സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ടയെ വെല്ലാന്‍ ഹീറോ

സ്‌കൂട്ടര്‍ വിപണിയില്‍ ഹോണ്ടയെ വെല്ലാന്‍ ഹീറോ

സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ നിരവധി മോഡലുകള്‍ പുറത്തിറക്കാനാണ് ഹീറോ മോട്ടോകോര്‍പ്പ് ഉദ്ദേശിക്കുന്നത്

ന്യൂഡെല്‍ഹി : മോട്ടോര്‍സൈക്കിളുകള്‍ കൂടാതെ സ്‌കൂട്ടര്‍ സെഗ്‌മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ്. സ്‌കൂട്ടര്‍ വിപണിയില്‍ മുന്‍കാല പങ്കാളിയായ ഹോണ്ടയെ വെല്ലുവിളിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ലക്ഷ്യം. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ നിരവധി മോഡലുകള്‍ പുറത്തിറക്കാനാണ് ഹീറോ ഉദ്ദേശിക്കുന്നത്.

ഇന്ത്യയിലെ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ഏറ്റവുമധികം വിപണി വിഹിതം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയ്ക്കാണ് (എച്ച്എംഎസ്‌ഐ). 55 ശതമാനം. അതേസമയം ഹീറോ മോട്ടോകോര്‍പ്പിന്റെ സാന്നിധ്യം 11 ശതമാനം മാത്രമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,19,087 യൂണിറ്റ് സ്‌കൂട്ടറുകള്‍ മാത്രമാണ് ഹീറോ മോട്ടോകോര്‍പ്പ് വിറ്റത്. രാജ്യത്ത് വില്‍ക്കുന്ന ആകെ ഇരുചക്ര വാഹനങ്ങളുടെ മൂന്നിലൊന്ന് സ്‌കൂട്ടറുകളാണ്.

ഓരോ കുടുംബത്തിലെയും രണ്ടാമത്തെ വാഹനം മിക്കപ്പോഴും സ്‌കൂട്ടര്‍ ആയിരിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് വില്‍പ്പന വിഭാഗം മേധാവി സഞ്ജയ് ഭാന്‍ പറഞ്ഞു. ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ ആയിരിക്കുമ്പോള്‍തന്നെ സ്‌കൂട്ടറുകളുടെ കാര്യത്തിലും പിന്നോക്കം പോകാന്‍ കഴിയില്ല. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ പരമാവധി നേട്ടം കൊയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ വളര്‍ച്ച തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Auto
Tags: Hero