ത്യയിലും അമേരിക്കയിലും മാത്രമാണ് ഊര്‍ജ നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ധന ഉണ്ടായിട്ടുള്ളതെന്നും ഐഇഎ പറയുന്നു.

2018ല്‍ വൈദ്യുതി രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. വൈദ്യുതി മേഖലയിലെ നിക്ഷേപത്തില്‍ മുന്നിലുള്ള രാജ്യം യൂറോപ്യന്‍ യൂണിയനാണ്. രണ്ടാം സ്ഥാനത്ത് യുഎസും മൂന്നാം സ്ഥാനത്ത് ചൈനയുമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ഫോസില്‍ ഇന്ധനം അടിസ്ഥാനമാക്കിയുള്ള ഊര്‍ജോല്‍പ്പാദന വിഭാഗത്തിലേതിനേക്കാള്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യ പുനരുപയോഗ ഊര്‍ജ വിഭാഗത്തില്‍ നടത്തി. കഴിഞ്ഞ വര്‍ഷം കല്‍ക്കരി ഊര്‍ജ വിഭാഗത്തില്‍ നടത്തിയതിനേക്കാള്‍ നിക്ഷേപം രാജ്യം സൗരോര്‍ജത്തിനായി ചെലവഴിച്ചുയ ഇതാദ്യമായാണ് സൗരോര്‍ജ ചെലവിടല്‍ കല്‍ക്കരി വിഭാഗത്തിലെ ചെലവിടലിനേക്കാള്‍ ഉയരുന്നതെന്നും ഐഇഎ പറഞ്ഞു.

‘ലോക ഊര്‍ജ നിക്ഷേപം 2019’ എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പുനരുപയോഗ ഊര്‍ജ വിഭാഗത്തിലെ ചെലവിടല്‍ വര്‍ധിക്കുന്നതിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ സൗരോര്‍ജ, പവനോര്‍ജ പദ്ധതികളിലേക്കുള്ള നിക്ഷേപം ഉയരാന്‍ കാരണം താപ വൈദ്യുതി ഉല്‍പ്പാദന മേഖലയിലെ നിലവിലെ പ്രതിസന്ധിയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

അതേസമയം, പുനരുപയോഗ ഊര്‍ജ പ്ലാന്റുകളില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ടെങ്കിലും കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം രാജ്യം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള ഊര്‍ജ സ്രോതസ്സാണ് കല്‍ക്കരി. കല്‍ക്കരി വിതരണത്തിലുള്ള ആഗോള നിക്ഷേപം 2012 മുതലാണ് ആദ്യമായി വര്‍ധിച്ചു തുടങ്ങിയത്. ലോകത്തിലെ മറ്റ് രാഷ്ട്രങ്ങളില്‍ കല്‍ക്കരി വിഭാഗത്തിലുള്ള നിക്ഷേപം കുറഞ്ഞെങ്കിലും ഇന്ത്യയും ചൈനയും ഓസ്‌ട്രേലിയയും ഈ വിഭാഗത്തിലുള്ള പണമൊഴുക്ക് തുടര്‍ന്നതാണ് ഇതിന് കാരണം.

2018ല്‍ ഇന്ത്യയുടെ കല്‍ക്കരി വിതരണ വിഭാഗത്തിലെ നിക്ഷേപത്തില്‍ അഞ്ച് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി ചെലവ് കുറയ്ക്കാനും തദ്ദേശീയ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് ഇതിന് കാരണം. 2018ല്‍ കല്‍ക്കരി അധിഷ്ഠിത ഊര്‍ജ നിലയങ്ങള്‍ രൂപീകരിക്കുന്നതില്‍ അവസാന നിക്ഷേപ തീരുമാനമെടുക്കുന്ന ഏറ്റവും വലിയ വിപണി ഇന്ത്യയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News