ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ഇന്ത്യയില്‍

ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ഇന്ത്യയില്‍

ഇന്ത്യ എക്‌സ് ഷോറൂം വില 15.40 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഓള്‍ ന്യൂ ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.40 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ദീര്‍ഘദൂര ടൂറിംഗ് എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിള്‍ അനാവരണം ചെയ്തത്. പൂര്‍ണ്ണമായി നിര്‍മ്മിച്ചശേഷം മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. തല്‍ക്കാലം ‘സ്‌റ്റൈല്‍ റാലി’ പാക്കേജില്‍ മാത്രമായിരിക്കും ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ അറിയിച്ചു.

ക്ലാസിക് അഡ്വഞ്ചര്‍ ടൂറര്‍ ലുക്കിലാണ് ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ വരുന്നത്. ബിഎംഡബ്ല്യു ജിഎസ് മോഡലുകളുടെ പ്രത്യേകതകളായ സവിശേഷ എല്‍ഇഡി ഹെഡ്‌ലാംപ്, വിന്‍ഡ്ഷീല്‍ഡ്, ചെറിയ ബീക്ക്, മുകളിലേക്കായി ചെരിച്ചുനല്‍കിയ എക്‌സ്‌ഹോസ്റ്റ്, സ്വര്‍ണ നിറം പൂശിയ വീല്‍ റിമ്മുകളും മുന്നിലെ ഫോര്‍ക്ക് ട്യൂബുകളുമെല്ലാം മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നു.

അനലോഗ് ടാക്കോമീറ്റര്‍, മള്‍ട്ടിഫംഗ്ഷണല്‍ ഡിസ്‌പ്ലേ, നിരവധി കണ്‍ട്രോള്‍ ലാംപുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം 6.5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ വേണമെങ്കില്‍ ഓപ്ഷണലായി ലഭിക്കും. ബിഎംഡബ്ല്യു മോട്ടോറാഡ് മള്‍ട്ടി കണ്‍ട്രോളര്‍ വഴി കണക്റ്റിവിറ്റി ഫംഗ്ഷനുകള്‍ ലഭിക്കും. കൂടാതെ ഫോണ്‍ കോള്‍ ചെയ്യാം, സംഗീതം ആസ്വദിക്കാം. ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റഡ് ആപ്പ് ഉപയോഗിച്ചാല്‍ ടിഎഫ്ടി ഡിസ്‌പ്ലേയില്‍ നാവിഗേഷന്‍ ലഭിക്കും.

ബിഎംഡബ്ല്യു എഫ് 850 ജിഎസ് എന്ന സ്റ്റാന്‍ഡേഡ് മോഡല്‍ ഉപയോഗിക്കുന്ന അതേ 853 സിസി, ഇന്‍ ലൈന്‍ പാരലല്‍ ട്വിന്‍ എന്‍ജിനാണ് എഫ് 850 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. എന്നാല്‍ 5 ബിഎച്ച്പി അധികം ഉല്‍പ്പാദിപ്പിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇപ്പോള്‍ 8,250 ആര്‍പിഎമ്മില്‍ 94 ബിഎച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. ടോര്‍ക്കില്‍ മാറ്റമില്ല. 6,250 ആര്‍പിഎമ്മില്‍ 86 എന്‍എം. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. മണിക്കൂറില്‍ 197 കിലോമീറ്ററാണ് ടോപ് സ്പീഡ്.

എന്‍ഡ്യൂറോ മോട്ടോര്‍സൈക്കിള്‍ എന്നതു പരിഗണിച്ച് വേണ്ടുന്നതെല്ലാം ബിഎംഡബ്ല്യു മോട്ടോറാഡ് നല്‍കിയിട്ടുണ്ട്. ക്രോസ് സ്‌പോക്ക് വീലുകള്‍ (മുന്നില്‍ 21 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച്), ലോംഗ് ട്രാവല്‍ ചെയ്യുന്ന യുഎസ്ഡി ഫോര്‍ക്കുകള്‍, അഡ്ജസ്റ്റബിള്‍ പ്രീ ലോഡ് & റീബൗണ്ട് സഹിതം റിയര്‍ മോണോഷോക്ക് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 23 ലിറ്ററാണ് ബിഎംഡബ്ല്യു എഫ് 850 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിലെ ഇന്ധന ടാങ്കിന്റെ ശേഷി. സീറ്റിന്റെ ഉയരം 875 മില്ലി മീറ്റര്‍. എഫ് 850 ജിഎസ് ബൈക്കിനേക്കാള്‍ 15 എംഎം കൂടുതല്‍.

റൈഡറെ സഹായിക്കുന്ന ഫീച്ചറുകള്‍ ബൈക്കില്‍ നിരവധിയാണ്. ഏറ്റവും മികച്ച ട്രാക്ഷന്‍ സമ്മാനിക്കുന്ന ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (എഎസ്‌സി) കൂടാതെ റെയ്ന്‍, റോഡ് എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. ഡൈനാമിക്, എന്‍ഡ്യൂറോ എന്നീ രണ്ട് റൈഡിംഗ് മോഡുകള്‍ ഓപ്ഷണലായും ലഭിക്കും. ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍ (ഡിടിസി), എബിഎസ് പ്രോ എന്നിവയും റൈഡര്‍ അസിസ്റ്റന്‍സ് ഫീച്ചറുകളാണ്.

Comments

comments

Categories: Auto
Tags: BMW F850 GS