അരുത്; താരതമ്യം ചെയ്യരുത്

അരുത്; താരതമ്യം ചെയ്യരുത്

ഓരോ കുട്ടിയുടെയും ബുദ്ധിശക്തി, അഭിരുചി, അഭിഭാവങ്ങള്‍, മറ്റ് പ്രാവീണ്യങ്ങള്‍ എന്നിവ വ്യത്യസ്തമാണ്. ബുദ്ധിയുടെ ഘടനയുടെ വ്യത്യാസമാണ് ഇതിനുകാരണം. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളതെന്ന് മാതാപിതാക്കള്‍ മനസിലാക്കണം. കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യാതെ അഭിരുചിക്ക് അനുസൃതമായി പഠിക്കാനും ജോലിതേടാനും അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്

മറ്റ് കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യം ചെയ്തു കുറ്റപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക… ആ കുറ്റപ്പെടുത്തലുകള്‍ നിങ്ങളുടെ കുട്ടികളെ കുറ്റവാളികളോ ചിലപ്പോള്‍ കൊലപാതകികളോ വരെ ആക്കിയേക്കാം. മലപ്പുറം ജില്ലയിലെ എടപ്പാളിലെ പതിനൊന്നുകാരി മരിക്കാനിടയായ സംഭവം വിളിച്ചുപറയുന്നത് അതാണ്.

പഠനത്തില്‍ മികവു പുലര്‍ത്തിയ അനിയത്തിക്കുട്ടിയെ പുകഴ്ത്തിയും അവളെപ്പോലെയാകണമെന്ന് പറഞ്ഞും നിരന്തരം വീട്ടുകാര്‍ 14 കാരിയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി. അടുത്തിടെ പതിനൊന്നുകാരിക്ക് എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അഭിനന്ദനവുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. നിരന്തരമുണ്ടായ ഇത്തരം അനുഭവങ്ങള്‍ പതിനാലുകാരിയുടെ മനം മടുപ്പിച്ചു. ഇതാണ് പതിനൊന്നുകാരിയെ ഇല്ലാതാക്കാനുള്ള മാനസികാവസ്ഥയിലേക്ക് കുട്ടിയെ എത്തിച്ചത്. തുടര്‍ന്ന് പതിനാലുകാരി പതിനൊന്നുകാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ച കുട്ടിയുടെ മാതൃസഹോദരീപുത്രിയാണ് പതിനാലുകാരി. പതിനാലുകാരിയെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി. 2019 ഏപ്രില്‍ 27 നാണ് ഈ കുറ്റകൃത്യം നടന്നത്.

ഓരോ കുട്ടികളുടെയും സാധ്യതകളും പരിമിതികളും മനസ്സും അറിയാതെ പഠനത്തില്‍ ഒന്നാമതെത്തണമെന്ന് വാശിപിടിക്കുന്ന മാതാപിതാക്കളുടെ കണ്ണുതുറപ്പിക്കേണ്ട സംഭവമാണിത്. ഓരോ കുട്ടികളും വ്യത്യസ്തരാണ്. ആ വിഭിന്ന വ്യക്തിത്വത്തെ ആദരിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയണം. സ്വന്തം വീട്ടിലെയും അയല്‍പക്കത്തെയും സ്‌കൂളിലെയുമെല്ലാം മിടുക്കരായ കുട്ടികളെ ചൂണ്ടിക്കാട്ടി ”അവരെക്കണ്ട് പഠിക്ക്, അവരെപ്പോലെയാകണം, നിന്നെയൊക്കെ എന്തിനു കൊള്ളാം, മണ്ടന്‍, കഴുത,” എന്നൊക്കെ പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ കുട്ടികളുടെ മനസ്സില്‍ നീറിപ്പുകയുന്ന അപകര്‍ഷതാബോധത്തെ നാം കാണുന്നില്ല.

ഒരു പാരന്റിംഗ് സിനിമയാണ് സ്ഫടികം. ഈ സിനിമയില്‍ ചാക്കോ മാഷ് മകനായ തോമസ് ചാക്കോയോട് അടുത്ത വീട്ടിലെ പോലീസുകാരന്റെ മകനെ കണ്ടുപഠിക്കാന്‍ പറയുന്നുണ്ട്. അവനെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി കൈയ്യില്‍ കോമ്പസുകൊണ്ട് കുത്തി മുറിവേല്‍പ്പിച്ച് നാടുവിടുന്ന തോമസ് ചാക്കോ പിന്നീട് ആടു തോമയായാണ് തിരിച്ചു വരുന്നത്. ഇളയകുട്ടി ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ അവനോടു കൂടുതല്‍ സ്‌നേഹം പ്രകടിപ്പിച്ചതിനാല്‍ താന്‍ അവഗണിക്കപ്പെടുന്നുവെന്ന തോന്നലില്‍ കൊല നടത്തുന്ന ‘സിബിളിംഗ്‌സ് റൈവല്‍റി’യുടെ കഥ പറയുന്ന സിനിമയും (എന്റെ വീട് അപ്പൂന്റെയും) നമ്മള്‍ കണ്ടു. താരതമ്യവും അവഗണനയും ആഴമേറിയ മുറിവുകള്‍ സമ്മാനിക്കുമെന്ന് തിരിച്ചറിയുക.

ഓരോ കുട്ടിയും വ്യത്യസ്തങ്ങളായ കഴിവുകളോടെയാണ് പിറന്നു വീഴുന്നത്. ആരും ആരെക്കാള്‍ താഴെയല്ല (No one is inferior). ആരും ആരെക്കാള്‍ മുകളിലുമല്ല (No one is Superior). ആരും തുല്യരുമല്ല (No one is equal). എല്ലാ കുട്ടികളും അതുല്യരാണ് (all are unique). കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരസ്പരം അംഗീകരിപ്പിക്കുകയും അഭിനന്ദിപ്പിക്കുകയും ചെയ്യുന്ന സമീപനരീതിയാണ് രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കേണ്ടത്.

എല്ലാ കുട്ടികളും ജീനിയസ്സാണെന്ന് പറഞ്ഞത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആണ്. പഠനത്തില്‍ കഴിവുകുറഞ്ഞ കുട്ടിക്ക് മറ്റ് പല മേഖലകളിലും കഴിവുണ്ടാകും. അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അതിലൂടെ അവരെ ആത്മവിശ്വാസമുള്ളവരാക്കാനുമാണ് ശ്രമിേക്കണ്ടത്. പഠനത്തില്‍ ഒന്നാമതെത്താനുള്ള രക്ഷിതാക്കളുടെ മത്സരത്തിന്റെ ഇരകളാക്കി കുട്ടികളെ മാറ്റരുത്. നമ്മുടെ അഭിമാനം കാക്കാനുള്ള വ്യഗ്രതയില്‍ കുട്ടികള്‍ക്കും അഭിമാനമുണ്ടെന്ന് മറക്കരുത്.

ഓരോ കുട്ടിയുടെയും ബുദ്ധിശക്തി, അഭിരുചി, അഭിഭാവങ്ങള്‍, മറ്റ് പ്രാവീണ്യങ്ങള്‍ എന്നിവ വ്യത്യസ്തമാണ്. 1983 ല്‍ ഹാര്‍വാഡ് സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും ന്യൂറോസയന്‍സ് ഫ്രൊഫസറുമായ ഹോവാര്‍ഡ് ഗാര്‍ഡ്‌നര്‍ ‘മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ്’ എന്ന ആശയം മുന്നോട്ടുവെച്ചു. ബുദ്ധിശക്തിക്ക് പലമേഖലകളിലുമുള്ള പ്രാവീണ്യം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ബുദ്ധിയുടെ ഘടനയുടെ വ്യത്യാസമാണ് ഇതിനുകാരണം. പലതരം ബുദ്ധിശക്തിയുടെ മിശ്രണമാണ് ഓരോരുത്തരിലുമുള്ളത്. ചിലതിന് ചിലരില്‍ മുന്‍തൂക്കം കൂടും. അതനുസരിച്ചാണ് അവരുടെ കഴിവും താല്‍പ്പര്യവും രൂപപ്പെടുന്നത്. താരതമ്യം ചെയ്യാതെ, അവഗണിക്കാതെ അഭിരുചിക്ക് അനുസൃതമായി പഠിക്കാനും ജോലിതേടാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.

Categories: FK Special, Slider