കൂടുതല്‍ ബാങ്കുകള്‍ ലയിക്കുമ്പോള്‍

കൂടുതല്‍ ബാങ്കുകള്‍ ലയിക്കുമ്പോള്‍

ചെറുകിട, ഇടത്തരം പൊതുമേഖല ബാങ്കുകളെ പ്രത്യേകമായി ലയിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ലയനത്തോടൊപ്പം തന്നെ പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനരീതിയിലും മാറ്റമുണ്ടായാല്‍ മാത്രമേ ഗുണം ലഭിക്കൂ

വീണ്ടും ബാങ്ക് ലയനങ്ങളുടെ ചര്‍ച്ചകള്‍ സജീവമാവുകയാണ്. ചെറുകിട, ഇടത്തരം പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് താരതമ്യേന വലുപ്പം കൂടിയ വളരെ കുറച്ച് ബാങ്കുകള്‍ മാത്രം നിലനിര്‍ത്തുകയെന്ന നയത്തിലധിഷ്ഠിതമായാണ് സര്‍ക്കാര്‍ നീക്കങ്ങളെന്ന് വേണം കരുതാന്‍. ഇതാണ് നയമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ചതുമാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കുമായും കാനറ ബാങ്കുമായും ചില ചെറുകിട, ഇടത്തരം ബാങ്കുകളെ ലയിപ്പിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യുകോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം തന്നെ ലയനത്തിന് വിധേയമാകുമെന്നാണ് വിവരം. പിഎന്‍ബിക്കും കാനറ ബാങ്കിനും കീഴില്‍ പ്രത്യേക പദ്ധതികളായിട്ടായിരിക്കും ലയനപ്രക്രിയയെന്ന് വേണം കരുതാന്‍.

ബാങ്ക് ഓഫ് ബറോഡയും ദേന ബാങ്കും വിജയ ബാങ്കും തമ്മിലുള്ള നയനപ്രക്രിയ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ലയനപ്രക്രിയയിലെ അടുത്ത ഘട്ടം അടുത്ത വര്‍ഷം തുടങ്ങാനേ സാധ്യതയുള്ളൂ. മൊത്തതിലുള്ള പൊതുമേഖല ബാങ്കുകളുടെ എണ്ണം 21ല്‍ നിന്ന് ആറ് ആക്കി മാറ്റാനുള്ള ശ്രമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിവരുന്നത്.

ബാങ്കുകളുടെ ഏകീകരണം ഒരു പരിധിവരെ മികച്ച പരിഷ്‌കരണം തന്നെയാണെങ്കിലും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ലയനംകൊണ്ട് മാത്രം പ്രയോജനമുണ്ടാകണമെന്നില്ല. പൊതുമേഖല ബാങ്കുകളുടെ മൊത്തം പ്രവര്‍ത്തനശൈലിയില്‍ മാറ്റം കൊണ്ടുവരണം. മാത്രമല്ല, ഏകീകരിച്ച ബാങ്കുകളുടെ എണ്ണം ആറില്‍ താഴെയാകരുത് ഒരിക്കലും. ഉപഭോക്താക്കള്‍ക്ക് വേണ്ടത്ര ഓപ്ഷന്‍സ് പൊതുമേഖല ബാങ്കുകളുടെ കാര്യത്തിലാണെങ്കിലും ലഭ്യമാകണം. മറ്റൊരു കാര്യം സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനെ ബാങ്ക് ലയനം ബാധിക്കരുത് എന്നതാണ്. വിപണിയില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമെന്നത് ജനാധിപത്യ ശൈലിയുമല്ല.

പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്തുക, ബാധ്യതകള്‍ കുറയ്ക്കുക, കിട്ടാക്കടത്തില്‍ നിന്ന് രക്ഷ നേടുക തുടങ്ങി നിരവധി കാര്യങ്ങളാണ് ലയനത്തിലൂടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ഇതെല്ലാം കാര്യക്ഷമമായി നടപ്പാകുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും അനിവാര്യമാണ്.

പൊതുമേഖല ബാങ്കുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 52 ശതമാനമാക്കി സാവധാനം കുറയ്ക്കണമെന്ന് ധനകാര്യമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. ബാങ്കുകളെ ലയിപ്പിക്കുന്ന നടപടികള്‍ കൈക്കൊള്ളുമ്പോള്‍ തന്നെ ഇതും പരിഗണിക്കാവുന്നതാണ്. സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള ബാങ്കുകള്‍ സ്വകാര്യ പങ്കാളിത്തത്തോട് കൂടി സ്വതന്ത്രമായി മികച്ച രീതിയില്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങളും പരിശോധിക്കപ്പെടണം.

Categories: Editorial, Slider
Tags: Bank Merger