ചൈനീസ് ഉല്‍പ്പന്ന നിരോധനം വിജയിക്കില്ല

ചൈനീസ് ഉല്‍പ്പന്ന നിരോധനം വിജയിക്കില്ല

ഒപ്പമെത്തണമെങ്കില്‍ ജാക്ക് മായുടെ ‘996’ തൊഴില്‍ സിദ്ധാന്തം ഇന്ത്യ നടപ്പാക്കണമെന്ന് ഗ്ലോബല്‍ ടൈംസ്

ന്യൂഡെല്‍ഹി: തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ഇന്ത്യയെ ഉപദേശിച്ച് ചൈനീസ് സര്‍ക്കാരിന്റെ മാധ്യമ സ്ഥാപനം. ഇന്ത്യയുടെ കാര്യക്ഷമതയില്ലാത്ത നിര്‍മാണ മേഖല ചൈനക്കൊപ്പമെത്താന്‍ രാജ്യത്തെ സഹായിക്കില്ലെന്നും അതു തന്നെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയിക്കാത്തതിന് കാരണമെന്നുമാണ് ഗ്ലോബല്‍ ടൈംസ് അഭിപ്രായപ്പെട്ടത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമോയെന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെപ്പറ്റിയും പരാമര്‍ശമുണ്ട്. ഉല്‍പ്പന്ന ബഹിഷ്‌കരണത്തിനുള്ള മോദിയുടെ കൗശലപൂര്‍ണമായ ആഹ്വാനമായി പ്രസ്താവനയെ പലരും കാണുന്നുണ്ടെങ്കിലും ചൈന അങ്ങനെ വിലയിരുത്തുന്നില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു.

നിര്‍മാണ രംഗത്ത് മല്‍സരക്ഷമത ആഗ്രഹിക്കുന്നെങ്കില്‍ ഇന്ത്യ, ചൈനീസ് സംരംഭകനായ ജാക്ക് മാ മുന്നോട്ടു വെച്ച ‘996’ തൊഴില്‍ നയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ‘ഇത് സ്വീകരിക്കുന്നത് ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷത്തിന്റെ പുരോഗതിക്കും വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സഹായകമാകുകയും ക്രമേണ നിര്‍മാണ മേഖലയിലെ ഇന്ത്യയുടെ സാമര്‍ത്ഥ്യം വര്‍ധിക്കുകയും ചെയ്യും,’ റിപ്പോര്‍ട്ട് പറയുന്നു. ആഴ്ച്ചയില്‍ ആറ് ദിവസം, രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ജോലി എന്നതാണ് ജാക്ക് മായുടെ സിദ്ധാന്തം. ചൈനയിലെ ടെക്‌നോളജി കമ്പനികളിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലും സാധാരണമായ തൊഴില്‍ സമയമാണിത്.

സിഎസ്ഒ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ നിര്‍മാണ മേഖല മൂന്നു വര്‍ഷത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. 4.4 ശതമാനത്തില്‍ നിന്നും 3.6 ശതമാനത്തിലേക്കാണ് വളര്‍ച്ചാ നിരക്ക് കുറഞ്ഞത്.

Categories: FK News, Slider