കരിപ്പൂരിലേക്ക് എമിറേറ്റ്‌സ് സര്‍വീസ്; തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

കരിപ്പൂരിലേക്ക് എമിറേറ്റ്‌സ് സര്‍വീസ്; തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് ശേഷമേ ഡിജിസിഎ തീരുമാനം പുറത്തിറക്കൂ

ദുബായ്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ ഡയറക്റ്ററേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷനില്‍ (ഡിജിസിഎ) നിന്നുമുള്ള തീരുമാനം അറിയുന്നതിനായി എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ട വരും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള തീരുമാനം വൈകുന്നത്.

കരിപ്പൂരിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കാനുള്ള എമിറേറ്റ്‌സ് പദ്ധതിയില്‍ എന്‍ഒസി(നോ ഒജെക്ഷന്‍ സര്‍ട്ടിഫിക്കേറ്റ്) പുറപ്പെടുവിപ്പിക്കണമെന്ന് കാണിച്ച് കരിപ്പൂര്‍ വിമാനത്താവളം ഡിജിസിഎയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഎഐ(എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ) മുഖേന മാര്‍ച്ച് അവസാനമാണ് കരിപ്പൂര്‍ വിമാനത്താവളം അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചത്. മാര്‍ച്ച് തുടക്കത്തില്‍ എമിറേറ്റ്‌സില്‍ നിന്നുമുള്ള ഉന്നതതല സംഘം വിമാനത്താവളം സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. അന്ന് എമിറേറ്റ്‌സ് സംഘം വിമാനത്താവളത്തില്‍ ഔദ്യോഗിക പരിശോധനകള്‍ നടത്തുകയും പുതിയ സര്‍വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്താവളം അധികൃതരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഡിജിസിഎയില്‍ നിന്നും അനുകൂല മറുപടി ഉണ്ടാകുകയാണെങ്കില്‍ കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് ശേഷം കേരളത്തില്‍ എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്ന മൂന്നാമത്തെ വിമാനത്താവളമാകും കരിപ്പൂര്‍.

ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനം ഉചിതമായ സമയത്ത് നടത്തുമെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. ഇന്ത്യയിലും ലോകത്തിന്റെ മറ്റിടങ്ങളിലെയും വിപണി സാധ്യകള്‍ പരിശോധിച്ച് വരികയാണെന്നും ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലെന്നും വക്താവ് അറിയിച്ചു.

തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ ദക്ഷിണേന്ത്യയില്‍ ഹൈദരാബാദ്, ബെംഗളൂരു,ചെന്നൈ എന്നിവിടങ്ങളിലും ദിവസേന എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്നുണ്ട്.

Comments

comments

Categories: Arabia