അന്തരീക്ഷത്തില്‍ റെക്കോര്‍ഡ് കാര്‍ബണ്‍ നില

അന്തരീക്ഷത്തില്‍ റെക്കോര്‍ഡ് കാര്‍ബണ്‍ നില

മനുഷ്യരാശി കണ്ട ഏറ്റവും ഉയര്‍ന്ന കാര്‍ബണ്‍ഡയോക്‌സൈഡ് നിലയാണ് ഇപ്പോഴുള്ളത്

ഹവായിയിലെ മൗന ലോവ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്നിധ്യം ഒരു ദശലക്ഷത്തില്‍ 415 ഭാഗമാണ് (പിപിഎം). കഴിഞ്ഞ 800,000 വര്‍ഷത്തിനിടയ്ക്ക്, അതായത് മനുഷ്യവംശം വന്നതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നാണ് മീറ്ററോളിജിസ്റ്റ് എറിക് ഹോള്‍ത്തൗസ് ചൂണ്ടിക്കാട്ടുന്നത്. പ്രതിദിന കാര്‍ബണ്‍ഡയോക്‌സൈഡ് നിരക്ക് രേഖപ്പെടുത്തുന്ന സ്‌ക്രിപ്പ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഓഷ്യനോഗ്രഫി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് എറിക് ഹോള്‍ത്തൗസ് ഇക്കാര്യം വിലയിരുത്തിയത്. 1958ല്‍ ചാള്‍സ് ഡേവിഡ് കീലിംഗ് ആണ് പ്രോഗ്രാം ആരംഭിച്ചത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്നിധ്യം വര്‍ദ്ധിക്കുന്നതു രേഖപ്പെടുത്തുന്ന ഗ്രാഫാണ് കീലിംഗ് കര്‍വ്.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് 415 പിപിഎം കവിഞ്ഞത് മനുഷ്യചരിത്രത്തിലെ ആദ്യ സംഭവമാണെന്ന് ഹോള്‍ത്തൗസ് കീലിംഗ് കര്‍വിലെ രേഖാചിത്രം നോക്കി പറയുന്നു. മൂന്നു ദശലക്ഷം വര്‍ഷം മുമ്പ് വന്‍കരകള്‍ രൂപമെടുത്ത പ്ലിയോസിന്‍ യുഗത്തിലാണ് ആഗോള താപനില ഇന്നത്തേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നപ്പോള്‍ പോലും കാര്‍ബണ്‍ഡയോക്‌സൈഡ് നില 310 മുതല്‍ 400 പിപിഎം വരെ മാത്രമാണ് പരമാവധി ഉയര്‍ന്നത്. അക്കാലത്ത്, ഇന്നത്തെ ആര്‍ട്ടിക്ക് പ്രദേശം മുഴുവന്‍ മഞ്ഞിനു പകരം വനനിബിഡമായിരുന്നു. വേനല്‍ക്കാലത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പ്ലിയോസിന്‍ യുഗത്തില്‍ ആഗോള സമുദ്രനിരപ്പ് ഇന്നുള്ളതിനേക്കാള്‍ 25 മീറ്റര്‍ (82 അടി) ഉയരത്തിലായിരുന്നുവെന്നാണു നിഗമനം.

അന്തരീക്ഷത്തില്‍ വരുത്തിയ പ്രത്യാഘാതങ്ങള്‍

അന്തരീക്ഷത്തില്‍ ഉയര്‍ന്ന അളവിലുള്ള കര്‍ബണ്‍ഡയോക്‌സൈഡ് ഉണ്ടാകാന്‍ കാരണം ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും വനനശീകരണവുമാണ്. ഇതു ഭൂമിയുടെ സ്വാഭാവികത ശീതളിമ ഇല്ലതാക്കുകയും തപിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ആഗോള ഊഷ്മാവ് ഉയരാന്‍ ഇടയാക്കുകയും, വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കാര്‍ബണ്‍ഡയോക്‌സൈഡ് പോലുള്ള ഹാനികരമായ വാതകങ്ങളുടെ പുറംതള്ളല്‍ ഇതിനകം ആഗോള ഊഷ്മാവ് ഒരു ഡിഗ്രിയോളം ഉയര്‍ത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ ഉചിതമായ നടപടിയെടുക്കുന്നില്ലെങ്കില്‍ ഇത് വര്‍ധിക്കാനാണു സാധ്യത.

അടുത്തകാലത്തുണ്ടായ 70ഓളം കാലാവസ്ഥാപഠനങ്ങളനുസരിച്ച് ആഗോളതാപനില ഇനിയും രണ്ടു ഡിഗ്രി കൂടിയാല്‍ നിലവിലുള്ളതിനേക്കാള്‍ 25% കൂടുതല്‍ ചൂടുള്ള ദിനങ്ങളും ഉഷ്ണതരംഗങ്ങളും അതേത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളും കാട്ടുതീയും നമ്മെ കാത്തിരിക്കുന്നുവെന്നാണു മനസിലാക്കേണ്ടത്. ലോകമെമ്പാടുമുള്ള ജനസംഖ്യയില്‍ 37% ജനങ്ങള്‍ക്കും ഓരോ അഞ്ച് വര്‍ഷത്തിനുമിടയില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കടുത്ത ഉഷ്ണതരംഗങ്ങളും നാലു മാസമെങ്കിലും നീളുന്ന കടുത്ത വരള്‍ച്ചയും അഭിമുഖീകരിക്കേണ്ടി വരും. ഇത് 388 ദശലക്ഷം പേരെ ജലക്ഷാമത്തിലേക്കും 94.5 ദശലക്ഷം പേരെ കടുത്ത വരള്‍ച്ചയിലേക്കും തള്ളിവിടുന്നു. ഇതോടൊപ്പം വെള്ളപ്പൊക്കവും ചുഴലിക്കാറ്റും പോലെയുള്ള ദുരന്തങ്ങളും വര്‍ദ്ധിക്കും. കാട്ടുതീ ഉണ്ടാകുന്നത് കൂടും, വിളവ് കുറയും, മൃഗങ്ങള്‍ക്കു വംശനാശം സംഭവിക്കും എന്നീ പ്രശ്‌നങ്ങളുമുണ്ട്. ഏതാണ്ട് ഒരു ദശലക്ഷം ജീവിവര്‍ഗങ്ങള്‍ക്കു വംശനാശം സംഭവിക്കുമെന്നാണ് നിഗമനം. അതേസമയം കൊതുകുകള്‍ പെറ്റുപെരുകും. അതായത്, ഭൂമിയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ 27% പേര്‍ക്കു കൂടി കൊതുകുജന്യ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നു സാരം.

ഇതെല്ലാം ആഗോള താപനില രണ്ടു ഡിഗ്രിയില്‍ എത്തുമ്പോഴുണ്ടാകുന്ന സാഹചര്യമാണ്. ഇത് താഴേക്കു കൊണ്ടുവരാനാണ് പാരിസ് ഉടമ്പടിയടക്കമുള്ളവ ലക്ഷ്യമിട്ടത്. എന്നാല്‍ ആഗോളതാപനില ഇതിനേക്കാള്‍ ഉയര്‍ന്ന് മൂന്നോ നാലോ ഡിഗ്രി കവിഞ്ഞാല്‍ ഭൂമി ജനവാസയോഗ്യമല്ലാതായിത്തീരുമെന്നോര്‍ക്കണം.

ഇതെല്ലാം പതിറ്റാണ്ടുകളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ്. ഇതിനെ ചെറുക്കാന്‍ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുക, വനവല്‍ക്കരണം, കാര്‍ബണ്‍ സിങ്കുകളുടെ നിര്‍മാണം തുടങ്ങിയവ ശക്തമാക്കുകയണ്. ഇതിനായി പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയോ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ പറയുന്നതു പോലെ സമൂഹത്തിന്റെ എല്ലാ വശങ്ങളിലും സമഗ്രവും അഭൂതപൂര്‍വവുമായ മാറ്റം കൊണ്ടുവരുകയോ വേണം. സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ഇത് നടപ്പാക്കാം.

Comments

comments

Categories: Health